കാബൂള്‍: അഫ്ഗാന് സര്‍ക്കാരിനെ അറിയിക്കാതെ അമേരിക്കയുടെ അവസാന സൈനികസംഘം അവരുടെ താവളമായ ബഗ്രാം എയര്‍ബേസില്‍ നിന്നും മുങ്ങിയെന്ന് ആരോപിച്ച് അഫ്ഗാന് കമാന്‍ഡര്‍. ബഗ്രാം എയര്‍ബേസിലെ പുതിയ അഫ്ഗാന് കമാന്‍ഡര്‍ ജനറല്‍ അസദുള്ള കോഹിസ്ഥാനിയാണ് ഇക്കാര്യം ആരോപിച്ചത്.
ബഗ്രാമില്‍ നിന്നും അവസാന അമേരിക്കന്‍ സൈനികരും വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഒന്നടങ്കം അഫ്ഗാന് വിട്ടത്. ബഗ്രാമിലെ ഒരു ജയിലില്‍ ഏകദേശം 5000 താലിബാന്‍കാര്‍ തടവുകാരായുണ്ട്. യുഎസ് സേന അഫ്ഗാനിസ്ഥാന് വിട്ടതായി അറിഞ്ഞതോടെ താലിബാന് സേന സര്‍വ്വശക്തിയും പുറത്തെടുത്ത് അഫ്ഗാനിസ്ഥാനിലെ പ്രവിശ്യകള്‍ ഒന്നൊന്നായി കീഴടക്കുകയാണ്. 1989ന് മുന്‍പുള്ള അഫ്ഗാനിസ്ഥാന് വൈകാതെ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. താലിബാന് സര്‍വ്വശക്തിയോടെയും അഴിഞ്ഞാടിയിരുന്ന കാലമായിരുന്നു അത്.
അധികം വൈകാതെ ബഗ്രാമും താലിബാന് ആക്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറല്‍ കോഹിസ്ഥാനി പറഞ്ഞു. തൊട്ടടുത്തുള്ള ഗ്രാമപ്രദേശങ്ങളിലേക്ക് താലിബാന് മാര്‍ച്ച് തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: