ലണ്ടന്‍: ഒന്നാം സീഡ് ആഷ്‌ലി ബാര്‍ട്ടി വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സിന്റെ ഫൈനലില്‍ കടന്നു. ലോക ഒന്നാം നമ്പറായ ബാര്‍ട്ടി സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് മുന്‍ ലോക ഒന്നാം നമ്പറായ ഏയ്ഞ്ചലിക് കെര്‍ബറെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-3, 7-5.
ഓസ്‌ട്രേലിയന്‍ താരമായ ബാര്‍ട്ടി ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ കെര്‍ബര്‍ ശക്തമായി വെല്ലുവളി ഉയര്‍ത്തി. ഒടുവില്‍ 7-6 ന് സെറ്റ് നേടി ബാര്‍ട്ടി ഫൈനലില്‍ കടന്നു. കരോളിന പ്ലിസ്‌കോവ- സബലങ്ക സെമിയിലെ വിജയിയെയാണ് ബാര്‍ട്ടി ഫൈനലില്‍ നേരിടുക.
പുരുഷ വിഭാഗം സെമിഫൈനലുകള്‍ ഇന്ന് നടക്കും. ആദ്യ സെമിയില്‍ ഏഴാം സീഡ് മത്തേവു ബെറേറ്റിനിയും പതിനാലാം സീഡായ ഹ്യുബര്‍ട്ട് ഹര്‍കാസും ഏറ്റുമുട്ടും.
രണ്ടാം സെമിയില്‍ ലോക ഒന്നാം നമ്പറായ നൊവാക് ദ്യോക്കോവിച്ച് പത്താം സീഡായ ഡെനിന് ഷാപോലോവിനെ എതിരിടും.
ഇറ്റാലിയന്‍ താരമായ ബെറേറ്റിനി പതിനാറാം സീഡായ ഫെലിക്‌സ് അഗുറിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്. സ്‌കോര്‍: 6-3, 5-7, 7-5, 6-3.
എട്ട് തവണ വിംബിള്‍ഡണ്‍ കിരീടം നേടിയ റോജര്‍ ഫെഡററെ അട്ടിമറിച്ചാണ് ഹ്യൂബര്‍ട്ട് സെമിയില്‍ കടന്നത്. സ്‌കോര്‍: 6-3, 7-5, 6-0.
നൊവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍ മാര്‍ട്ടണ്‍ ഫുക്‌സോവിക്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 6-3, 6-4, 6-4. കരേന്‍ ഖചനോവയെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ തകര്‍ത്താണ് ഡെനിസ് ഷാപോലോവ് സെമില്‍ കട്ന്നത്. സ്‌കോര്‍: 6-4, 3-6,5-7, 6-1, 6-4.
















