തിരുവനന്തപുരം: സമൂഹത്തില്‍ ആദ്ധ്യാത്മിക ,ധാര്‍മിക മാറ്റങ്ങള്‍ ഉണ്ടാക്കുന്നതില്‍ ബാലസാഹിതി പ്രകാശന് പ്രധാന പങ്കുവഹിച്ചതായി പത്മശ്രീ ബാലന് പൂതേരി. ജ്ഞാനയജ്ഞം വഴി ഭഗവത്ഗീതയും, ജ്ഞാനപ്പാനയും, ഭജനകളും, മലയാള ഗീതങ്ങളും , നല്ല കഥകളും ലക്ഷക്കണക്കിന് വീടുകളില്‍ എത്തിച്ചു. കേരളത്തിന്റെ ആവശ്യമറിഞ്ഞ് സാഹിത്യകാരന്മാരെ കണ്ടെത്തി രചനകള്‍ പുസ്തകമാക്കി സമൂഹത്തില്‍ എത്തിച്ചു. ഇനിയും ശക്തമായ സാംസ്കാരിക മാറ്റം ഉണ്ടാക്കാന്‍ സാധിക്കും. ബാലസാഹിതി പ്രകാശന്റെ സംസ്ഥാന സമ്മേളം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ പാരമ്പര്യവും സംസ്കാരവും കൈവിടാതിരിക്കാന്‍ സഹായിക്കുന്ന അമൂല്യ ഗ്രന്ഥങ്ങളാണ് ബാലസാഹിതിയുടേതെന്ന് അധ്യക്ഷം വഹിച്ച ഐ.എസ്. കുണ്ടൂര്‍ പറഞ്ഞു. സാംസ്കാരിക ജീര്‍ണതയുടേയും അരാജകത്വത്തിന്റേയും വിത്തുകള്‍ വിതയ്ക്കുന്ന പ്രസിദ്ധീകരണങ്ങള്‍ ഇന്ന് സമൂഹത്തില്‍ പുഴുക്കുത്തുകള്‍ വീഴ്ത്തുമ്പോള്‍ ബാലസാഹിതി പ്രസിദ്ധീകരണങ്ങള്‍ കുരുന്നുമനസ്സുകള്‍ക്ക് പ്രചോദനമാകുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാലഗോകുലത്തിന്റെ സുപ്രധാനമായൊരു സാംസ്കാരിക പ്രവര്‍ത്തനമാണ് ബാലസാഹിതി പ്രകാശന് ചെയ്തുകൊണ്ടിരിക്കുന്നതതെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ പറഞ്ഞു.കുട്ടികളുടെ കയ്യില്‍ വെണ്ണപോലെ പവിത്രമായ പുസ്തകങ്ങള്‍ കൊടുക്കാന്‍ സാധിക്കണം. നാം അറിയുന്ന ആദ്യത്തെയും പ്രധാനപ്പെട്ടതുമായ ബാലസാഹിത്യകാരന്‍ കുഞ്ഞുണ്ണിമാസ്റ്ററാണ്. ‘മെയ് 10 കുഞ്ഞുണ്ണി മാസ്റ്ററുടെ ജന്മദിനം ബാലസാഹിത്യദിനം ആയി മാറണം ‘ ഇത് ബാലസാഹിത്യത്തിനായി ഒരു ദിനം എന്ന നിലയില്‍ വരണം. ബാലസാഹിത്യ സമ്മേളനങ്ങള്‍ നടക്കണം. ബാലസാഹിത്യ പുസ്തകോത്സവങ്ങള്‍ നടത്തണം. കുട്ടികളുടെ ആരോഗ്യ പരിപാലനം സംബന്ധിച്ച പുസ്തകം, ഭൂമിയേയും മണ്ണിനേയും കുറിച്ചുള്ള പുസ്തകം, കുട്ടികള്‍ക്ക് പ്രേരണ കൊടുക്കുന്ന പുസ്തകം തുടങ്ങി ലളിതവും ഹൃദയസ്പര്‍ശിയുമായ പുസ്തകങ്ങള്‍ തയ്യാറാക്കാനാകണം. കുട്ടികള്‍ക്ക് പിറന്നാള്‍ സമ്മാനമായി നല്ല പുസ്തകങ്ങള്‍ കൊടുക്കുന്ന ശീലം വരണം. പ്രസന്നകുമാര്‍ പറഞ്ഞു.എം.എ.അയ്യപ്പന്, യു.പ്രഭാകരന്, പി.ബി.അശോകന് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ചെയര്മാന് – എന്‍. ഹരീന്ദ്രന്‍ ,വൈസ് ചെയര്മാന്. – ഐ.എസ്. കുണ്ടൂര്‍,എം.എ. അയ്യപ്പന്‍മാസ്റ്റര്‍ ,ജനറല്‍ സെക്രട്ടറി – യു. പ്രഭാകരന്,. ട്രഷറര്‍ – പി.ബി.അശോകന്,സമിതി അംഗങ്ങള്‍-ഡോ.എ.ആര്. എസ്. മേനോന്, മണി.കെ.ചെന്താപ്പൂര്, വേണു വാരിയത്ത്, വി.അജിത് കുമാര്‍, എം.ആര്. പ്രമോദ്,കെ എസ് നാരായണ്‍ എന്നിവരെ തെരഞ്ഞെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: