ന്യൂദല്‍ഹി: തമിഴ്നാട്ടില്‍ നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ തയാറാണെന്നും എന്നാല്‍ സ്ഥാനാര്‍ത്ഥി ഗുലാം നബി ആസാദ് ആയിരിക്കണമെന്നും ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്. രാഹുല്‍ഗാന്ധി നിര്‍ദ്ദേശിച്ച തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാവിനെ അംഗീകരിക്കാനാവില്ലെന്നും ഗുലാംനബിക്കാണെങ്കില് സീറ്റ് നല്‍കാമെന്നും ഡിഎംകെ അന്തിമ നിലപാട് അറിയിച്ചു. ഇതോടെ വിമത നേതാക്കളെ ലക്ഷ്യമിട്ടുള്ള രാഹുല്‍ ഗാന്ധി സംഘത്തിന്റെ നീക്കം വീണ്ടും പാളി. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തീരുമാനങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെടാന്‍ ആരംഭിച്ചതോടെ കെ.സി വേണുഗോപാല്‍ അടക്കമുള്ള രാഹുല്‍ സംഘത്തിന് പതിയെ മേല്‍ക്കൈ നഷ്ടമാവുകയാണ്.
സ്റ്റാലിന് നിലപാട് കര്‍ക്കശമാക്കിയതോടെ ഗുലാംനബിയെ വെട്ടാനുള്ള ഹൈക്കമാന്‍ഡ് ശ്രമം ഒരിക്കല്‍ കൂടി പരാജയപ്പെട്ടതായാണ് സൂചന. തീരുമാനം എടുക്കാനുള്ള അധികാരം സോണിയാ ഗാന്ധി ഏറ്റെടുത്തത് ഗുലാംനബിക്ക് സീറ്റ് നല്‍കിയേക്കാനുള്ള സാധ്യതകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് ഒഴിവു വരുന്ന സീറ്റുകളില്‍ ഒന്ന് വിമത നേതാവായ മുകുള്‍ വാസ്നിക്കിന് നല്‍കാനും ധാരണയായിട്ടുണ്ട്.
ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതൃ സ്ഥാനം അധിര്‍ രഞ്ജന്‍ ചൗധരിയില്‍ നിന്ന് മാറ്റാനുള്ള തീരുമാനവും സോണിയ സ്വീകരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യംചെയ്ത 23 അംഗ മുതിര്‍ന്ന നേതാക്കളായ ശശി തരൂരിനെയോ മനീഷ് തിവാരിയെയോ ലോക്സഭാ നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നതായാണ് വിവരം. വിമത നേതാക്കളെ കൂടെ നിര്‍ത്താതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവില്ലെന്ന സോണിയയുടെ നിലപാടാണ് ഇവര്‍ക്കെല്ലാം പ്രയോജനകരമായി മാറുന്നത്. അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റുന്നതോടെ ബംഗാളില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു നില്ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെയും മമതാ ബാനര്‍ജിയെയും കൂടെക്കൂട്ടാം എന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ സ്വയം പ്രധാനമന്ത്രി പദമോഹവുമായി നടക്കുന്ന മമതയെ എത്രത്തോളം അംഗീകരിക്കാന്‍ കോണ്‍ഗ്രസിനാവുമെന്ന് കണ്ടറിയേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: