ഹൈദരാബാദ്: വൈ. രാജശേഖരറെഡ്ഡിയുടെ മകളും ആന്ധ്രമുഖ്യമന്ത്രി ജഗന്റെ സഹോദരിയുമായ ശര്‍മ്മിള തെലുങ്കാനയില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന് വെല്ലുവിളിയുയര്‍ത്തിയാണ് ശര്‍മ്മിള വൈഎസ്ആര്‍ തെലുങ്കാന പാര്‍ട്ടി രൂപീകരിച്ചത്. തെലുങ്കാന മുഖ്യമന്ത്രിപദമാണ് ശര്‍മ്മിളയുടെ ലക്ഷ്യം.
തെലുങ്കാനയില്‍ രാജണ്ണ രാജ്യം (രാജശേഖര റെഡ്ഡിയുടെ ഭരണം) കൊണ്ടുവരുമെന്ന അവകാശവാദത്തോടെയാണ് ശര്‍മ്മിള രാഷ്ട്രീയത്തിലേക്ക് ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്. നേരത്തെ മകന് ജഗന്മോഹന് റെഡ്ഡിക്കൊപ്പമുണ്ടായിരുന്ന വിജയലക്ഷ്മി ഇപ്പോള്‍ മകള്‍ക്കൊപ്പമാണ്. കഡപ്പയിലെ വൈ. രാജശേഖരറെഡ്ഡിയുടെ സ്മൃതിമണ്ഡപത്തില്‍ പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് ശര്‍മ്മിളയും വിജയലക്ഷ്മിയും പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.
എന്നാല്‍ ശര്‍മ്മിളയുടെ വരവ് ബിജെപിയ്ക്ക് തെലുങ്കാനയില്‍ ഗുണം ചെയ്യുമെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസിന്റെയും തെലുങ്കാന രാഷ്ട്രസമിതിയുടെയും വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ശര്‍മ്മിളയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ റെഡ്ഡി വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ശര്‍മ്മിളയ്ക്ക് സാധിക്കും.
തെലുങ്കാന രാഷ്ട്രസമിതിക്ക് ലഭിച്ച ക്രിസ്ത്യന്‍-മുസ്ലിം വോട്ട് ചോര്‍ത്താന്‍ ശര്‍മ്മിളയ്ക്ക് സാധിക്കുമെന്നും പറയപ്പെടുന്നു. ഇത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഡിസംബറിലെ ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 150ല്‍ 48 വാര്‍ഡുകള്‍ നേടിയ ബിജെപി തെലുങ്കാന പിടിക്കാന്‍ പുതിയ കരുനീക്കങ്ങളുമായി മുന്നേറുന്നതിനിടയിലാണ് ശര്‍മ്മിളയുടെ വരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: