ദുബായ്: ഒരു ചരക്ക് കപ്പലില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് ദുബായിലെ ജെബെല്‍ അലി പോര്‍ട്ടില്‍ വന്‍തീപ്പിടിത്തമുണ്ടായി. ദുബായ് നഗരത്തിലേക്ക് കൂടി ഈ തീപ്പിടത്തത്തിന്റെ അലകള്‍ അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.
ആള്നാശമുള്ളതായോ ആര്‍ക്കെങ്കിലും പരിക്കുപറ്റിയതായോ റിപ്പോര്‍ട്ടില്ല. കുറച്ചുനേരത്തിനകം അഗ്നി ശമന സേന തീ കെടുത്തിയതായും ദുബായ് അധികൃതര്‍ അറിയിച്ചു. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കൊമൊറോസ് ഐലന്റിന്റെ ചരക്ക് കപ്പലില്‍ ആണ് പൊട്ടിത്തെറി ഉണ്ടായത്. ശുചീകരണ ഉല്പന്നങ്ങളായിരുന്നു ഈ കപ്പലില്‍ ഉണ്ടായിരുന്നതെന്ന് ദുബായുടെ സിവില്‍ ഡിഫന്‍സ് ചീഫ് റാഷിദ് അല്‍ മത്രൂഷ് പറഞ്ഞു.
ഫയല്ഫോഴ്സുകാര് തുറമുഖത്ത് തീയണയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദുബായ് മീഡിയ ഓഫീസ് പോസ്റ്റ് ചെയ്തിരുന്നു. കരിപിടിച്ച അവശിഷ്ടങ്ങളില്‍ നിന്നും പുക ആകാശത്തേക്ക് ഉയരുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ദുബായ് നഗരത്തിലുള്ള ചില ഓഫീസുകളില്‍ വരെ സ്ഫോടനത്തിന്റെ പ്രത്യാഘാതം അനുഭവപ്പെട്ടു. തുറമുഖത്ത് നിന്നും 15 കിലോമീറ്റര്‍ അകലെ വരെ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളില്‍ ഉലച്ചില്‍ അനുഭവപ്പെട്ടതായും പറയുന്നു. തുറമുഖത്ത് നിന്നും ഒരു വലിയ തീഗോളം ഉയരുന്നതായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചില വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ തുറമുഖമാണ് ജെബെല്‍ അലി. ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഏറ്റവും വലിയ തുറമുഖമാണിത്. ഗതാഗതത്തിന് തടസ്സമുണ്ടാക്കാത്ത രീതിയില്‍ കപ്പലുകള്‍ സാധാരണരീതിയില്‍ ചലിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് തുറമുഖ അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: