ആലപ്പുഴ: ഛര്‍ദിയും വയറിളക്കരോഗങ്ങളും ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് പടരുന്നു. ആരോഗ്യവകുപ്പ് കൂടുതല്‍ പ്രതിസന്ധിയില്‍. ആലപ്പുഴ നഗരത്തിലെ വിവിധ വാര്‍ഡുകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന വയറിളക്കരോഗങ്ങള്‍ പഞ്ചായത്ത് തലങ്ങളിലേയ്ക്കും പടര്‍ന്നിരിക്കുകയാണ്. നെടുമുടി, പൊങ്ങ, കൈനകരി എന്നിവിടങ്ങളില്‍ രോഗം ബാധിച്ച് നിരവധിപ്പേരാണ് ചികിത്സതേടിയത്. പൊങ്ങയില്‍ നിന്ന് നാലുപേര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തി. ഇന്നലെ 34 പേരാണ് ഛര്‍ദിയും വയറിളക്കവുവുമായി ചികിത്സയ്ക്കെത്തിയത്. ഇതില്‍ ഏഴു കുട്ടികളുണ്ട്.
നഗരത്തിന് പുറത്തേയ്ക്ക് രോഗം പടര്‍ന്ന പിടിച്ചതില്‍ നിന്നും കുടിവെള്ളത്തില്‍ നിന്നും മാത്രമല്ല രോഗമുണ്ടായതെന്ന് വ്യക്തമാകുന്നത്. അധികൃതര്‍ പരിശോധനയ്ക്കയച്ച സാംപിളുകളില്‍ പൊതു സ്വഭാവം കണ്ടെത്താനാകാത്തതാണ് ആരോഗ്യവകുപ്പിനെ കുഴപ്പിക്കുന്നത്. ഒരാളുടെ മലത്തിന്റെ പരിശോധനാഫലത്തില്‍ മാത്രം സാല്‍മണൊല്ല ബാക്ടീരിയ കണ്ടെത്തിയിരുന്നു. ഇത് ഛര്‍ദിയും വയറിളക്കവും ഉണ്ടാക്കുന്ന വിഭാഗത്തിലുള്ളതാണ്. കുടിവെള്ളത്തിലെ പ്രശ്നങ്ങള്‍ പറയുന്നതല്ലാതെ രോഗകാരണം അതാണെന്ന് ഉറപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പല സാംപിളുകളിലും പല ഫലങ്ങളാണ് ലഭിക്കുന്നത്.
ഇതിനിടെ നഗരത്തിലെ സാഹചര്യം വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ സംസ്ഥാന നിരീക്ഷക സംഘമെത്തി. ഇവരുടെ നേതൃത്വത്തില്‍ രോഗകാരണം കണ്ടെത്തുന്നതിനായി രോഗബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ച് സാംപിള്‍ ശേഖരിച്ചു. നഗരസഭ ആരോഗ്യവിഭാഗം, സര്‍ക്കാര്‍ ആശുപത്രി, ഭക്ഷ്യ സുരക്ഷവിഭാഗം, ജല അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന. ഇതിന്റെ ഭാഗമായി ചുങ്കം, പള്ളാത്തുരുത്തി മേഖലയിലെ സ്വകാര്യ ആര്.ഒ പ്ലാന്റുകളില്‍ പരിശോധന നടത്തി. രോഗം വ്യാപകമായ മേഖലകളിലെ വീടുകളിലും സംശയമുള്ള പ്രദേശങ്ങളിലെ കുടിവെള്ള പൈപ്പ് ലൈനിലെ ജലത്തിന്റെ സാമ്പിളും ശേഖരിച്ചു.വീടുകളില്‍ ഉപയോഗിക്കുന്ന ജലത്തിന്റെയും ജലഅതോറിറ്റി, ആര്.ഒ പ്ലാന്റുകള്‍ എന്നിവിടങ്ങളിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. നഗരസഭ പരിധിയില്‍ 64ലധികം സ്വകാര്യ ആര്‍ഒ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്. പരിശോധനയില്‍ നിബന്ധന പാലിക്കാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകള്‍ അടച്ചുപൂട്ടാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: