ന്യൂദല്‍ഹി: കേന്ദ്രമന്ത്രി മാറിയതുകൊണ്ട് ട്വിറ്ററിനോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി പുതിയ ഐടി മന്ത്രി അശ്വിനി വൈഷ്ണോ. അദ്ദേഹത്തിന്റെ ആദ്യ സന്ദേശം തന്നെ ട്വിറ്ററിനുള്ള താക്കീതാണ്: ‘നാട്ടിലെ നിയമം പരമോന്നതം’. മന്ത്രിയായി സ്ഥാനമേറ്റ ശേഷം ട്വിറ്ററിനോടുള്ള മന്ത്രിയുടെ ആദ്യപ്രതികരണമായിരുന്നു ഇത്.
ഭാരതം രൂപവല്‍ക്കരിച്ച പുതിയ ഐടി ചട്ടം പാലിക്കാന്‍ വിസമ്മതിക്കുന്ന ട്വിറ്ററിനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച് മുന്നേറുന്നതിനിടയിലാണ് ഐടി-നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദിന് കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്. എന്നാല്‍ രവിശങ്കര്‍ പ്രസാദ് നിര്ത്തിവെച്ചിടത്തുനിന്നും യുദ്ധം തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തിമാക്കുകയായിരുന്നു പുതിയ ഐടി മന്ത്രിയായി സ്ഥാനമേറ്റ അശ്വിനി വൈഷ്ണോ ‘നാട്ടിലെ നിയമമാണ് പരമോന്നതം’ എന്ന ചെറിയ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. നാട്ടിലെ നിയമം പിന്തുടരാനും അദ്ദേഹം ട്വിറ്ററിനോട് ആവശ്യപ്പെട്ടു.
മൂന്നാമതൊരാളുടെ ഉള്ളടക്കം പ്രസിദ്ധീകരിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ ഒരു പങ്ക് ട്വിറ്ററിനും ഉണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ഉപയോക്താവ് ഉണ്ടാക്കിയ ഉള്ളടക്കം മറ്റുള്ളവരിലേക്ക് എത്തിക്കുക മാത്രമാണ് തങ്ങളുടെ ദൗത്യം എന്ന് പറഞ്ഞ് ട്വിറ്ററിന് കൈകഴുകാന്‍ കഴിയില്ലെന്നാണ് കേന്ദ്രം വാദിക്കുന്നത്. അതുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ ഒരു മുസ്ലിം വൃദ്ധന്റെ വീഡിയോ ‘ജയ് ഹിന്ദ്’ വിളിക്കാത്തതിന്റെ പേരില്‍ ഹിന്ദു യുവാക്കള്‍ മര്‍ദ്ദിക്കുന്നു എന്ന തലക്കെട്ടില്‍ വ്യാജവാര്‍ത്തയായി പ്രചരിച്ചപ്പോള്‍ ട്വിറ്ററിന്റെ ഇന്ത്യാ മേധാവി മനീഷ് മഹേശ്വരിയോട് ഉത്തര്‍പ്രദേശിലെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
ഐടി ചട്ടം അനുശാസിക്കുന്നതനുസരിച്ച് സമൂഹമാധ്യമങ്ങള്‍ ഇന്ത്യക്കാരനായ ഒരു പരാതി പരിഹാര ഓഫീസറെ നിയമിക്കേണ്ടതുണ്ട്. വ്യാഴാഴ്ച ദല്‍ഹി ഹൈക്കോടതിയില്‍ ട്വിറ്റര്‍ പറഞ്ഞത് എട്ടാഴ്ചയ്ക്കുള്ളില്‍ പരാതി പരിഹാര ഓഫീസറെ നിയമിക്കാമെന്നാണ്. ഐടി ചട്ടം പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ അന്തിമ തീയതിയും കഴിഞ്ഞ് ആഴ്ചകളായിട്ടും ട്വിറ്റര്‍ ഇതുവരെയും വാക്ക് പാലിച്ചിട്ടില്ല. ചട്ടപ്രകാരം നിയമിക്കേണ്ട ചീഫ് കംപ്ലയന്‍സ് ഓഫീസറെയും രാജ്യത്തെ നിയമപാലക ഏജന്‍സികളുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ മറ്റൊരു ഓഫീസറെയും ട്വിറ്റര്‍ ഇതുവരെയും നിയമിച്ചിട്ടില്ല.
ഐടി മന്ത്രി വൈഷ്ണോയുടെ പ്രതികരണം രവിശങ്കര്‍ പ്രസാദ് നേരത്തെ എടുത്ത നിലപാടിന്റെ അനുരണനമാണ്: ‘നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലാണ്, പണമുണ്ടാക്കുന്നത് ഇന്ത്യയില്‍ നിന്നാണ്…പക്ഷെ അമേരിക്കന്‍ നിയമങ്ങള്‍ മാത്രമേ അനുസരിക്കാന്‍ കഴിയൂ എന്ന നിലപാടെടുത്താല്‍ അത് സ്വീകാര്യമല്ല,’- ഇതായിരുന്നു രവിശങ്കര്‍ പ്രസാദ് ട്വിറ്ററിന് നല്കിയ താക്കീത്. ഇത് തന്നെയാണ് പുതിയ ഐടി മന്ത്രി വൈഷ്ണോയുടെ വാക്കുകളിലും പ്രതിഫലിക്കുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന വൈഷ്ണോ യുഎസിലെ പ്രമുഖ മാനേജ്മെന്റ് കോളെജായ വാര്‍ട്ടനില്‍ നിന്നും കാണ്‍പൂര്‍ ഐഐടിയില്‍ നിന്നും ബിരുദം നേടിയ വ്യക്തിയായതിനാല്‍ ട്വിറ്ററുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുമെന്നാണ് പലരും കരുതിയത്. പക്ഷെ ‘നാടിന്റെ നിയമം പരമോന്നതം’ എന്ന പ്രസ്താവനയിലൂടെ ട്വിറ്ററുമായി വരാനിരിക്കുന്ന യുദ്ധത്തിന്റെ ചെറിയൊരു സൂചന മാത്രമാണ് മന്ത്രി അശ്വിനി വൈഷ്ണോ വ്യാഴാഴ്ച നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: