എസ്. ശ്രീനിവാസ് അയ്യര്‍
മനുഷ്യര്‍ക്ക് ഇഹലോകത്തില്‍ ഒരു വൈതരണി ഉണ്ടെങ്കില്‍ അത് ശനിദശയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. കരിമലകയറ്റം പോലെ കഠിനമായ ഒരു ജീവിതസന്ധി എന്ന മട്ടിലുള്ള ഭാഷ്യവും കണ്ടിട്ടുണ്ട്. അതിനാല്‍ തന്നെ ശനിദശ എന്നത് സാധാരണക്കാരായ ജ്യോതിഷ വിശ്വാസികളുടെ ഒരു പേടിസ്വപ്‌നമാണ് എന്താണ് സത്യം.
ജ്യോതിഷത്തിലെ ശുഭഗ്രഹം, പാപഗ്രഹം എന്ന സങ്കല്പം തന്നെ ആപേക്ഷികമാണ്. ശനിയെ പാപഗ്രഹങ്ങളുടെ കരിമ്പട്ടികയിലാണ് ചേര്‍ത്തിരിക്കുന്നത്. പക്ഷേ അത് ചില രാശിക്കാര്‍ക്ക് മാത്രമാണ്. മേടം, കര്‍ക്കിടകം, ചിങ്ങം, വൃശ്ചികം, ധനു, മീനം എന്നിവ ലഗ്‌നമോ കൂറോ ആയിട്ടുള്ളവര്‍ക്ക് ശനി പൊതുവേ കൊടുങ്കാറ്റ് വിതയ്‌ക്കുന്നവനാണ് എന്നാണ് നിയമം.
അങ്ങനെ പറയുമ്പോഴും മറ്റുചില സത്യങ്ങളുണ്ട്, പരിഗണനാര്‍ഹങ്ങളായി. ശനി ഗ്രഹനിലയില്‍ ബലവാനെങ്കില്‍ സദ്ഭാവം, സ്വക്ഷേത്രാദിരാശി സ്ഥിതി എന്നിവയുണ്ടെങ്കില്‍ ഗുണം ചെയ്യുന്ന ഗ്രഹമായി മാറും. നീചം, മൗഢ്യം, ശത്രുക്ഷേത്രസ്ഥിതി മുതലായവ വന്നാല്‍ ശനി ഏറെ ദുര്‍ബലനാവും. അങ്ങനെയുള്ള ക്ഷീണാവസ്ഥയില്‍ ശനി മാത്രമല്ല ഏതുഗ്രഹവും ആപല്‍ക്കാരിയാവും എന്നതാണ് പച്ചപ്പരമാര്‍ത്ഥം. നീചമോ മൗഢ്യമോ ഒക്കെ വന്നാല്‍ വ്യാഴം പോലും കഠിനപരീക്ഷണങ്ങള്‍ സമ്മാനിക്കുന്ന ഒരു ദുര്‍ദേവനെപ്പോലെ പെരുമാറും! അവിടെയും ശനിയെ മാത്രമായി പ്രതിക്കൂട്ടില്‍ കയറ്റാനാവില്ല എന്ന് ചുരുക്കം.
മൂന്നാമത്, അഞ്ചാമത്, ഏഴാമത് ആയി വരുന്ന ദശകള്‍, ഏതു ഗ്രഹത്തിന്റേതായാലും ചിലപ്പോഴെങ്കിലും കണ്ണില്‍ ചോരയില്ലാതെ പെരുമാറുന്ന ദശകളാണ്. അവയ്‌ക്ക് യഥാക്രമം ആപന്നദശ (ആപത്തുണ്ടാക്കുന്ന ദശ), പ്രത്യരിദശ (ശത്രുക്കളെ സൃഷ്ടിക്കുന്ന ദശ), വധദശ (മരിപ്പിക്കാന്‍ ശക്തിയുള്ള ദശ) എന്നൊക്കെയാണ് പേരുകള്‍. അവിടെയും ശനിയെ മാത്രം ലക്ഷ്യമാക്കി കല്ലെറിയാനാവില്ല. രാഹു, കേതു എന്നിവയുടെ ചേര്‍ച്ച ഏത് ഗ്രഹങ്ങളുടെ ദോഷശക്തിയേയും കൂട്ടും. ശുഭഗ്രഹങ്ങളെ തളര്‍ത്തും. അതാണ് നിയമം. അതും എല്ലാ ഗ്രഹങ്ങള്‍ക്കും ഉള്ള പൊതു നിയമമാണ്.
ഗുളിക ഭവനാധിപത്യം, ഗുളികയോഗം എന്നിവ വന്നാല്‍ ശനിയുടെ ക്രൗര്യം കൂട്ടും, സംശയമില്ല. അത് ഏത് ഗ്രഹത്തിനും ഒട്ടൊക്കെ ബാധകമാണ്! ഗ്രഹങ്ങളുടെ നന്മ ചെയ്യുവാനുള്ള കഴിവിനെ ഗുളികന്‍ തുരങ്കം വെക്കുമെന്നതും ഒരു വസ്തുത തന്നെയാണ്!
ശനിയെന്നും ശനിദശയെന്നും കേള്‍ക്കുമ്പോള്‍ പാതാളത്തെ അഭിമുഖീകരിക്കുന്നതു പോലത്തെ മനോഭാവം ഉടലെടുക്കുകയാണ്! അത് മാറണം/ മാറ്റണം എന്നാണ് വസ്തുതകള്‍ അപഗ്രഥിക്കാന്‍ ശ്രമിക്കുന്ന ഒരു എളിയ ജ്യോതിഷ വിദ്യാര്‍ത്ഥി എന്ന നിലയ്‌ക്കുള്ള എന്റെ ബോധ്യവും അപേക്ഷയും. ‘ശനിഭയം’ അനാവശ്യമാണ്. ഉത്തമ ദൈവജ്ഞനെക്കൊണ്ട് ഗ്രഹനില പരിശോധിപ്പിക്കുകയും യഥാര്‍ത്ഥഫലം മനസ്സിലാക്കുകയും ചെയ്യുക. സമര്‍പ്പണ ബുദ്ധ്യാ ഉള്ള വഴിപാടുകളും പ്രാര്‍ത്ഥനയും സാന്ത്വനവും സഞ്ജീവനവും ആകാതിരിക്കില്ല. ശനിദശ പോലെ തന്നെ കണ്ടകശനി, ജന്മശനി, അഷ്ടമശനി, ഏഴരശ്ശനി തുടങ്ങിയ പദങ്ങളും ഭീതിയും വിഷാദവും സൃഷ്ടിക്കുന്ന പദാവലികളായി മാറിയിട്ടുണ്ട്, ഇക്കാലത്ത്. അവിടെയും നിറയുന്നത് ഭാഗികസത്യങ്ങള്‍ മാത്രമാണ് എന്നതാണ് ഉണ്‍മ!
സ്വയം നവീകരിക്കുക, തെറ്റുതിരുത്തുക, അധ്വാനപൂര്‍ണമായ ജീവിതം നയിക്കുക, സഹജീവികള്‍ക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന ബോധ്യം പുലര്‍ത്തുക, കഴിയുന്നതും ന്യായത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലയുറപ്പിക്കുക ഇവ ശനിദോഷം/ ശനിപ്പിഴ തുടങ്ങിയ ഭയങ്ങളെ പ്രതിരോധിക്കുന്ന മികച്ച വാക്‌സിനുകളാണ്. അവ രണ്ടുവട്ടം എടുക്കുന്നതോടെ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസ്ഥിതി മെച്ചപ്പെടുമെന്നതില്‍ തര്‍ക്കമില്ല!
‘നീലാഞ്ജനസമാഭാസം/രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം/ തം നമാമി ശനൈശ്ചരം’ എന്ന ശനി മന്ത്രം തുണയരുളട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: