ഭാരത മാതാവിന്റെ മഹാനായ പുത്രന് ശ്യാമപ്രസാദ് മുഖര്‍ജിയുടെ ആത്മാവ് കശ്മീരിലെ ദാല്‍ തടാകത്തില്‍ വിരിഞ്ഞ സമാധാനത്തിന്റെ താമരപൂക്കളെ നോക്കി മന്ദഹസിക്കുന്നുണ്ടാകും. അധികാരം മതത്തിന് കീഴടങ്ങിയപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ കാറ്റില്‍പറത്തി ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കുന്നതിനുവേണ്ടി ഭരണകൂടം ഭരണഘടയില്‍ കൂട്ടിച്ചേര്‍ത്ത ആര്‍ട്ടിക്കിള്‍ 370 ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് നീക്കംചെയ്യപ്പെട്ടത് കണ്ടതിന്റെ സന്തോഷം. ആര്‍ട്ടിക്കിള്‍ 370 (എ) നെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി ഈ ആര്‍ട്ടിക്കിള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഒരു ഭീഷണിയാണെന്ന് മുന്നറിയിപ്പ് നല്കി. രാജ്യത്ത് രണ്ടു തരത്തിലുള്ള പൗരന്മാരെ സൃഷ്ടിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും ആര്‍ട്ടിക്കിള്‍ 370 നെതിരെ തന്റെ അന്ത്യനിമിഷം വരെ പോരാടി വീര്യമൃത്യു വരിച്ച അദ്ദേഹം ഭരണാധികാരികളെ ഓര്‍മ്മിപ്പിച്ചു.
മഹാന്മാരുടെ ജീവിത്യാഗം മഹത്തായ ലക്ഷ്യത്തെ സാധൂകരിക്കുമെന്ന പ്രകൃതിനിയമം 2019 ഓഗസ്റ്റ് 5 നു നരേന്ദ്ര മോഡി സര്ക്കാരിനാല് പാലിക്കപ്പെട്ടു. ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമായ ആര്‍ട്ടിക്കിള്‍ 370 ഇന്നു ചരിത്രപുസ്തകങ്ങളില്‍ മാത്രം അവശേഷിക്കുന്ന ഒരു നിയമം മാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. പതിറ്റാണ്ടുകളായി അശാന്തമായിരുന്ന കശ്മീര്‍ താഴ്വരയിന്നു ശാന്തത കൈവരിച്ചുകൊണ്ടിരിക്കുന്നു. ദാല്‍ തടാകത്തിലെ ശിക്കാര വള്ളങ്ങള്‍ ഭീകരവാദികളുടെ വെടിയൊച്ചകളെ ഭയക്കാതെ ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്നു. രക്തം വീണു ചുവന്നിരുന്ന കാശ്മീരിലെ മണ്ണ് ഇന്ന് കുങ്കുമത്തിന്റെ ചുവപ്പിനാല്‍ ശോഭിക്കുന്നു. പ്രശസ്ത സൂഫി ഗായകന് കൈലാസ് ഖേര്‍ തന്റെ പ്രിയ കാശ്മീരിനെ കുറിച്ച് പാടിയതിങ്ങനെയായിരുന്നു. ‘ഓ.. അള്ളാ ഞങ്ങള്‍ക്ക് ആ പഴയ സ്വര്‍ഗ്ഗത്തെ തിരിച്ചുതരൂ. എന്തിനാണ് ഈ കശ്മീരിനെ ഇത്ര ശാന്തസുന്ദരമായ സ്ഥലമായി സൃഷ്ടിച്ചത്? ഇവിടെ ഇപ്പോള്‍ തോക്കും മരണവും രക്തവും മാത്രമേയുള്ളൂ… കാശ്മീരന്റെ പഴയ ശാന്തിയും സൗന്ദര്യവും നീ എന്ന് ഞങ്ങള്‍ക്ക് തിരിച്ചു തരും.. എന്നെ കൊന്നോളൂ എന്റെ മക്കളെയെങ്കിലും മനുഷ്യനെ പോലെ ജീവിക്കാന്‍ അനുവദിക്കുക.’ ഈ കവിതയിലെ വരികള്‍ ശാന്തിയും സമാധാനവും വികസനവും ആഗ്രഹിക്കുന്ന കശ്മീരിയുടെ വിലാപമായാണ് നമ്മുടെ കാതുകളില്‍ മുഴങ്ങിയിരുന്നത്. കശ്മീരില്‍ ഇസ്ലാമതം കൊണ്ടുവന്നത് സൂഫികളായിരുന്നു.
കശ്മീരി മുസ്ലിമിന്റെ പാരമ്പര്യം ഹിന്ദുമതത്തിലെയും ബുദ്ധ-ജൈന മതങ്ങളുടെ ഉത്കൃഷ്ടമായ നന്മകള് കൊണ്ട് നിറഞ്ഞതായിരുന്നു. ധ്യാനം, സംന്യാസം, വിരക്തി, ലാളിത്യം, സഹവര്‍ത്തിത്വം തുടങ്ങിയ മൂല്യവത്തായ ജീവിതശൈലിയില്‍ രൂപപ്പെട്ട സൂഫി പാരമ്പര്യം അവനെ കശ്മീരി മുസല്‍മാനാക്കി മാറ്റി. സാര്‍വലൗകികതയുടെയും, സമാധാനത്തിന്റെയും മതമൈത്രിയുടെയും പാവനമായ പാരമ്പര്യം പുലര്‍ത്തിപ്പോന്നവരായിരുന്നു കശ്മീരി മുസ്ലീങ്ങള്‍. 1339 ല്‍ കശ്മീരില്‍ ആദ്യത്തെ മുസ്ലിം ഭരണകൂടം ഷാമീര്‍ എന്ന ഭരണാധികാരിയുടെ കീഴില്‍ തുടങ്ങിവെച്ച ‘രാഷ്ട്രീയഇസ്ലാം’ എന്ന ആശയം കശ്മീരിന്റെ ജൈവീകമായ സ്വത്വ ഘടനയെയും മതവിശ്വാസങ്ങളെയും മാറ്റിമറിച്ചു. അഞ്ചു നൂറ്റാണ്ട് കശ്മീര്‍ ഭരിച്ച മുസ്ലിം ഭരണാധികാരികള്‍ തുടങ്ങിവെച്ച നിര്‍ബന്ധിത മതപരിവര്‍ത്തനവും സൂഫിസംന്യാസി കൂട്ടക്കൊലകളുമെല്ലാം സാത്വികരായ കശ്മീര്‍ ജനതയിലെ ഒരു വിഭാഗത്തെ കടുത്ത യാഥാസ്ഥിതിക മതബോധമുള്ള തീവ്ര ചിന്താഗതിക്കാരാക്കി മാറ്റി. വൈദേശിക മുസ്ലിം ഭരണാധികാരികളില്‍ നിന്ന് മഹാരാജ രഞ്ജിത് സിംഗ് 1819 ല്‍ കശ്മീര്‍ തിരിച്ചുപിടിച്ചപ്പോഴേക്കും കശ്മീര്‍ ജനസംഖ്യയുടെ 70 ശതമാനവും മതപരിവര്‍ത്തനത്തിന് വിധേയമായിരുന്നു. 1846 ലെ ആംഗ്ലോ-സിഖ് യുദ്ധത്തിനുശേഷം ജമ്മുവിലെ രാജാവായ ഗുലാബ് സിങ് അധികാരത്തില്‍ വന്നു.
ജമ്മു, ലഡാക്, കശ്മീര്‍ താഴ്വര, പൂര്‍ണ്ണമായും ഗുലാബ് സിംഗിന്റെ കീഴിലായി. 1932 ല്‍ കശ്മീരി രാജാവായ രാജാ ഹരി സിങ്ങിനെതിരെ ‘മുസല്‍മാനെ കാഫിര്‍ ഭരിക്കേണ്ട’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തീവ്ര ചിന്താഗതിക്കാരായ മത പണ്ഡിതന്മാരെയും മത തീവ്രവാദികളെയും ഒരുമിപ്പിച്ചു കൊണ്ട് ഷെക്ക് മുഹമ്മദ് അബ്ദുള്ള, ജമ്മു ആന്റ് കശ്മീര്‍ മുസ്ലിം കോണ്‍ഫറന്‍സ് ഉണ്ടാക്കുന്നു. രാജഹരിസിംഗ് കശ്മീര്‍ വിട്ടു പോകണമെന്നും അമൃത്സര്‍ കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മത തീവ്രവാദികളെ കൂട്ടുപിടിച്ച് ഷെയ്ഖ് അബ്ദുള്ള രാജഹരിസിംഗിനെതിരെ പ്രക്ഷോഭം ആരംഭിക്കുന്നു.
രാജാഹരിസിംഗ് മഹാരാജാവ് ഭരണം ഒഴിയണമെന്നും ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ജനങ്ങള്‍ക്ക് അധികാരം കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കശ്മീരില്‍ ഷെയ്ഖ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചു. രാജാവ് ഈ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ പരമാവധി ശ്രമിച്ചു. 1931 മുതല്‍ ഷെയ്ഖ് അബ്ദുള്ള നിരന്തരമായി ജയിലിന് അകത്തും പുറത്തും ആയിരുന്നു. 1946ല്‍ ക്വിറ്റ് കശ്മീര്‍ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ഷെയ്ഖ് അബ്ദുള്ളയെ മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 1947 ആഗസ്റ്റ് രണ്ടാമത്തെ ആഴ്ചയില്‍ പാക്കിസ്ഥന്റെ സഹായത്തോടെ പുഞ്ചില്‍ മഹാരാജാവിനെതിരെ പ്രക്ഷോഭം നടന്നു. ഈ പ്രക്ഷോഭത്തിന് പാക്കിസ്ഥാന്റെ സൈനിക സഹായം വിഘടനവാദികള്‍ ലഭിച്ചു. കശ്മീരിനെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് പാക്കിസ്ഥാന് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചരക്കുകളുടെ നീക്കം തടസ്സപ്പെടുത്തുകയും ചെയ്തു. 1947 സെപ്റ്റംബര്‍ 27 ന് കശ്മീരിലെ സ്ഥിതിവിശേഷം ചൂണ്ടിക്കാണിച്ചും പാക്കിസ്ഥാന്റെ അധിനിവേശ ശ്രമങ്ങളെ സൂചിപ്പിച്ചും അടിയന്തരമായി കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പട്ടേല്‍ നെഹ്റുവിന് സുദീര്‍ഘമായ കത്തെഴുതി. 1947 ഒക്ടോബര്‍ 20 ന് ആയിരക്കണക്കിന് പാകിസ്ഥാന്റെ കൂലി പടയാളികള്‍ ബോലോ തക്ബീര്‍ വിളിച്ച് ആയുധങ്ങളുമായി പാക് പിന്തുണയോടെ കശ്മീരിനെ ആക്രമിച്ചു. പാക്കിസ്ഥാന് പിന്തുണയോടെയുള്ള ആക്രമണം എന്ന് ഇന്ത്യ ആരോപിച്ചപ്പോള്‍ പത്താന് ഗോത്ര ജനതയുടെ സ്വാഭാവിക നീക്കമായി കണ്ടാല്‍ മതിയെന്നായിരുന്നു നെഹ്റുവിന്റെ നിലപാട്. പത്താന് ആക്രമണകാരികളുടെ കൈകളില്‍ അത്യാധുനിക ആയുധങ്ങള്‍ ഉണ്ടായിരുന്നത് സ്വാഭാവികമായ പ്രതികരണം ആയി കാണാന്‍ പട്ടേലിനു സാധിച്ചില്ല. ഒക്ടോബര്‍ 24 ആയപ്പോഴേക്കും അവര്‍ ഉറിയില്‍ നിന്ന് ബാരാമുള്ളയിലേക്ക് നീങ്ങിയതോടെ ഇന്ത്യന്‍ സൈനിക സഹായം സ്വീകരിക്കാന്‍ ഹരിസിംഗ് നിര്‍ബന്ധിതനായി. രാജാഹരിസിംഗ് 1947 ഒക്ടോബര്‍ 26ന് കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കുന്നതിനു ഉപാധികളില്ലാതെ തയ്യാറായി. 1947 ഒക്ടോബര്‍ 25ന് ഹരിസിംഗ് നെഹ്റുവിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഷേഖ് അബ്ദുള്ളയെ അടിയന്തിര അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിച്ചു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ത്യയുമായി സംയോജന കരാറില്‍ ഏര്‍പ്പെടുവാനും സൈനിക സഹായം സ്വീകരിക്കുന്നതിനും ഹരിസിംഗ് തയ്യാറായി. ഇന്ത്യയുടെ സൈനിക സഹായം അഭ്യര്‍ത്ഥിച്ചുള്ള കത്തിനോടൊപ്പം സംയോജനക്കരാര്‍ കൂടി ഹരിസിംഗ് ഉള്‍ക്കൊള്ളിച്ചിരുന്നു. 1947 ഒക്ടോബര്‍ 26 നാണ് ഹരിസിംഗ് ഉപാധികളില്ലാതെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്ന മറ്റു നാട്ടുരാജ്യങ്ങളെ പോലെ സംയോജനക്കരാര്‍ ഒപ്പിടുന്നത്. പിറ്റേ ദിവസം ഒക്ടോബര്‍ 27ന് ഗവര്‍ണ്ണര്‍ ജനറല്‍ അത് നിയമ പ്രകാരം സ്വീകരിച്ചു. എന്നാല്‍ 1949 മെയ് 15, 16 തിയ്യതികളില്‍ പട്ടേലിന്റെ വസതിയില്‍ നെഹ്റുവും ഷെയ്ഖ് അബ്ദുള്ളയും പങ്കെടുത്ത യോഗത്തില്‍ സംയോജന കരാറിലെ വ്യവസ്ഥകളെ തകിടം മറിച്ചുകൊണ്ട് കശ്മീരിന് പ്രത്യേക അധികാരം എന്ന ഭരണഘടനാ വിരുദ്ധ നിലപാട് സ്വീകരിച്ചു. പട്ടേലിന്റെ എതിര്‍പ്പിനെ വകവയ്ക്കാതെയാണ് ഭരണഘടന നിര്‍മ്മാണ സമിതിയിലേക്ക് ഷെയ്ഖ് അബ്ദുള്ള, മിര്‍സ മമ്മദ് അഫ്സല് ബെഗ്, മൗലാനാ മൊഹമ്മദ് സയ്യിദ് മസൂദി, മോട്ടി റാം ബൈന്ദ്ര എന്നിവരെ അംഗങ്ങളാക്കുന്നത്. നെഹ്റുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് അനുച്ഛേദം 370 (കരടില്‍ അനുച്ഛേദം 306 എ) തയ്യാറാക്കിയത്.കാശ്മീരിന്റെ സവിശേഷ പദവി അങ്ങിനെ ഇന്ത്യന്‍ ഭരണഘടന തന്നെ അംഗീകരിക്കേണ്ടി വന്നു.
കശ്മീര്‍ ഇന്ത്യയുടെ ഭാഗമായപ്പോഴും നെഹ്റുവിന്റെ സ്ഥാപിത താല്പര്യം കശ്മീരിനെ ആര്‍ട്ടിക്കിള്‍ 370 എന്ന രാജ്യവിരുദ്ധ നിയമത്തിനു കീഴിലാക്കി. രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും ദേശീയതക്കും എതിരായ ഒരു പ്രത്യേക മതരാജ്യം എന്ന സങ്കല്പ്പത്തിലേക്ക് ആര്‍ട്ടിക്കിള്‍ 370 കശ്മീരിനെ നയിച്ചു. ഭീകരവാദത്തിന്റെ ഈറ്റില്ലമായി താഴ്വര മാറി. പിറന്ന മണ്ണില്‍ ജീവിക്കാന്‍ ആകാതെ ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ കാശ്മീര്‍ താഴ്വരയില്‍നിന്ന് പാലായനം ചെയ്യേണ്ടി വന്നു. മതമൗലിക വാദം മുറുകെപ്പിടിച്ച കശ്മീരിലെ മത ഭീകര വാദ സംഘടനകള്‍ കശ്മീര്‍ ജനതയുടെ വിദ്യാഭ്യാസവും വികസനവും നിഷേധിച്ചു. ഭൂമിയിലെ സ്വര്‍ഗം എന്ന വിശേഷിപ്പിക്കുന്ന കശ്മീര്‍ പ്രകൃതി വിഭവങ്ങളാലും പ്രകൃതിരമണീയമായ കാലാവസ്ഥ യാലും സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാണ്. ടൂറിസത്തിന്റെ സാധ്യത മാത്രം പ്രയോജനപ്പെടുത്തിയാല്‍ സ്വിറ്റ്സര്ലണ്ടിനേക്കാള് വികസിതമാകാന്‍ പത്തുവര്‍ഷംകൊണ്ട് കശ്മീരിന് സാധിക്കും. കശ്മീരി ആപ്പിളിന്റെ ആഗോള വിപണന സാധ്യതയും, കശ്മീരി കുങ്കുമത്തിന്റെ ഗുണമേന്മയും പ്രയോജനപെടുത്തിയാല്‍ കശ്മീരിലേക്ക് ഒഴുകുന്ന വിദേശനാണ്യം കശ്മീരിന്റെ വളര്‍ച്ചയ്ക്ക് ഗതിവേഗം കൂട്ടും. കശ്മീരിന്റെ വികസന സാധ്യതകള്‍ മനസ്സിലാക്കിയ നരേന്ദ്ര മോദി സര്‍ക്കാര്‍ 370 ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിന്റെ വ്യവസായ വികസനത്തിനുവേണ്ടി കേന്ദ്ര വ്യവസായ വ്യാപാര പ്രോത്സാഹന വകുപ്പ് വഴി 28400 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. 2037 നുള്ളില്‍ പൂര്‍ത്തീകരിക്കുന്ന ഈ പദ്ധതികള്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനും വഴി കാശ്മീര്‍ ജനതയുടെ സാമൂഹിക സാമ്പത്തിക വികാസവുമാണ് ലക്ഷ്യമാക്കുന്നത്. കശ്മീരില്‍ യുവാക്കള്‍ കൂട്ടത്തോടെ വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞിരുന്ന പഴയ സ്ഥിതിക്കു മാറ്റം വന്നിരിക്കുന്നു. തൊഴിലില്ലായ്മയും വികസന മുരടിപ്പുമാണ് കശ്മീര്‍ നേരിട്ടുകൊണ്ടിരുന്ന മുഖ്യപ്രശ്നം. തൊഴിലില്ലായ്മയ്ക്കു പരിഹാരമുണ്ടാകണമെങ്കില്‍ വര്‍ദ്ധിച്ച തോതിലുള്ള അവസരങ്ങള്‍ സൃഷ്ടിക്കണം.
സ്വത്തവകാശം സംബന്ധിച്ച നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ പുറത്തുനിന്ന് വ്യവസായികള്‍ വരാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 ഉണ്ടാക്കിയ വികസന മുരടിപ്പില്‍ നിന്ന് കശ്മീരിലെ മോചിപ്പിക്കാന്‍ ജമ്മുകശ്മീരിന്റെ ആധുനീകരണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. റോഡ്, റെയില്‍, വ്യോമ ഗതാഗതങ്ങള്‍ വികസിപ്പിക്കുന്നു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ സമ്പര് പദ്ധതിയുടെ ഭാഗമായി ജമ്മുവില്‍ ആയിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു. നൂതന സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ രണ്ടു വര്‍ഷങ്ങളായി കശ്മീരിലെ 4200 കിലോമീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുകയും 5800 മീറ്ററില്‍ സ്ഥിരം പാലങ്ങളും കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ചു കഴിഞ്ഞിരിക്കുന്നു. മത ഭീകരരുടെ ഭീഷണയില്‍ പലായനം ചെയ്യപ്പെട്ട കശ്മീരി ഹിന്ദുക്കള്‍ പിറന്നമണ്ണിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. കശ്മീര്‍ മാറുകയാണ്. കശ്മീരിലെ ജനതയും മാറുകയാണ്. ഇന്ത്യയുടെ സാംസ്കാരിക സ്വത്വത്തില്‍ നിന്ന് മാറിനില്ക്കാന് ജൈവപരമായി കശ്മീരിനു സാധിക്കില്ല. ഇന്ത്യയുടെ കിരീടമായി കശ്മീര്‍ ലോകത്തിനു മുന്നില്‍ തിളങ്ങാന്‍ പോകുന്നു.. ത്രിവര്‍ണ്ണപതാക നെഞ്ചിലേറ്റി ഇന്ത്യക്കാരാണെന്നു പറയാന്‍ മടിയില്ലാത്ത ജനതയായി അവര്‍ മാറിക്കൊണ്ടിരിക്കുന്നു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവത്യാഗം ആദര്‍ശത്തില്‍ അധിഷ്ഠിതമായിരുന്നു.
രാഷ്ട്രത്തിന്റെ ചേതനയെ മുറുകെപ്പിടിച്ചതിന്റെ പേരിലായിരുന്നു ആ ബലിദാനം. കശ്മീര്‍ ഒരു സന്ദേശമാണ്. രാജ്യവിരുദ്ധ ശക്തികള്‍ക്കും വിഘടനവാദികള്‍ക്കും എതിരെയുള്ള വികസനത്തിന്റെ, സാംസ്കാരിക ദേശീയതയുടെ, ഉയിര്ത്തെഴുന്നേല്പിന്റെ, അഖണ്ഡതയുടെ, രാഷ്ട്രപുനര്‍ നിര്‍മ്മാണത്തിന്റെ ക്രിയാത്മകമായ സന്ദേശം. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബലിദാനം വെറുതെ ആയില്ലെന്ന് ചരിത്രം തെളിയിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: