ശ്ലോകം 349
ഏതത് ത്രിതയം ദൃഷ്ടം സമ്യഗ്
രജ്ജൂസ്വരൂപവിജ്ഞാനാത്
തസ്മാദ് വസ്തു സതത്ത്വം
ജ്ഞാതവ്യംബന്ധമുക്തയേ വിദുഷാ
കയറിന്റെ യഥാര്‍ത്ഥ സ്വരൂപം അറിയുമ്പോള്‍ അതില്‍ ഈ മൂന്നും കാണാം. അതിനാല്‍ അറിവുള്ളവര്‍ ബന്ധമുക്തിയ്‌ക്കായി വസ്തുവിന്റെ യഥാര്‍ത്ഥ സ്വരൂപത്തെ അറിയേണ്ടതാണ്.
കയര്‍ കണ്ടിട്ട് പാമ്പാണെന്ന് തെറ്റിദ്ധരിക്കുന്ന രജ്ജു- സര്‍പ്പ ഭ്രാന്തിയില്‍ മൂന്ന് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു.
1. കയറിനെ അറിയായ്ക ആവരണം .
2. അവിടെ പാമ്പിനെ ആരോപിക്കുക വിക്ഷേപം
3. പാമ്പില്‍ നിന്നുള്ള ഭയം
കയറിനെ പാമ്പെന്ന് തെറ്റിദ്ധരിക്കുന്നിടത്ത് ഇത് മൂന്നും ഉണ്ടാകും. കയറിനെ കയറായിത്തന്നെ കണ്ടിരുന്നുവെങ്കില്‍ ഒരു കുഴപ്പവുമുണ്ടാകുമായിരുന്നില്ല. കയറിനെ അറിഞ്ഞാല്‍ ആവരണം വിക്ഷേപവും സര്‍പ്പ ഭ്രാന്തിയുമൊക്കെ നശിക്കും. അതുമൂലം അതുവരെ പേടിച്ച് വിറച്ചത് അവസാനിക്കും.
എന്നാല്‍ കയറിനെ പാമ്പെന്ന് തെറ്റിദ്ധരിക്കുമ്പോള്‍ പാമ്പില്‍ നിന്ന് ഭയമുണ്ടാകുന്നു. അതിനാല്‍ ആത്മസാക്ഷാത്കാര സിദ്ധിക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന സാധകന്‍ അജ്ഞാനവും മിഥ്യാജ്ഞാനവും നശിപ്പിക്കണം. ഒപ്പം തന്നെ ശരീര മനോബുദ്ധികളിലെ തന്മയീഭാവവും അതില്‍ നിന്നുള്ള ദുഃഖങ്ങളും അകറ്റാന്‍ കഴിയണം. അതിന് പരമാത്മതത്ത്വം അനുഭവ രൂപത്തില്‍ അറിയുക തന്നെ വേണം.
കയറിന്റെ യഥാര്‍ത്ഥ സ്വരൂപം അറിഞ്ഞാല്‍ പിന്നെ സര്‍പ്പത്തെ ഭയക്കേണ്ട എന്നതുപോലെ ആത്മ വസ്തുവിനെ വേണ്ട പോലെ വേണ്ട വിധം അറിഞ്ഞാല്‍ പിന്നെ സകല ബന്ധനങ്ങളും ഇല്ലാതാകും. വസ്തുവിന്റെ യഥാര്‍ത്ഥ സ്വരൂപമറിഞ്ഞാല്‍ ആവണ വിക്ഷേപങ്ങള്‍ ഇല്ലാതാവും ബന്ധനവും തീരും.
ശ്ലോകം 350
അയോളഗ്നിയോഗാദിവ സത്സമന്വയാത്
മാത്രാദി രൂപേണ വിജൃംഭതേ ധീഃ
തത്കാര്യമേതദ് ദ്വിതയം യതോ മൃഷാ
ദൃഷ്ടം ഭ്രമ സ്വപ്‌നമനോരഥേഷു
ശ്ലോകം 351
തതോ വികാരാഃ പ്രകൃതേരഹം മുഖാ
ദേഹാവസാനാ വിഷയാശ്ച സര്‍വ്വേ
ക്ഷണേളന്യഥാഭാവിതയാഹ്യമീഷാ
അസത്ത്വമാത്മാ തു കദാപി നാന്യഥാ
തീയുമായുള്ള ചേരല്‍ കാരണം ഇരുമ്പ് തീക്കട്ടയെന്ന് തോന്നുന്നതു പോലെ ബ്രഹ്മസംബന്ധം കൊണ്ട് ബുദ്ധിജ്ഞാതൃജ്ഞേയ രൂപത്തില്‍ പ്രകടമാകുന്നു. ബുദ്ധി കാര്യങ്ങളായ ഇവ രണ്ടും ഭ്രമം, സ്വപ്‌നം, മനോരാജ്യം എന്നിവ പോലെ മിഥ്യയാണ്.
അതുപോലെ പ്രകൃതിയുടെ വികാരങ്ങളും അഹങ്കാരം മുതല്‍ സ്ഥൂല ദേഹം വരെയുള്ള വികാരങ്ങളും ശബ്ദം മുതലായ എല്ലാ വിഷയങ്ങളും മിഥ്യ തന്നെയാണ്. ക്ഷണം തോറും മാറ്റത്തിന് വിധേയമാണ് അവ. അതിനാലാണ് മിഥ്യയെന്ന് പറയുന്നത്. എന്നാല്‍ ആത്മാവ് ഒരിക്കലും മാറുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: