റിയോ ഡി ജനീറോ: ഒറ്റഗോള്‍ രാശിക്കാരന് ലൂക്കാസ് പക്വേറ്റയുടെ ഒറ്റഗോളില്‍ ബ്രസീല്‍ കോപ്പ അമേരിക്കയുടെ കലാശപ്പോരാട്ടത്തിനിറങ്ങും. വിഖ്യാതമായ മാരക്കാനയിലെ കളത്തില്‍ ശനിയാഴ്ച എതിരാളികളായി അര്‍ജന്റീന തന്നെ വേണമെന്ന് ബ്രസീലിയന്‍ താരങ്ങള്‍ക്ക് മോഹം. റിയോ ഡി ജെനീറോയിലെ നില്‍ട്ടണ്‍ സാന്റോസ് സ്റ്റേഡിയത്തില്‍ പെറുവിനെ മുപ്പത്തഞ്ചാമത്തെ മിനിറ്റിലെ ഗോളില്‍ മറികടന്ന് നിലവിലെ ജേതാക്കളായ ബ്രസീല്‍ മാരക്കാനയിലേക്ക് ടിക്കറ്റ് എടുത്തപ്പോള്‍ താരമായത് നെയ്മര്‍. പെറു പോസ്റ്റിനുള്ളില്‍ മൂന്നു പ്രതിരോധക്കാരുടെ നടുവില്‍ നിന്ന് നെയ്മര്‍ നല്കിയ കൃത്യം പാസില്‍ നിന്നാണ് ലൂക്കാസ് പക്വേറ്റയുടെ വിജയഗോള്‍. ക്വാര്‍ട്ടറില്‍ ചിലിയെ ഒറ്റ ഗോളിനു പരാജയപ്പെടുത്തിയപ്പോഴും അതിന്റെ ഉടമ ലൂക്കാസ് പക്വേറ്റ തന്നെയായിരുന്നു.
4-2-3-1 ഫോര്‍മേഷനില്‍ കളി തുടങ്ങിയ ബ്രസീല്‍ പന്തു പരമാവധി കൈവശം വെയ്ക്കുക എന്ന തന്ത്രമാണ് തുടക്കത്തില്‍ പുറത്തെടുത്തത്. മറുപുറത്ത് പെറു 3-5-1-1 എന്നാണ് കളി വിന്യസിച്ചത്. ബ്രസീലിയന്‍ ഗോള്‍ മുഖം സന്ദര്‍ശിക്കാന്‍ പെറുവിന്റെ മുന്നേറ്റ നിര ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങുന്നതിനിടെ എട്ടാം മിനിറ്റില്‍ മറുവശത്ത് നെയ്മര്‍ നല്ലൊവസരം പാഴാക്കി. പക്വേറ്റയും റിച്ചാര്‍ലിസണും തുടങ്ങി വെച്ച നീക്കത്തിനൊടുവില്‍ കിട്ടിയ പന്തില്‍ നെയ്മറെടുത്ത ഷോട്ട് പെറു പോസ്റ്റില്‍ നിന്ന് ഏറെ അകലേക്കാണ് പാഞ്ഞത്. പന്ത്രണ്ടാം മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്ന് കിട്ടിയ പന്തില്‍ കാസെമിറോ എടുത്ത തകര്‍പ്പന്‍ ഷോട്ടിലൂടെ പെറു ഗോള്‍മുഖത്ത് ബ്രസീലിയന്‍ സമ്മര്‍ദ്ദത്തിനു തുടക്കമായി. പെറുവിന്റെ താരങ്ങളെ കളം പിടിക്കാന്‍ അനുവദിക്കാതെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ എന്ന ബ്രസീല്‍ ലക്ഷ്യം വിജയിക്കുന്ന നിമിഷങ്ങളായിരുന്നു അത്.
ബ്രസീലിയന്‍ ഗോള്‍ഡന്‍ മൊമന്റ്
പെറു ഗോളി ഗല്ലെസെയുടെ രണ്ട് തകര്‍പ്പന്‍ സേവുകളാല്‍ സമ്പന്നമായിരുന്നു പത്തൊമ്പതാം മിനിറ്റ്. പോയന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നുള്ള നെയ്മറിന്റെ ഷോട്ട്, ഗോളെന്ന് നെയ്മറും ബ്രസീലിയന്‍ ആരാധകരും ഉറപ്പിച്ച നിമിഷം. പക്ഷെ, ഗല്ലെസെയുടെ സേവില്‍ തകര്‍ന്നു ആ ഗോള്‍ പ്രതീക്ഷ. സേവില്‍ നിന്നു തെറിച്ച പന്തില്‍ റിച്ചാര്ലിസണ് എടുത്ത ഷോട്ടും ഗല്ലെസെ തടഞ്ഞു. ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ നെയ്മറിലേക്ക് കേന്ദ്രീകരിച്ചു തുടങ്ങി. പത്താം നമ്പര്‍ താരത്തിനു പന്തെത്തിക്കാനുള്ള നീക്കങ്ങളാണ് ബ്രസീല്‍ മധ്യനിര നടത്തിയത്. പക്ഷെ, പെറുവിന്റെ പ്രതിരോധം നെയ്മറിന് അധികം വഴികള്‍ അനുവദിച്ചില്ല. ഗല്ലെസെയ്ക്ക് തിരക്കേറിക്കൊണ്ടിരുന്നു.
വൈകാതെ ആ ഗോള്‍ പിറന്നു. സെമിയിലെ ബ്രസീലിയന്‍ ഗോള്‍ഡന്‍ മൊമന്റ്. മധ്യനിരയ്ക്കടുത്തു വെച്ച് റിച്ചാര്ലിസണ് നല്കിയ പന്തു സ്വീകരിച്ച് മുന്നേറിയ നെയ്മര്‍ പെറുവിന്റെ പോസ്റ്റില്‍ കടക്കുമ്പോള്‍ മൂന്നു ഡിഫന്റര്‍മാര്‍ ചുറ്റുമെത്തിയിരുന്നു. അവര്‍ക്കിടയിലൂടെ മുന്നേറി നെയ്മര്‍ നല്കിയ പാസ് സ്വീകരിച്ച ലൂക്കാസ് പക്വേറ്റ പെറു പ്രതിരോധത്തിനോ ഗോളി ഗല്ലെസെക്കോ ചെറുക്കാനുള്ള നേരിയ അവസരം പോലും നല്‍കാതെ ഷോട്ടെടുത്തു. പെറുവിന്റെ വല ചലിച്ചു. ഗോള്‍വരയില്‍ നെഞ്ചോടു നെഞ്ചിടിച്ച് പക്വേറ്റയും നെയ്മറും ആഹ്ലാദിക്കുമ്പോള്‍ മറ്റ് ബ്രസീലിയന്‍ താരങ്ങളും ഒപ്പമെത്തി. അസാധാരണമായി ഒന്നും സംഭവിക്കാതെ ഹാഫ്ടൈം. ഒന്നാം പകുതി അവസാനിച്ചതും ബ്രസീലിയന്‍ ആധിപത്യത്തിന്റെ കാഴ്ചയോടെ.
പെറുവിന്റെ രണ്ടാം പകുതി
ബ്രസീലിയന്‍ ഏകാധിപത്യത്തിന്റെ ഏകപക്ഷീയത പ്രതീക്ഷിക്കുന്ന രണ്ടാം പകുതി. പെറുവിന്റെ നിരയില്‍ രണ്ടു മാറ്റങ്ങള്‍. റാസില്‍ ഗാര്‍ഷ്യയും മാര്‍ക്കോസ് ലോപ്പസും കളത്തില്‍. വെറുതെയങ്ങനെ കീഴടങ്ങാനല്ല റിയോ വരെയെത്തിയതെന്ന് ബ്രസീല്‍ പ്രതിരോധത്തോടു പറഞ്ഞു പെറു. ബ്രസീല്‍ ഗോളി എഡേഴ്സണിന്റെ മേലനങ്ങിത്തുടങ്ങി. നാ
ല്പ്പത്തൊമ്പതാം മിനിറ്റില്‍ അതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ആസൂത്രിതമായ നീക്കവുമായി പെറുവിന്റെ ഗോള്‍ശ്രമം. യോട്ടുന്‍ നല്കിയ പാസില്‍ നിന്ന് ലാപാഡുല്ലയുടെ ഷോട്ട് എഡേഴ്സണ് തട്ടി. തൊട്ടടുത്ത നിമിഷം ബ്രസീല്‍ പോസ്റ്റു വരെയെത്തിയ നീക്കം ഗാര്‍ഷ്യയുടെ ദുര്‍ബല ഷോട്ടില്‍ അവസാനിച്ചു. മറുവശത്ത് റിച്ചാര്‍ലിസണിനെ വീഴ്ത്തിയത് യോട്ടുന്‍ മഞ്ഞ കണ്ടു. വീണ്ടും ഗാര്‍ഷ്യയയുടെ ഊഴം. മികച്ച ഷോട്ട്. എഡേഴ്സണ് തട്ടിയകറ്റി. പെറുവിന്റെ ഏതെങ്കിലും താരമെത്തുന്നതിനു മുമ്പ് തിയാഗൊ സില്‍വ പന്ത് ക്ലിയര്‍ ചെയ്തു. ബ്രസീല്‍ പ്രതിരോധ നിര വിയര്‍ത്തു തുടങ്ങിയ നിമിഷങ്ങളായിരുന്നു അതെങ്കിലും മറുവശത്ത് നെയ്മറും റിച്ചാര്‍ലിസണും മികച്ച ചില നീക്കങ്ങളുമായി ഗല്ലെസെയേയും പരീക്ഷിച്ചു. എഴുപത്തൊന്നാം മിനിറ്റില്‍ പെറു പോസ്റ്റില്‍ റിച്ചാര്ലിസണ് വീണു. ബ്രസീലിയന്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. എണ്‍പത്തൊന്നാം മിനിറ്റില്‍ കാലെന്സിന്റെ ഹെഡ്ഡര്‍ ബ്രസീല്‍ പോസ്റ്റില്‍ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും എഡേഴ്സണിനെ പരാജയപ്പെടുത്താന്‍ പാകത്തിനു കരുത്തുണ്ടായിരുന്നില്ല. നാലു മിനിറ്റുകള്‍ക്കു ശേഷം ബ്രസീല്‍ നിരയില്‍ മൂന്നു മാറ്റങ്ങള്‍. ഫ്രെഡും റിച്ചാര്‍ലിസണും ലോഡിയും മാറി, ഫാബിഞ്ഞോയും വിനിഷ്യസ് ജൂനിയറും എഡെര്‍ മിലിറ്റോവും കളത്തില്‍ വന്നു. ഒറ്റ ഗോളില്‍ പ്രതിരോധിച്ച് വിജയിക്കുക എന്ന് ബ്രസീല്‍ നയം വ്യക്തമായിത്തുടങ്ങി.
ബ്രസീല്‍ കോട്ട പൊളിക്കാനുള്ള പെറുവിന്റെ നീക്കങ്ങള്‍ ഫലം കണ്ടതുമില്ല. ലോങ് വിസില്‍, ആഹ്ലാദത്തിന്റെ നിറം മഞ്ഞയായി. ബ്രസീല്‍ വീണ്ടും കലാശക്കളിക്ക് എന്ന് ബ്രേക്കിങ് ന്യൂസ്. രണ്ടാം പകുതിയിലെ മികച്ച പോരാട്ടത്തിന്റെ അവകാശം പെറുവിനു സ്വന്തം. ജയിച്ചെങ്കിലും പ്രതിരോധത്തിലെ പാളിച്ചകള്‍ ബ്രസീല്‍ തുറച്ചു വെച്ചു എന്ന് ഫുട്ബോള്‍ പണ്ഡിതരുടെ വിലയിരുത്തലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: