ലാഹോര്‍: മതനിന്ദാ കുറ്റത്തിന് തെളിവില്ലെന്ന് കണ്ട് കഴിഞ്ഞ വര്‍ഷം കോടതി വിട്ടയച്ചയാളെ പാകിസ്ഥാനില്‍ പോലീസുകാരന്‍ വെട്ടിക്കൊന്നു. മധ്യപാകിസ്ഥാന്‍ ജില്ലയായ സാദിഖാബാദില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കുറ്റാരോപിതനായ 21 കാരന്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് പോലീസ് സേനയില്‍ ചേര്‍ന്നത്. വഖാസ് മതനിന്ദ ചെയ്തതിനാണ് അയാളെ കൊന്നത് എന്നാണ് സംഭവത്തെ കുറിച്ചുള്ള പ്രതിയുടെ വിശദീകരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍.
കൊലചെയ്യപ്പെട്ട വഖാസ് 2016 ലാണ് മതനിന്ദാ കുറ്റത്തിന് അറസ്റ്റിലായത്. പ്രവാചകന്‍ മുഹമ്മദിനെ അവഹേളിയ്‌ക്കുന്ന ഉള്ളടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു എന്നതാണ് ആരോപിയ്‌ക്കപ്പെട്ട കുറ്റം. 2020 ല്‍ ലാഹോര്‍ ഹൈക്കോടതി കേസ് തള്ളിക്കളയുകയും വഖാസിനെ ജയിലില്‍ നിന്നും വിട്ടയയ്‌ക്കുകയും ചെയ്‌തെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ജയില്‍ വിമോചിതനായെങ്കിലും കുറെനാള്‍ വഖാസ് ഒളിവ് ജീവിതം നയിയ്‌ക്കുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് അയാള്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയതെന്ന് പോലീസ് വക്താവ് പറഞ്ഞു. ഇസ്ലാം രാജ്യമായ പാകിസ്ഥാനില്‍ പ്രവാചക നിന്ദയ്‌ക്ക് വധ ശിക്ഷയാണ് വിധിയ്‌ക്കാറുള്ളത്. ഈ മതനിയമങ്ങള്‍ വലതുപക്ഷ സംഘടനകളുടെ കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. കാരണം കോടതികള്‍ കുറ്റ വിമുക്തരാക്കിയാലും പലപ്പോഴും പ്രതികളെ ആക്രമിക്കാന്‍ ഈ നിയമത്തിന്റെ മറവില്‍ മതമൗലീകവാദികള്‍ തയ്യാറായിട്ടുണ്ട്.
2020 ജൂലൈയില്‍ മതനിന്ദാ കുറ്റവിചാരണ നേരിടുകയായിരുന്ന പാകിസ്ഥാന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ താഹിര്‍ നസീമിനെ പെഷവാര്‍ കോടതിക്കുള്ളില്‍ വച്ച് വെടിവച്ചു കൊന്നിട്ടുണ്ട്. അന്ന് ആ കേസിലെ പ്രതിയായ ഫൈസല്‍ ഖാന്‍ എന്ന കൗമാരക്കാരനെ പിന്തുണച്ചു കൊണ്ട് മതമൗലീകവാദികള്‍ തെരുവു റാലികള്‍ നടത്തിയിരുന്നു. പോലീസുകാര്‍ പ്രതിയോടൊപ്പം സെല്‍ഫികള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യാന്‍ മത്സരിച്ചു.
ഏപ്രിലില്‍ തെഹ്രിക്ക് ഈ ലബൈക്ക് പാകിസ്ഥാന്‍ എന്ന സംഘടനയുമായി ബന്ധമുള്ള തീവ്രവാദികള്‍ രാജ്യമെമ്പാടും സുരക്ഷാ സേനകളുമായി ആഴ്ചകളോളം ഏറ്റുമുട്ടുകയും, പൊലീസുകാരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. പ്രവാചകന്‍ മുഹമ്മദിനെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: