ബ്രസീലിയ: കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ നാളെ മെസ്സിയുടെ അര്‍ജന്റീന ഒസ്പിനയുടെ കൊളംബിയയെ നേരിടുന്നു. നാളെ രാവിലെ 6.30 നാണ് കിക്കോഫ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ഇക്വഡോറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സെമിയിലേക്ക് മുന്നേറിയത്. അതേസമയം കരുത്തരായ ഉറുഗ്വെയെ ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു കൊളംബിയയുടെ സെമി പ്രവേശം.
സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്നെയാണ് അര്‍ജന്റീനയുടെ കുന്തമുന. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമാണ് മെസ്സി നടത്തിയത്. മെസ്സിയുടെ മാന്ത്രിക പ്രകടനം തന്നെയാണ് അര്‍ജന്റീനയുടെ കുതിപ്പിന് കരുത്തേകുന്നതും. ടൂര്ണൂമെന്റില് ഇതുവരെ നാല് ഗോളടിച്ച് ടോപ് സ്കോററും മെസ്സി തന്നെ. മുന്നേറ്റത്തില്‍ നിക്കോളാസ് ഗൊണ്‍സാലസും മാര്ട്ടിനെസുമായിരിക്കും മെസ്സിക്ക് കൂട്ടായി ഇറങ്ങുക. മധ്യനിരയിലെ സൂപ്പര്‍താരം ഏയ്ഞ്ചല്‍ ഡി മരിയ ഇന്നും പകരക്കാരുടെ നിരയിലായിരിക്കും. റോഡ്രിഗോ ഡി പോള്‍, ലിയനാര്‍ഡോ പരേഡസ്, ലോ സെല്‍സോ എന്നിവരാകും മധ്യനിരയില്‍ കളിമെനയുക. പ്രതിരോധത്തില്‍ നിക്കോളാസ് ഒട്ടമെന്‍ഡി, മാര്‍ക്കോസ് അക്യുന, പെസെല്ല, നാഹ്യുല്‍ മോലിന എന്നിവരും എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഗോള്‍വലക്ക് മുന്നില്‍ എമിലിയാനോ മാര്‍ട്ടിനെസായിരിക്കും.
ഡേവിഡ് ഒസ്പിന എന്ന സൂപ്പര്‍ ഗോളി നയിക്കുന്ന കൊളംബിയയും ശക്തരാണ്. ലൂയിസ് മുറിയലും സപാറ്റയുമായിരിക്കും മുന്നേറ്റത്തില്‍ ഇറങ്ങാന്‍ സാധ്യത. റാഫേല്‍ ബോറെ, വില്‍മര്‍ ബാരോസ്, ഗുസ്താവോ ക്യുല്ലര്‍, ലൂയിസ് ഡയസ് എന്നിവര്‍ മധ്യത്തില്‍ കൡമെനയും. യെറി മിന, വില്യം ടെസില്ലോ എന്നിവര്‍ അടങ്ങുന്ന പ്രതിരോധവും മികച്ചതാണ്. മെസ്സിയെയും കൂട്ടരെയും പിടിച്ചുകെട്ടുന്നതില്‍ കൊളംബിയന്‍ പ്രതിരോധം വിജയിച്ചാല്‍ അവരുടെ ഫൈനല്‍ സാധ്യതകള്‍ സഫലമാകും. എന്നാല്‍ 20 വര്‍ഷത്തെ ഇടവേളക്കു ശേഷം ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കൊളംബിയക്ക് കളിക്കാം. അതേസമയം 2016നുശേഷം ഫൈനല്‍ ലക്ഷ്യമിട്ടാണ് മെസ്സിയും കൂട്ടരും കളിക്കാനിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: