റിയോ ഡി ജനീറോ: കളം നിറഞ്ഞ മെസിയുടെ കരുത്തില്‍ ഇക്വഡോറിനെ തകര്‍ത്ത് അര്‍ജന്റീന കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മെസ്സിയും സംഘവും ജയിച്ചത്. ഒരു ഗോളടിക്കുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കിയുമാണ് മെസ്സി വിജയനായകനായത്. 40-ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോള്‍, 84-ാം മിനിറ്റില്‍ ലൗട്ടൗരോ മാര്‍ട്ടിനസ്, ഇഞ്ചുറി ടൈമില്‍ ഫ്രീകിക്കിലൂടെ ലയണല്‍ മെസ്സി എന്നിവരാണ് അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. ബുധനാഴ്ച നടക്കുന്ന സെമിയില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ അര്ജന്റീനയ്ക്കായെങ്കിലും ഇക്വഡോര്‍ പ്രതിരോധം പൊളിക്കാനായില്ല. ഇടയ്ക്ക് ചില മികച്ച പ്രത്യാക്രമണങ്ങളുമായി ഇക്വഡോറും കളം നിറഞ്ഞതോടെ കളി ആവേശത്തിലായി.
രണ്ടാം മിനിറ്റില്‍ തന്നെ ലൗട്ടാരോ മാര്‍ട്ടിനെസിന്റെ ഗോള്‍ശ്രമം ഇക്വഡോര്‍ ഗോളി ഗലിന്‍ഡസ് തടയുന്നത് കണ്ടാണ് മത്സരം ആരംഭിച്ചത്. നാലാം മിനിറ്റില്‍ ലോ സെല്‍സോയും അവസരം നഷ്ടപ്പെടുത്തി. 23-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ മെസ്സിയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു. 24-ാം മിനിറ്റില്‍ ഇക്വഡോറിനും അവസരം ലഭിച്ചു. ജെഗസണ്‍ മെന്‍ഡസിന്റെ ഷോട്ട് അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി. പിന്നീട് 38-ാം മിനിറ്റില്‍ ഇക്വഡോര്‍ നായകന് എന്നര് വലന്‍സിയയ്ക്കു ലഭിച്ച അവസരവും ഗോളാക്കാന്‍ കഴിഞ്ഞില്ല. പലപ്പോഴും അര്‍ജന്റീന പ്രതിരോധത്തിന്റെ ദൗര്‍ബല്യം മുതലെടുത്ത് ഇക്വഡോര്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഫിനിഷിങ്ങിലെ പിഴവുകള്‍ അവര്‍ക്ക് തിരിച്ചടിയായി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 40-ാം മിനിറ്റില്‍ അര്‍ജന്റീന ആദ്യ ഗോളടിച്ചു. മെസ്സിയുടെ പാ
സില് നിന്ന് റോഡ്രിഗോ ഡി പോളാണ് ലക്ഷ്യം കണ്ടത്. മെസ്സിയുടെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മെസ്സിയില്‍ നിന്ന് പന്ത് ലഭിച്ച ലൗട്ടാരോ മാര്‍ട്ടിനെസിന്റെ മുന്നേറ്റം ഇക്വഡോര്‍ ഗോള്‍കീപ്പര്‍ ഹെര്‍നന്‍ ഗലിന്‍ഡസ് തടഞ്ഞു. ഈ ശ്രമത്തില്‍ നിന്ന് പന്ത് ലഭിച്ച മെസ്സി അത് നേരേ പോളിന് നീട്ടിനല്‍കുകയായിരുന്നു. ഗോള്‍കീപ്പര്‍ സ്ഥാനം തെറ്റിനിന്ന അവസരം മുതലെടുത്ത് പോള്‍ അനായാസം പന്ത് വലയിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗലിന്‍ഡസ് ഇരട്ട സേവുമായി വീണ്ടും ഇക്വഡോറിന്റെ രക്ഷയ്ക്കെത്തി. മെസ്സിയുടെ ഫ്രീകിക്കില്‍ നിന്നുള്ള നിക്കോളാസ് ഗോള്‍സാലസിന്റെ ഹെഡര്‍ തടഞ്ഞിട്ട ഗലിന്‍ഡെസ്, ഗോള്‍സാലസിന്റെ റീബൗണ്ട് ഷോട്ടും തടഞ്ഞിടുകയായിരുന്നു. ആദ്യ പകുതിയില്‍ അര്‍ജന്റീന 1-0ന് മുന്നില്‍.
രണ്ടാം പകുതിയിലും മികച്ച ഫുട്ബോളാണ് ഇരുടീമുകളും കാഴ്ചവച്ചത്. എന്നാല്‍ ലീഡ് ഉയര്‍ത്താന്‍ അര്‍ജന്റീനക്കോ സമനില ഗോള്‍ കണ്ടെത്താന്‍ ഇക്വേഡാറിനോ കഴിഞ്ഞില്ല. ഇതിനിടെ 71-ാം മിനിറ്റില്‍ അര്‍ജന്റീന നിരയില്‍ പകരക്കാരനായി എയ്ഞ്ചല്‍ ഡി മരിയ കളത്തിലെത്തി. ഇതോടെ അവരുടെ മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച കൈവന്നു. ഒടുവില്‍ 84-ാം മിനിറ്റില്‍ അവര്‍ ലീഡ് ഉയര്‍ത്തി. സ്വന്തം ബോക്സിനു സമീപം അര്‍ജന്റീന താരങ്ങളെ പാസിങ്ങിലൂടെ കബളിപ്പിക്കാനുള്ള ശ്രമത്തിനിടെ ഇക്വഡോര്‍ ഡിഫന്ഡറില്നിന്ന് മരിയ പന്ത് റാഞ്ചി. ഓടിയെത്തിയ മെസ്സി പന്ത് പിടിച്ചെടുത്ത് ഇടതു ഭാഗത്തുകൂടി കയറിയെത്തിയ മാര്‍ട്ടിനസിന് മറിച്ചു. മാര്‍ട്ടിനസിന്റെ ഷോട്ട് പിഴവുകളൊന്നും കൂടാതെ വലയില്‍ കയറി.
മരിയയുടെ ഒറ്റയ്ക്കുള്ള മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച ഫ്രീ കിക്കിനൊടുവിലാണ് മൂന്നാം ഗോള്‍ പിറന്നത്. പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റില്‍ ഇക്വഡോര്‍ ബോക്സ് ലക്ഷ്യമിട്ട് മരിയയുടെ കുതിപ്പ്. തടയാനെത്തിയ ഇക്വഡോര്‍ പ്രതിരോധത്തിലെ പിയേറോ ഹിന്കാപിയുമായുള്ള പിടിവലിയില്‍ മരിയ നിലത്തുവീണു. റഫറി പെനല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടിയെങ്കിലും ‘വാര്’ പരിശോധനയ്ക്കൊടുവില്‍ ബോക്സിനു തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ ഫ്രീകിക്കാണ് അനുവദിച്ചത്. രണ്ടാം മഞ്ഞക്കാര്‍ഡ് നല്കി ഹിന്‍കാപിക്ക് മാര്‍ച്ചിങ് ഓര്‍ഡറും നല്കി. കിക്കെടുത്ത മെസ്സി പെനല്‍റ്റി ഗോളാക്കുന്നതിലും അനായാസമായി, സുന്ദരമായി പന്ത് വലയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: