ലണ്ടന്‍: തുടര്‍ച്ചയായി വിജയങ്ങള്‍ നെയ്്ത് കുതിക്കുന്ന ടീമുകളാണ് ഇറ്റലിയും സ്പെയിനും. എന്നാല്‍ ഇവയിലൊന്ന് ഇന്ന് തോല്‍ക്കുമെന്ന് ഉറപ്പാണ്. യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ സെമിഫൈനലില്‍ ഈ ടീമുകള്‍ മാറ്റുരയ്ക്കും. രാത്രി 12.30 ന് വെംബ്ലി സ്റ്റേഡിയത്തിലാണീ തീപാറും പോരാട്ടം. സോണി സിക്സ് ചാനലില്‍ തത്സമയം കാണാം.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ സ്പെയിന് തോല്‍വി അറിഞ്ഞിട്ടില്ല. തുടര്‍ച്ചയായി പതിമുന്ന് മത്സരങ്ങളില്‍ അവര്‍ തോല്‍ക്കാതെ മുന്നേറി. എന്നാല്‍ ഇറ്റലിക്ക് അതിനേക്കാള്‍ മികച്ച റെക്കോഡാണുള്ളത്. 2018 സെപ്തംബര്‍ മുതല്‍ തോറ്റിട്ടില്ല. തുടര്‍ച്ചയായി മുപ്പത്തിരണ്ട് മത്സരങ്ങളില്‍ പരാജയം രുചിച്ചിട്ടില്ല. ഇത് ദേശീയ റെക്കോഡാണ്.
യൂറോ 2020 ലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ഇറ്റലി മിന്നുന്ന വിജയം സ്വന്തമാക്കി. ഒറ്റ ഗോള്‍ പോലും വഴങ്ങിയില്ല. പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രിയയെ മറികടന്നു. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പറായ ബെല്ജിത്തെയും മുക്കിയാണ് അസൂറിപ്പട സെമിയില്‍ സ്പെയിനെ എതിരിടാന്‍ യോഗ്യത നേടിയത്. 2018 ല്‍ റോബര്‍ട്ടോ മന്‍സിനി പരിശീലകനായി സ്ഥാനമേറ്റതോടെ ഇറ്റലി അടിമുടി മാറിയിരിക്കുകയാണ്.
ശക്തരായ ലിയനാര്‍ഡോ ബൊണുസിയും ജോര്‍ജിയോ ചീല്ലിനിയുമാണ് ഇറ്റലിയുടെ പ്രതിരോധത്തെ നയിക്കുന്നത്. യൂറോയില്‍ ഇതു വരെ ഇറ്റലി രണ്ട് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. സിറോ ഇമ്മൊബൈലും ലോറന്‍സോ ഇന്സൈനുമാണ് ഇറ്റലിയുടെ മുന്നേറ്റനിരയെ നയിക്കുന്നത്്. ശക്തമായ പ്രതിരോധത്തെപ്പോലും കീറിമുറിച്ച് മുന്നേറാന്‍ ഇവര്‍ക്ക് കഴിയും. ജോര്‍ജിഞ്ഞോ, നികോള ബറേല്ല, മാര്‍ക്കോ വെറാറ്റി എന്നിവരാണ് മധ്യനിരയെ നയിക്കുന്നത്.
സെന്റര്‍ ബാക്ക് ഐമറിക്ക് ലാപോര്‍ട്ടെയാണ് സ്പെയിനിന്റെ പ്രതിരോധത്തിലെ കുന്തമുന. സ്ട്രൈക്കര്‍ അല്‍വാരോ മൊറാട്ടയാണ് മുന്നേറ്റനിരയിലെ കരുത്തന്. എന്നാല്‍ മൊറാട്ടയ്്ക്ക് ഇതുവരെ മികച്ച ഫോമിലേക്ക് ഉയരാനായിട്ടില്ല. ഇത് സ്പെയിനെ അലട്ടുന്നുണ്ട്. ക്യാപ്റ്റന്‍ സെര്‍ജിയോ ബസ്ക്വറ്റ്സ്, പെഡ്രി ഗോണ്‍സാലസ്, കോകേ എന്നിവരാണ് മധ്യനിരയിലെ ശക്തികേന്ദ്രങ്ങള്‍.
വിവിധ ടൂര്‍ണമെന്റുകളിലായി അവസാനം കളിച്ച പതിനാല് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ഇറ്റലിക്ക് സ്പെയിനെ തോല്പ്പിക്കാനായിട്ടൊള്ളൂ. 2011 ലെ സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും യൂറോ 2016 ന്റെ പ്രീ ക്വാര്‍ട്ടറില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കും ഇറ്റലി സ്പെയിനെ തോല്‍പ്പിച്ചു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ലോകകപ്പിലുമായി ഇറ്റലിയും സ്പെയിനും ഒമ്പത് തവണ ഏറ്റുമുട്ടി. ഇതില്‍ നാലു മത്സരങ്ങളിലും ഇറ്റലി വിജയം നേടി. അതേസമയം സ്പെയിന് ഒരു മത്സരത്തില്‍ മാത്രമാണ് വിജയിച്ചത്. നാലു മത്സരങ്ങള്‍ സമനിലയായി.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇറ്റലിയും സ്പെയിനും ഇത് ഏഴാം തവണയാണ് പരസ്പരം ഏറ്റുമുട്ടുന്നത്. നോക്കൗട്ട് ഘട്ടത്തില്‍ തുടര്‍ച്ചയായ നാലാം തവണയാണ് ഈ ടീമുകള്‍ മാറ്റുരയ്ക്കുന്നത്. 2008, 2012, വര്‍ഷങ്ങളില്‍ സ്പെയിന് വിജയിച്ചു. എന്നാല്‍ 2016 ല്‍ ഇറ്റലി സ്പെയിനെ വീഴ്ത്തി. യൂറോ 2020 ല്‍ ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളിലും വിജയം നേടി നൂറ് ശതമാനം റെക്കോഡോഡെയാണ് ഇറ്റലി സെമിയിലെത്തിയത്. അവര്‍ക്കിത് യൂറോയിലെ പന്ത്രണ്ടാം സെമിഫൈനലാണ്.
അതേസമയം, സ്പെയിന് ഇതു വരെ കളിച്ച അഞ്ചു മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ സ്വീഡനും പോളണ്ടുമായി സമനില പിടിച്ച അവര്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്ലോവാക്യയെ മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തുരത്തിവിട്ടു. പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയെ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കീഴടക്കി. ക്വാര്‍ട്ടറില്‍ സ്വിറ്റ്സ്ര്ലന്ഡിന്റെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
ഗ്രൂപ്പ് മത്സരങ്ങളില്‍ ഇറ്റലി തുര്‍ക്കിയേയും സ്വിറ്റ്സര്‍ലന്‍ഡിനെയും ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. അവസാന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വെയ്ല്‍സിനെ തകര്‍ത്തു. പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഓസ്ട്രിയയേയും ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയത്തെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: