പാലക്കാട്: തന്റെ സുഹൃത്തുക്കളുടെ പഠനാവശ്യത്തിന് സഹായം കിട്ടാനാണ് നടന് മുകേഷിനെ വിളിച്ചതെന്ന് വെളിപ്പെടുത്തി വിദ്യാര്‍ത്ഥി. മുകേഷില്‍ നിന്നും രോഷത്തോടെയുള്ള മറുപടി കിട്ടിയ ഈ വിദ്യാര്‍ത്ഥി ഒറ്റപ്പാലം മീറ്റ്ന സ്വദേശിയാണ്.
‘ക്ലാസില്‍ ഒരു പാട് കുട്ടികള്‍ക്ക് ഫോണില്ല. കൂട്ടുകാരന് ഫോണ്കിട്ടാനാണ് വിളിച്ചത്. അദ്ദേഹം ഫോണ്‍ ഇല്ലാത്തവര്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കുന്നതായി കേട്ടിരുന്നു. എനിക്ക് ഫോണ്‍ കിട്ടാന്‍ കുറെ ബുദ്ധിമുട്ടിയിരുന്നു. അമ്മയുടെ ശമ്പളം ഉപയോഗിച്ചാണ് ഫോണ്‍ വാങ്ങിയത്. ബാക്കിയുള്ള കുട്ടികള്‍ കഷ്ടപ്പെടുന്നുണ്ടാകാം. അതു വിചാരിച്ചാണ് വിളിച്ചത്.’- വിദ്യാര്‍ത്ഥി പറഞ്ഞു.
‘സിനിമാനടന് കൂടിയായതിനാല്‍ സഹായിക്കുമെന്ന് കരുതി. ആറ് തവണ വിളിച്ചതുകൊണ്ടാകാം മുകേഷിന് ദേഷ്യം വന്നത്,’- വിദ്യാര്‍ത്ഥി പറഞ്ഞു.
മുകേഷിന്റെ കാള്‍ റെക്കോഡ് ചെയ്തത് ശ്രദ്ധകിട്ടാനാണ്. കൂട്ടുകാരന് മാത്രമേ റെക്കോഡ് ചെയ്ത സംഭാഷണം അയച്ചുകൊടുത്തതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
സഹായം തേടിയ വിദ്യാര്‍ത്ഥിയെ വെച്ച് ഗൂഡാലോചന നടത്തിയതാണെന്നും രാഷ്ട്രീയമാണ് പിന്നിലെന്നും ആരോപിച്ച് മുകേഷ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മുകേഷിനെതിരെ ദേശീയ ബാലാവകാശ കമ്മിഷന് പരാതി നല്കി. വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയ എംഎല്‍എ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് എംഎല്‍എ ഓഫീസിലെത്തി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: