പ്രകാശാന്ദ സ്വാമിയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടായി. ശിവഗിരി മഠത്തിന്റെ ഭരണം നിയമവിരുദ്ധമായി പിടിച്ചെടുക്കാന്‍ ചില അധാര്മികശക്തികള് ശ്രമിച്ചപ്പോള്‍ അതിനെ ചെറുത്തുനിന്ന സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തിലുള്ള സന്യാസിമാരെ പിന്തുണച്ച പത്രം ജന്മഭൂമിയായിരുന്നു. സ്വാമി ശാശ്വതീകാനന്ദയുടെ നേതൃത്വത്തില്‍ സ്വാധിന ശക്തികളായ സന്യാസിമാരും എസ് എന്‍ ഡി പി യോഗവും കേരള കൗമുദി പത്രവും സംസ്ഥാന സര്‍ക്കാറും എല്ലാം സത്യത്തിന്റെ പക്ഷത്തുനിന്ന പ്രകാശാന്ദസ്വാമിക്ക് എതിരായിരുന്നു. മദനിയുടെ നേതൃത്വത്തില്‍ തീവ്രവാദ സംഘടനകളും ശിവഗിരി കുന്നില്‍ അശാന്തി വിതയക്കാന്‍ തയ്യാറായി.
നിയമപരമായി സ്വാമി പ്രകാശാനന്ദയാണ് മഠത്തിന്റെ അധ്യക്ഷന്‍ എന്ന് കോടതി പറഞ്ഞിട്ടും അധികാരം കൈമാറാന്‍ അതുവരെ ഭരിച്ചവര്‍ തയ്യാറായില്ല. ജന്മഭൂമി സ്ഥിരമായി ഇതു സംബന്ധിച്ച് വാര്‍ത്ത നല്കി. എഡിറ്ററായിരുന്ന കെവിഎസ് ഹരിദാസ് ഒരു ദിവസം ‘നാളെ തന്നെ ശിവഗിരിയില്‍ പോകണം അവിടുത്തെ സ്ഥിതിഗതികള്‍ ഗുരുതരമാണ്.’ എന്നു പറഞ്ഞു. അന്നുതന്നെ കൊച്ചിയില്‍ നിന്ന് രാത്രി 11 മണിക്കുള്ള ഗുരുവായൂര്‍ എക്സ്പ്രസില്‍ കയറി. വെളുപ്പിന് മൂന്നര മണിയോടെ വര്‍ക്കലയിലെത്തി. ശിവഗിരിയിലേക്ക് നടന്നു.
1995 ഒക്ടോബര്‍ 11 ആയിരുന്നു ദിവസം. നേരം വെളുത്തു തുടങ്ങുന്നതേയുള്ളൂ. അസാധാരണ പോലീസ് സന്നാഹം കണ്ട് ആദ്യം സംശയിച്ചു. ശിവഗിരിയിലെ അന്നദാന മണ്ഡപത്തിനടുത്തുള്ള ശിചിമുറിയില്‍ കയറി കുളിയും കഴിഞ്ഞ് ഇറങ്ങുമ്പോള്‍ നേരം വെളുത്തുതുടങ്ങിയിരുന്നു. പെട്ടന്നാണ് സ്വാമി പ്രകാശാനന്ദയുടെ മുറിയുടെ വാതിലിനു നേരെ ചില യുവ സ്വാമിമാര്‍ ചവിട്ടുന്നതും കല്ലെറിയുന്നതും കണ്ടത്.
മുന്‍കൂട്ടി നിുശ്ചയിച്ച തിരക്കഥപോലെ പരിപാവനമായ ശിവഗിരിയുടെ മണ്ണിലേക്ക് പൊലീസിന്റെ ദ്രുതകര്‍മ്മ സേന ലാത്തികളുമായി കുതിച്ചു. സന്യാസിമാരെന്നോ ഭക്തരെന്നോ ഭേദമില്ലാതെ കണ്ണില്‍ കണ്ടവരെയെല്ലാം തല്ലിച്ചതച്ചു. അടി കൊണ്ട് പരക്കം പാഞ്ഞവരെ ഓടിച്ചിട്ട് തല്ലി. രണ്ട് മണിക്കൂറോളം നീണ്ട നരനായാട്ട്. ഇരുപതില്‍പ്പരം സന്യാസിമാര്‍ക്കും വയോവൃദ്ധരും സ്ത്രീകളും ഉള്‍പ്പെടെ ഇരുനൂറോളം ഭക്തര്‍ക്കും സാരമായ പരിക്കേറ്റു. ലാത്തിയടിയേറ്റ് പലരുടെയും തല പൊട്ടി. പുറം പൊളിഞ്ഞു.ഗുരുദേവ കീര്‍ത്തനങ്ങള്‍ അലയടിക്കേണ്ട ശിവഗിരിക്കുന്നുകളില്‍ മുഴങ്ങിയത് പൊലീസിന്റെ ആക്രോശങ്ങളും നിലവിളികളും. പരിക്കേറ്റവരെ പൊലീസ് ജീപ്പുകളില്‍ ആശുപത്രികളിലേക്ക് മാറ്റി. ശിവഗിരികുന്നിലെ പോലീസ് നടപടിക്ക് സാക്ഷിയായെങ്കിലും മൊബൈല്‍ ഒന്നുമില്ലാത്തതിനാല്‍ ആരെയും വിളിച്ചറിയിക്കാനായില്ല. പ്രകാശാന്ദ സ്വാമിയുടെ ദീര്‍ഘമായ അഭിമുഖം അന്നെടുത്തു. മറ്റ് മാധ്യമപ്രവര്‍ത്തകരൊക്കെ എത്തിയപ്പോള്‍ എട്ടുമണി ആയി. അപ്പോഴേയക്കും ശിവഗിരിയുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റടുത്തുകഴിഞ്ഞിരുന്നു. അന്നു തുടങ്ങിയതാണ് സ്വാമിയുമായുള്ള അടുത്ത ബന്ധം.
ശിവഗിരയിലെ കടന്നു കയറ്റത്തിനെതിരെ സ്വാമിയുടെ മുപ്പത്തി ഒന്നു ദിവസം നീണ്ടുനിന്ന സെകട്ടറിയേറ്റിനുമുന്നിലെ ഉപവാസമരം ചരിത്രം രേഖപ്പെടുത്തിയതാണ്. ആര് എസ് എസ് മുന്‍ പ്രചാരകന് ഹിന്ദു ഐക്യവേദി നേതാവുമായിരുന്ന എം ഗോപാല്‍ കണ്‍വീനറായുള്ള സമതിയാണ് സമരത്തിന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചത്. ആപത് ഘട്ടത്തില്‍ ഒപ്പം നിന്ന സംഘത്തോടുള്ള സ്നേഹം എക്കാലത്തും സ്വാമി പ്രകടിപ്പിച്ചിരുന്നു. പത്മവിഭൂഷണ്‍ ലഭിച്ച പി പരമേശ്വരനെ ആദരിക്കാന്‍ പീതാംബര പുടവയുമായി ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനത്തെത്തിയതും കുമ്മനം രാജശേഖരനെ ‘ശിവഗിരിയുടെ ഗവര്‍ണര്‍’ എന്നു പറഞ്ഞ് ആശ്ളേഷിച്ചതും അതിന്റെ ഭാഗമാണ്. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി കര്‍മ്മ സമിതി സംഘടിപ്പിച്ച പരിപാടിയില്‍ അവശത അവഗണിച്ച് സ്വാമി എത്തി. ഹൈന്ദവാചാരാനുഷ്ഠാനങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന സ്വാമി ഹൈന്ദവ സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ വിട്ടുവീഴ്ചക്ക് തയാറുമായിരുന്നില്ല. ജന്മഭൂമിയോട് പ്രത്യേക ഇഷ്ടം പുലര്‍ത്തിയിരുന്ന പ്രകാശാനന്ദസ്വാമിയാണ് ശിവഗിരിയില്‍ പത്രത്തിന് ആദ്യമായി സ്റ്റാള്‍ അനുവദിച്ചത്. ജന്മഭൂമിയുടെ 40-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തതും സ്വാമിയാണ്.
സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ പരിപാടികളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യുന്നവരെ ആക്ഷേപിച്ച് നശിപ്പിക്കുക എന്നത് കേരളത്തില്‍ പതിറ്റാണ്ടായി നടത്തിവരുന്ന ഏര്‍പ്പാടണ്. സന്യാസി ശ്രേഷ്ഠരും സാഹിത്യകാരന്മാരും സാസ്ക്കാരിക പ്രവര്‍ത്തകരും ഒക്കെ ഇത്തരത്തില്‍ ഇരകളായിട്ടുണ്ട്. സത്യാനന്ദ സരസ്വതി, ചിദാന്ദപുരി തുടങ്ങിയ സന്യാസി ശ്രേഷ്ഠരും അക്കിത്തം, വിഷ്ണു നാരായണന് നമ്പൂതിരി തുടങ്ങിയ കവികളും ഇല്ലാത്ത ആക്ഷേപം കേട്ടവരാണ്.
വര്‍ഗ്ഗീയ വാദികളായും കാവി വക്താക്കളായും ചിത്രീകരിക്കപ്പെടുന്നതില്‍ ഭയന്ന് ആദര്‍ശത്തോടും പ്രവര്ത്തനത്തോടും ആഭിമുഖ്യമുണ്ടെങ്കിലും സംഘത്തില്‍ നിന്ന് അകലം പാലിക്കാന്‍ പലരും ശ്രമിച്ചു. സംഘത്തോട് ഒപ്പം സഞ്ചരിച്ചിട്ടും മറ്റുള്ളവര്‍ക്ക് ഒരു തരത്തിലും ആക്ഷേപിക്കാന്‍ കഴിയാതെയിരുന്ന സന്യാസിയാണ് സ്വാമി പ്രകാശാനന്ദ. കവി കുഞ്ഞുണ്ണി മാഷിനെപ്പോലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: