തൊടുപുഴ: ഇടുക്കിയുടെ ജനകീയ കളക്ടര്‍ എന്ന ഖ്യാതിനേടിയ എച്ച്. ദിനേശന് പടിയിറങ്ങുന്നു. രണ്ടര വര്‍ഷത്തോളം നീണ്ട സേവനകാലയളവിനുള്ളില്‍ സാധാരണക്കാരുടെ നിരവധിയായ പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാന്‍ അദ്ദേഹത്തിനായി. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആവിയില്‍ വീട്ടില്‍ എച്ച്. ദിനേശന് പഞ്ചായത്ത് ഡയറക്ടാറായാണ് മാറ്റം ലഭിച്ചിരിക്കുന്നത്.
എപ്പോഴും ഒരു വിരള് തുമ്പിലുണ്ടായിരുന്ന കളക്ടര്‍ ജനങ്ങളുടെ മനസിലും അത്രയേറെ ഇടനേടിയ ശേഷമാണ് ഇടുക്കിയോട് വിടപറയാനൊരുങ്ങുന്നത്. 2019 ഫെബ്രുവരി 18 നാണ് പഞ്ചായത്ത് ഡയറക്ടറായി സേവനമനുഷ്ടിച്ച ശേഷം ഇടുക്കി ജില്ലയുടെ 39-ാമത്തെ കളക്ടറായി നിയമിതനാകുന്നത്.
ആര്‍ക്കും സമീപിക്കാവുന്ന വ്യക്തിത്വമായിരുന്നു ഇദ്ദേഹത്തിന്റേത്. വിവാദങ്ങള്‍ക്കിട നല്‍കാതെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി പ്രവര്‍ത്തിച്ചതോടെ സാധാരണക്കാരുടെ മനസില്പോലും ഇദ്ദേഹം ഇടംനേടി. ആരോടും ദേഷ്യപ്പെടില്ലെങ്കിലും കാര്യങ്ങള്‍ കര്‍ക്കശ ബുദ്ധിയോടെ നടത്തിയെടുക്കുന്ന ഇദ്ദേഹത്തെ പറ്റി ജീവനക്കാര്‍ക്കും മറ്റൊരു അഭിപ്രായമില്ല. എല്ലാവര്ക്കും പ്രിയപ്പെട്ടവനായി വളരെ പെട്ടെന്നുള്ള വളര്‍ച്ച.
ആയിരക്കണക്കിന് പട്ടയവിതരണം, ഭൂപ്രശ്നങ്ങള്‍, മഹാപ്രളയത്തെ തുടര്‍ന്നുള്ള പുനരധിവാസം, പെട്ടിമുടി ദുരന്ത-പുനരധിവാസപ്രവര്‍ത്തനങ്ങള്‍ തുടങ്ങി സങ്കീര്‍ണമായ നിരവധി പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ ഒരുപരിധി വരെയെങ്കിലും അദ്ദേഹത്തിനായി. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ആദ്യ ഘട്ടത്തിലടക്കം കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ഇടുക്കി ജില്ലയില്‍ ഒരുപരിധിവരെ പ്രതിരോധം തീര്‍ക്കാനായത് ജില്ലാഭരണകൂടത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ്. ആദ്യഘട്ടത്തില്‍ ഏഴ് മാസത്തോളം അദ്ദേഹം സ്വന്തം കുടുംബത്തെ പോലും ഒരു നോക്ക് കാണാനാകാതെ ജില്ലയ്ക്കായി ജോലി നോക്കി. വിഷു അവധിക്കായി വീട്ടില്‍ പോയെങ്കിലും രണ്ടാം ഘട്ടത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഉച്ചയ്ക്ക് ഊണ് പോലും കഴിക്കാനാകാതെ മടങ്ങേണ്ടി വന്നു.
ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നടന്ന ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ പരാതിക്കിടയില്ലാതെ നടത്താനായി. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വേഗത്തില്‍ പ്രഖ്യാപിച്ച രാജ്യത്തെ രണ്ടാമത്തെ ജില്ലയായി മാറാനും ഇടുക്കിക്ക് കഴിഞ്ഞത് ഭരണരംഗത്തെ ഇദ്ദേഹത്തിന്റെ മികവുകൊണ്ടാണ്. നൂറുകണക്കിനു മലയോര കര്‍ഷകര്‍ക്ക് പട്ടയം യാഥാര്‍ഥ്യമാക്കിയതോടെ ഇദ്ദേഹം കര്‍ഷകരുടെ മിത്രമായി.
കൈയേറ്റക്കാരില്‍ നിന്നു നൂറുകണക്കിന് ഏക്കര്‍ സ്ഥലം തിരിച്ചുപിടിക്കാന്‍ ഇദ്ദേഹത്തിന്റെ കാലത്ത് റവന്യൂവകുപ്പിന് സാധിച്ചത് മറ്റൊരു നേട്ടമാണ്. പെട്ടിമുടി ദുരന്തവേളയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലും ദുരിതബാധിതര്‍ക്ക് സാന്ത്വനമേകുന്നതിലും കളക്ടര്‍ കാണിച്ച നിഷ്കര്‍ഷ എടുത്തുപറയത്തക്കതാണ്. പെട്ടിമുടി ദുരിതാശ്വാസ പാക്കേജ് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് റിക്കാര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കഴിഞ്ഞത് മറക്കാനാവില്ല.
തന്റെ ഓഫീസില്‍ എത്തുന്ന ഫയല്‍ അതാതു ദിവസം തീര്പ്പുകല്പ്പിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൊവിഡ് കാലയളവില്‍ അവധി ദിവസങ്ങളിലും ഓഫീസിലെത്തി ജോലി സമയം കഴിഞ്ഞും തന്റെ കര്‍ത്തവ്യം നിറവേറ്റാന്‍ കാണിച്ച ശ്രദ്ധ മാതൃകാപരമായി. രാത്രി ഏറെ വൈകിയും ജോലിയില്‍ തുടരുന്ന പതിവ് അദ്ദേഹത്തുണ്ടായിരുന്നു. ഒപ്പം ആര് വിളിച്ചാലും ഫോണ്‍ എടുക്കുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ജന്മഭൂമി നല്കിയ നിരവധി വാര്‍ത്തകള്‍ക്കാണ് ഇദ്ദേഹം സമയോജിതമായി നടപടി എടുത്തത്.
കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ എഡിഎം, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടര്‍, പോര്‍ട്ട് ഡിപ്പാര്‍മെന്റ് ഡയറക്ടര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാര്യ: സജിത എം. (ആയുര്‍വേദ വിഭാഗം ജീവനക്കാരി), അക്ഷയ് (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി), അഭയ്(മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: