സമൂഹത്തിനാകെ പ്രകാശം ചൊരിഞ്ഞ സംഭവബഹുലമായ ജീവിതമായിരുന്നു പ്രകാശാനന്ദ സ്വാമികളുടെത്. ചെറുപ്പത്തില്‍ സന്ന്യാസദീക്ഷ സ്വീകരിച്ച് ശിവഗിരി മഠത്തിലെ സ്വാമി ശങ്കരാനന്ദയുടെ ശിഷ്യനായി ആദ്ധ്യാത്മിക ജീവിതം ആരംഭിച്ചതു മുതല്‍ പ്രതിബന്ധങ്ങളോടും പ്രതിസന്ധികളോടും ഏറ്റുമുട്ടിയായിരുന്നു ജീവിതം. പ്രൗഢഗംഭീരങ്ങളായ പ്രഭാഷണങ്ങളിലോ ആഴത്തില്‍ പഠനങ്ങള്‍ നടത്തിയുള്ള വിശദീകരണങ്ങളിലോ ആയിരുന്നില്ല അദ്ദേഹം സംവദിച്ചിരുന്നത്. ശ്രീനാരായണ ഗുരുദേവന്റെ പാദാരവിന്ദങ്ങളില്‍ സമ്പൂര്‍ണ സമര്‍പ്പണം നടത്തി ലളിതമായി വിഷയങ്ങള്‍ വിശദീകരിക്കുകയും ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തു.
ചെറുപ്പത്തില്‍ വിരക്തിയുണ്ടായി സന്ന്യാസ ജീവിതത്തോട് ആഭിമുഖ്യം പുലര്‍ത്തിയത് പലരിലും അതിശയമുളവാക്കി. സന്ന്യാസജീവിതം ഉള്‍പ്പെടെ ഏറ്റെടുത്ത എല്ലാ കാര്യങ്ങളും അങ്ങേയറ്റം കാര്‍ക്കശ്യത്തോടെ നിര്‍വ്വഹിച്ച് അതില്‍ സമ്പൂര്‍ണത കൈവരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ശിവഗിരി മഠാധിപതിയായിരിക്കെ ആശ്രമം സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് അദ്ദേഹത്തിന്റെ പ്രാഗത്ഭ്യവും നേതൃപാടവവും നിഷ്‌കര്‍ഷയും പൊതുസമൂഹത്തിന് ബോധ്യപ്പെട്ടത്. ആശ്രമം ഏറ്റെടുത്തതിനെതിരെ ശക്തമായി പ്രതികരിച്ചു. അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് സന്ന്യാസിമാരെ പുറത്തിറക്കിവിട്ടപ്പോള്‍ എവിടേക്ക് പോകണമെന്നു പോലും അറിയാതെ മുന്നോട്ടുള്ള യാത്ര പരുങ്ങലിലാണെന്ന് ബോധ്യപ്പെട്ടിട്ടും മറ്റു സന്ന്യാസിമാര്‍ക്ക് ആവേശവും ആത്മവിശ്വാസവും ആത്മാഭിമാനവും നല്‍കി അദ്ദേഹം മുന്നില്‍ നിന്നു.
സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ അനിശ്ചിതകാല ഉപവാസം നടത്താനായിരുന്നു തീരുമാനം. സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസം ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഇറങ്ങിപ്പോകുമെന്നായിരുന്നു ഭരണാധികാരികള്‍ ധരിച്ചത്. പക്ഷേ, ദിവസം കഴിയുന്തോറും അദ്ദേഹത്തെ വര്‍ദ്ധിത വീര്യത്തോടെയായിരുന്നു കണ്ടത്. ആരോഗ്യം മെച്ചപ്പെട്ടു വരുന്നതായും ഡോക്ടര്‍മാര്‍ കണ്ടു. ഡോക്ടറായ സഹോദരന്‍ തന്നെ സ്വാമിജിയെ പരിശോധിച്ചു. ഒരു തുള്ളി വെള്ളവും ആഹാരവും കഴിക്കാതെ കുശലം പറഞ്ഞും സംസാരിച്ചും സമയം ചെലവഴിക്കുന്നതു കണ്ടപ്പോള്‍ എങ്ങനെയാണ് ഇത്രയേറെ പരിക്ഷീണിതനായ ഒരാളോട് സംസാരിക്കുകയെന്ന് പലരും സന്ദേഹിച്ചു. ഡോക്ടര്‍മാര്‍ പറഞ്ഞത് ആരോഗ്യശാസ്ത്രത്തിന്റെ മുന്നില്‍ സ്വാമിജി അത്ഭുത പ്രതിഭാസമാണെന്നാണ്. 30-ാമത്തെ ദിവസമായിട്ടും സ്വാമിജിക്ക് യാതൊരു ക്ഷീണവും കണ്ടില്ല. മൂന്നു മണിക്ക് കുളിച്ച് ഭസ്മം പൂശി ചന്ദനം തൊട്ട് അദ്ദേഹം ഉപവാസപ്പന്തലിലെ കട്ടിലില്‍ ധ്യാനനിരതനായി മണിക്കൂറുകളോളം ഇരിക്കുമായിരുന്നു.
പോലീസ് പല പ്രാവശ്യം എത്തി കൊണ്ടു പോകാന്‍ ശ്രമിച്ചു. അപ്പോഴൊക്കെ ഒരിഞ്ചുപോലും വ്യതിചലിക്കാതെ താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന കാര്യം നേടിയെടുക്കും വരെ വ്രതം തുടരുമെന്ന് പ്രഖ്യാപിച്ച്, അതെല്ലാം ആത്മധൈര്യത്തോടെ നേരിട്ടു. കേരളം യാതൊരു ആഹ്വാനവുമില്ലാതെ കടകള്‍ അടച്ചും ജോലി ഉപേക്ഷിച്ചും പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തും സ്വാമിജിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് വലിയ സംഭവമായിരുന്നു. എന്തിനാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ ഒരു സന്ന്യാസി കട്ടിലില്‍ കിടക്കുന്നത് എന്ന് ചോദിക്കാനുള്ള മര്യാദ പോലും അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ കാണിച്ചില്ല. 31-ാം ദിവസം അര്‍ത്ഥരാത്രി പോലീസ് സന്നാഹങ്ങളോടെ ബലമായി സ്വാമിജിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി.
ആശുപത്രിയിലും അദ്ദേഹം സത്യഗ്രഹം തുടര്‍ന്നു. സെക്രട്ടേറിയറ്റു നടയില്‍ ഇപ്പോഴത്തെ മഠാധിപതി വിശുദ്ധാനന്ദ സ്വാമി സത്യഗ്രഹം തുടര്‍ന്നു. പ്രകാശാനന്ദ സ്വാമിയെ ഡോക്ടര്‍മാര്‍ മരുന്ന് കുത്തിവയ്‌ക്കുകയും ആഹാരം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എല്ലാവരുടെയും സ്നേഹപൂര്‍ണമായ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹം നിരാഹാരം ഉപേക്ഷിക്കുകയാണ് ചെയ്തത്. മാന്യതയോ മനുഷ്യത്വമോ ഇല്ലാത്ത സര്‍ക്കാരിന്റെ മുന്നില്‍ എന്തിനാണ് നിരാഹാരം അനുഷ്ഠിച്ച് ജീവന്‍ കളയുന്നതെന്ന അടുപ്പമുള്ളവരുടെ ചോദ്യത്തിന് സ്വാമിക്ക് വ്യക്തമായ ഉത്തരം നല്‍കാനായില്ല. അതുകൊണ്ടാണ് അദ്ദേഹം നിര്‍ബന്ധത്തിന് വഴങ്ങിയത്. ഇക്കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാന്‍ യാത്ര സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് കാസര്‍കോട് മുതല്‍ 14 ജില്ലകളിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെയും നഗരനഗരാന്തരങ്ങളിലൂടെയും ശിവഗിരി മഠത്തിലെ സന്ന്യാസിമാരോടൊപ്പം അദ്ദേഹം യാത്ര നടത്തിയതും ജനങ്ങളെ അഭിസംബോധന ചെയ്തതും. ആത്മാര്‍ത്ഥമായ ധന്യവചസുകള്‍ ആഴത്തില്‍ പതിഞ്ഞു. സ്വാമിജിയെ ഒരു നോക്കുകാണാന്‍ റോഡിന്റെ ഇരുവശവും ജനങ്ങള്‍ കാത്തു നിന്നു. ആരെയും വശീകരിക്കുന്ന ഉജ്വലമായ വ്യക്തിത്വം. ഗുരുദേവ വചനങ്ങളില്‍ അടിയുറച്ച വിശ്വാസം, അചഞ്ചലമായ മനസ്സ്. ഗുരുദേവനോടുള്ള പ്രതിബന്ധത. തന്റെ നിത്യാനുഷ്ഠാനങ്ങളില്‍ യാതൊരു വിട്ടുവീഴ്‌ച്ചയുമില്ലാത്ത കാര്‍ക്കശ്യം. ഇതെല്ലാം പ്രകാശാനന്ദ സ്വാമികളുടെ പ്രത്യേകതകളാണ്. തന്നെ ശിവഗിരിമഠത്തില്‍ നിന്ന് ഇറക്കിവിട്ടവരോട് പകയോ വിദ്വേഷമോ പുലര്‍ത്തിയില്ല. അവര്‍ക്ക് രാഷ്‌ട്രീയമുണ്ടായിരുന്നു. അവരോട് അദ്ദേഹം എതിരിട്ടത് സൗമനസ്യത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയിലാണ്. താന്‍ നിശ്ചയിച്ച കാര്യത്തില്‍ വെള്ളം ചേര്‍ക്കാതെ അത് സാധിച്ചെടുക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറായി. അങ്ങനെയാണ് പ്രകാശാനന്ദ സ്വാമികള്‍ വീണ്ടും ശിവഗിരി മഠാധിപതിയായത്. അതിന് വലിയൊരു നിയമയുദ്ധം വേണ്ടിവന്നു. കോടതികള്‍ കയറിയിറങ്ങി. അവിടെയെല്ലാം സത്യവും ധര്‍മ്മവും നീതിയും ഉയര്‍ത്തിപ്പിടിച്ചു.
എല്ലാവര്‍ക്കും പ്രിയങ്കരനായ ആരാധ്യനായ സന്ന്യാസി ശ്രേഷ്ഠന്റെ വിയോഗം ആദ്ധ്യാത്മിക കേരളത്തിന് ഏറ്റവും വലിയ നഷ്ടമാണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഗുരുദേവ പരമ്പരയിലെ സന്ന്യാസിമാരില്‍ ഏറ്റവും ശ്രേഷ്ഠനും പ്രശസ്തനുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സ്മരണയ്‌ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: