തൃശൂരിലെ പാറക്വാറിയില്‍ സ്ഫോടനം ഉണ്ടായത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. സ്ഫോടക വസ്തുക്കളുടെ വന്‍ശേഖരമാണ് അവിടെ ഉപയോഗിച്ചത്. അതിന് പിന്നാലെ സംസ്ഥാനത്ത തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സ്ഥാനം ഒഴിയവെ പോലീസ് മേധാവി ലോക്നാഥ് ബഹ്റ സമ്മതിക്കുകയും ചെയ്തു. ഇതാദ്യമായി പറയുന്ന പോലീസ് ഉദ്യോഗസ്ഥനുമല്ല ബഹ്റ. മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്നേ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും സാമ്പത്തിക വഴിയും റിക്രൂട്ട്മെന്റുമെല്ലാം തുറന്നു കാട്ടിയ പോലീസ് റിപ്പോര്‍ട്ടുകള്‍ സംസ്ഥാനത്തിന് കൈമാറിയിരുന്നു.
മലബാര്‍ മേഖലയിലെ വിവിധ പോലീസ്സ്റ്റേഷന് പരിധിയില്‍ 1995-96 സമയത്ത് തുടര്‍ച്ചയായി ഹിന്ദുനേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. 1995ല്‍ വാടാനപ്പിള്ളി രാജീവ്, 1996 ല്‍ കൊല്ലങ്കോട് മണി, മതിലകം സന്തോഷ്, വളാഞ്ചേരി താമി എന്നിവരാണ് ദുരൂഹ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. കൊല്ലങ്കോട് മണിയുടെ കൊലപാതക കേസില്‍ പി.എ.മുഹമ്മദ് ഷരീഫ് എന്നയാള്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ക്ക് തീവ്രവാദ സംഘടനയായ ‘അല്‍-ഉമ്മ’യുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെയാണ് മറ്റ് കൊലപാതകങ്ങളിലും ഇസ്ലാമിക തീവ്രവാദികളുടെ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നത്. അതോടെ അന്വേഷണം ക്രൈം ഇന്‍വസ്റ്റിഗേഷന്‍ വിഭാഗത്തിന് കൈമാറി. അന്ന് ടി.പി.സെന്‍കുമാര്‍ ആയിരുന്നു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡിഐജി. കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതിനായി രണ്ട് പ്രത്യേക സംഘത്തെ സെന്‍കുമാര്‍ ചുമതലപ്പെടുത്തി.
കോഴിക്കോട് സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ഖാദര്‍, കോഴിക്കോട് സിബിസിഐഡി സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി എ.കെ.വിജയശങ്കര്‍ എന്നിവരെ തലവന്മാരാക്കിയായിരുന്നു രണ്ട് അന്വേഷണ സംഘങ്ങള്‍ രൂപവത്കരിച്ചത്. ഈ കൊലപാതകങ്ങളില്‍ അല്‍-ഉമ്മയുടെ പങ്കും പ്രവര്‍ത്തന രീതിയും ഇത്തരം തീവ്രഗ്രൂപ്പുകള്‍ക്ക് പണം വരുന്ന വഴിയും അന്വേഷിക്കണമെന്നും നിര്‍ദ്ദേശം നല്കി. ആ അന്വേഷണത്തിലാണ് അല്‍-ഉമ്മ എന്ന ഭീകര സംഘടനയുടെയും അബ്ദുള്‍ നാസര്‍ മദനിയുടെ ഇസ്ലാമിക് സേവാ സംഘിന്റെയും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആഴവും പരപ്പും വെളിവാകുന്നത്.
1990മുതല്‍ വിഘടന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സമ്പാദിക്കാന്‍ കൊള്ളയും തീവെപ്പും നടത്തുകയായിരുന്നു ഈ തീവ്രവാദ ഗ്രൂപ്പുകള്‍. മലബാര്‍ മേഖലയിലെ വിവിധ സ്റ്റേഷനുകളിലായി നൂറോളം തീവയ്പ്-മോഷണങ്ങള്‍ എന്നിവ തീവ്രവാദികള്‍ നടത്തിയെന്ന് കണ്ടെത്തി. നോമ്പ്കാലത്ത് തുറന്നിരുന്ന ചായക്കടകളും ഹോട്ടലുകളും കള്ളുഷാപ്പുകളും ചാരായഷോപ്പുകളും കത്തിച്ചു. മോട്ടോര്‍പമ്പുകള്‍, കാണിക്കവഞ്ചി, ഇരുച്ക്രവാഹനങ്ങള് തുടങ്ങിയവ മോഷ്ടിച്ചു. ഇതിനിടെ വളാഞ്ചേരി താമിയുടെ കൊലപാതകികളെ അന്വേഷണസംഘം പിടികൂടി. ചോദ്യം ചെയ്യലിനിടയില്‍ കൊളത്തൂര്‍ സ്റ്റേഷന് പരിധിയിലെ മോഹനചന്ദ്രനെ 1995 ആഗസ്റ്റ് 18ന് കൊലപ്പെടുത്തിയതും ഇവരാണെന്ന് സമ്മതിച്ചു. കൊലപാതകങ്ങളിലെല്ലാം അന്‍സാരി, അന്‍വാരി എന്ന സെയ്ദലവി, ഹബീബ് കോയത്തങ്ങള്‍, വെള്ള അന്‍വാരി, ഗഫൂര്‍, അസീസ് തുടങ്ങിയവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തി. ഇവരുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള അന്വേഷണം ജം ഇയ്യത്തുള്‍ ഇഹ്സാനിയയിലും അതുവഴി അല്‍-ഉമ്മയിലും എത്തുകയായിരുന്നു.
തുടര്‍ന്നാണ് അല്‍-ഉമ്മയെ കുറിച്ചുള്ള രഹസ്യ റിപ്പോര്‍ട്ട് 1997 ജൂലൈ 3ന് സെന്‍കുമാര്‍ അന്നത്തെ സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിക്കുന്നത്. റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതിങ്ങനെ: സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം അന്വേഷിച്ച കൊലപാതകങ്ങള്‍ക്കെല്ലാം പിന്നില്‍ ജം ഇയ്യത്തുള്‍ ഇഹ്സാനിയ എന്ന തീവ്രവാദ സംഘടനയാണ്. ഇവര്‍ക്ക് അല്‍-ഉമ്മ എന്ന ഭീകര സംഘടനയുമായി ബന്ധമുണ്ട്. അല്‍-ഉമ്മയ്ക്ക് കേരളത്തില്‍ നേതൃത്വം നല്‍കുന്നത് കോയമ്പത്തൂര്‍ സ്വദേശി ബാഷയാണ്. ഇയാള്‍ മലപ്പുറം പൈപ്പ് ബോംബ് കേസിലെ പ്രതിയായിരുന്നു. ജം ഇയ്യത്തുള്‍ ഇഹ്സാനിയയും അല്‍-ഉമ്മയും ബന്ധപ്പെട്ടത് കൊല്ലങ്കോട് മണിയുടെ കൊലപാതകത്തിലെ പ്രതി പി.എ.മുഹമ്മദ് ഷരീഫ് വഴിയായിരുന്നു.
പള്ളികള്‍ പിടിച്ചെടുക്കുന്നതിനായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് രൂപം കൊടുത്ത സുന്നി ടൈഗര്‍ഫോഴ്സില്‍ നിന്നാണ് ജം ഇയ്യത്തുള്‍ ഇഹ്സാനിയ രൂപപ്പെടുന്നത്. ഉസ്മാന് മുസിലിയാര്‍ ആയിരുന്നു സുന്നി ടൈഗര്ഫോഴ്ന്റെ വോളന്റിയര്‍ ക്യാപ്ടന്. കോഴിക്കോട് മുജാഹിദ്ദീന്‍ സെന്റര്‍ സ്ഫോടനത്തിന് പിന്നിലും ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലും പ്രവര്‍ത്തിച്ചത് ഉസ്മാന് മുസിലിയാരുടെ നേതൃത്വത്തിലുള്ള സംഘമാണ്. കാന്തപുരവുമായി തെറ്റിപ്പിരിഞ്ഞ ഉസ്മാന് മുസിലിയാരുടെ നേതൃത്വത്തിലുള്ള സുന്നി ടൈഗര്‍ ഫോഴ്സും സിമിയുടെ പ്രവര്‍ത്തകരും അബ്ദുള്‍ നാസര്‍ മദനിയുടെ ഇസ്ലാമിക് സേവാ സംഘി(ഐഎസ്എസ്)ല്‍ ലയിച്ചു. ഇപ്പോള്‍ ഐഎസ്എസ് പിഡിപി(പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി) ആയി മാറി. ഇവരാണ് ഇപ്പോള്‍ ജം ഇയ്യത്തുള്‍ ഇഹ്സാനിയ എന്ന തീവ്രവാദ സംഘടനയുടെ രാഷ്ട്രീയ രൂപമായി പ്രവര്‍ത്തിക്കുന്നത്.
സുന്നി ടൈഗര്‍ ഫോഴ്സില്‍ നിന്നുള്ള സെയ്ദലവിയുടെ നേതൃത്വത്തിലാണ് ജം ഇയ്യത്തുള്‍ ഇഹ്സാനിയയുടെ കോര്‍ഗ്രൂപ്പ് ഉണ്ടാക്കിയത്. സെയ്ദലവിയും മറ്റൊരുപ്രധാനി ഹബീബ് കോയത്തങ്ങളും ഒളിവിലാണ്. ഇവര്‍ക്ക് ഹവാല ഇടപാടുമായും സ്വര്‍ണക്കടത്തുമായും ബന്ധമുണ്ട്. ഇവരാണ് തീയറ്ററുകള്‍ കത്തിച്ചത്. എന്നാല്‍ ഇവര്‍ക്ക് മൂന്നു വര്‍ഷമായി കാന്തപുരം അബൂബക്കര്‍ ഗ്രൂപ്പുമായി ബന്ധമില്ല. കൊലപാതകങ്ങളുമായി ബന്ധമുള്ള ചില പ്രതികള്‍ തീവ്രവാദ, വിധ്വംസക പ്രവര്‍ത്തന നിരോധന നിയമം(ടാഡാ) വകുപ്പില്‍പ്പെട്ട് കോയമ്പത്തൂര്‍ ജയിലിലുണ്ട്. അതില്‍ ഒരാള്‍ അബ്ദുള്‍ റഹ്മാന് എന്ന അത്താര്‍ അമാന്‍ ആണ്. തമിഴ്നാട്ടില്‍ ടാഡ, എന്‍എസ്എ(നാഷണല്‍ സെക്യൂരിറ്റി ആക്ട്) കേസുകളില്‍ പെട്ടവരുമായി കേരളത്തിലെ ഈ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് അടുത്ത ബന്ധമുണ്ട്. അവരെ തിരിച്ചറിയണം. എല്ലാത്തിന്റെയും ബുദ്ധി കേന്ദ്രമായ സെയ്ദലവി, മാംഗ്ലൂര്‍ സ്വദേശി ‘ഷേക്കബ്ബ’ എന്ന പേരില്‍ ബാംഗ്ലൂരില്‍ നിന്നും എ-1678620 എന്ന പാസ്പോര്ട് സംഘടിപ്പിച്ചു. തുടര്‍ന്ന്1997 ജനുവരി 18ന് ബോംബെ വഴി ബഹ്റിനിലേക്ക് പോയി. ഹബീബ്കോയ തങ്ങള്‍ അജ്മീരിലുണ്ടെന്നാണ് വിവരം എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
മാത്രമല്ല ഇപ്പോള്‍ നടന്നുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശം കൂടി അന്ന് നല്‍കിയിരുന്നു. ജം ഇയ്യത്തുള്‍ ഇഹ്സാനിയയ്ക്കും അല്‍- ഉമ്മയ്ക്കും വേണ്ട സഹായങ്ങള്‍ നല്‍കുന്നത് മുന്‍ സിമി പ്രവര്‍ത്തകരാണ്. തമിഴ്നാട്ടില്‍ നിന്നടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവര്‍ക്ക് സഹായം ലഭിക്കുന്നുണ്ട്. ജം ഇയ്യത്തുള്‍ ഇഹ്സാനിയയുടെയും അല്‍- ഉമ്മയുടെയും സിമിയുടെയും പ്രവര്‍ത്തകരാണ് ഇപ്പോള്‍ ജനാധിപത്യ പാര്‍ട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന പിഡിപിയിലും ഉള്ളത്. ഇവര്‍ക്ക് ഗള്‍ഫിലുള്ള പ്രവര്‍ത്തകര്‍ വഴി വിദേശത്ത് നിന്നും വലിയതോതില്‍ ധനസഹായം ലഭിക്കുന്നുണ്ട്. പാകിസ്ഥാനില്‍ നിന്നും നേരിട്ടല്ലാതെയും ധന സഹായമുണ്ട്. ഇത് രാജ്യത്തിന് തന്നെ ആപത്താണ്. ഇവര്‍ക്ക് വടക്കന്‍ മലബാര്‍, ബാംഗ്ലൂര്‍, ബോംബെ എന്നിവിടങ്ങളില്‍ ഒളിത്താവളമുണ്ട്. വ്യാജ പാസ്പോര്‍ട്ട് ലഭിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണം. കോഴിക്കോട് പാസ്പോര്ട് ഓഫീസില്‍ നിന്നും ആയിരക്കണക്കിന് വ്യാജപാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതുപയോഗിച്ച് നിരവധിപേര്‍ വിദേശത്തേക്ക് പോകുന്നുണ്ട്. എല്ലാത്തിന്റെയും ബുദ്ധികേന്ദ്രമായ സെയ്ദലവിയെ പിടികൂടണം. തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ടിങും നടത്തുന്നുണ്ട്. ഇതടക്കം എല്ലാം അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ അന്ന് ആ റിപ്പോര്‍ട്ട് ഇ.കെ.നയനാര്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല. റിപ്പോര്‍ട്ടില്‍ നടപടികളുണ്ടാകാതെ പൂഴ്ത്തിവയ്ക്കപ്പെട്ടു. ആ റിപ്പോര്ട്ടിന്മേല് തുടര്‍ നടപടികള്‍ എടുത്തിരുന്നെങ്കില്‍ തൃശൂര്‍, കോയമ്പത്തൂര്‍ സ്ഫോടനങ്ങള്‍ തടയാനാകുമായിരുന്നു. കേരളത്തില്‍ നിന്നും മതതീവ്രവാദത്തിനായി പോകുന്നവരുടെ ഒഴുക്കിനും വ്യാജപാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ചുള്ള മനുഷ്യക്കടത്തിനും തടയിടാനായേനെ. തീവ്രവാദത്തിന് പണം കണ്ടെത്താനുള്ള സ്വര്‍ണക്കടത്തിനടക്കം അവസാനം കുറിക്കാന്‍ നിഷ്പ്രയാസം കഴിയുമായിരുന്നു. മാത്രമല്ല തമിഴ്നാട്ടില്‍ നിന്നുള്ള തീവ്രവാദികളുടെ കടന്നുകയറ്റവും പരിശീലനവും ശക്തമായി നിയന്ത്രിക്കാനാകുമായിരുന്നു. സെന്‍കുമാറിന്റെ റിപ്പോര്‍ട്ട് മാത്രമല്ല, പിന്നാലെ കേരളത്തിലുണ്ടായ കലാപങ്ങള്‍ അന്വേഷിച്ച വിവിധ കമ്മീഷന് റിപ്പോര്‍ട്ടുകളിലും നടപടികളുണ്ടായില്ല. ഗുരുതരമായ കണ്ടെത്തലുകള്‍ പോലും ഇടതു വലതു സര്‍ക്കാരുകള്‍ വോട്ടുലക്ഷ്യം വച്ച് പൂഴ്ത്തി.
പ്രത്യേക നമസ്കാരം ചെയ്താല്‍ പിടിക്കപ്പെടില്ലെന്ന വിശ്വാസം
കുറ്റകൃത്യങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മുന്നേ പ്രത്യേകതരം നമസ്കാരം ചെയ്താല്‍ കൊലപാതകങ്ങളും കൊള്ളിവയ്പും പിടിക്കപ്പെടില്ലെന്നും ആരും പ്രതികളെ കാണില്ലെന്നുമായിരുന്നു ജം ഇയ്യത്തുള്‍ ഇഹ്സാനിയ തീവ്രവാദികളുടെ വിശ്വാസം. അതനുസരിച്ചാണ് തിയേറ്ററുകളും നോയമ്പ് കാലത്ത് തുറന്നിരുന്ന ചായക്കടകളും കത്തിച്ചതും മോഷണം നടത്തിയതും. ഇവര്‍ പിടിക്കപ്പെട്ടില്ല. അതോടെയാണ് കൊലപാതകങ്ങളിലേക്ക് സംഘം തിരിഞ്ഞത്. 1994 ഡിസംബര്‍ നാലിന് തൊഴിയൂരിലെ വീട്ടിലേക്ക് ഇരച്ചുകയറിയ തീവ്രവാദികള്‍ സുനിലിനെ വെട്ടിവീഴ്ത്തി. ഇതില്‍ പക്ഷെ സിപിഎം പ്രവര്‍ത്തകനാണ് പിടിയിലായത്. അതോടെ തീവ്രവാദികള്‍ക്ക് പ്രത്യേക നമസ്കാരത്തില്‍ കൂടുതല്‍ വിശ്വാസം വന്നു. തുടര്‍ന്നായിരുന്നു ശേഷിക്കുന്ന കൊലപാതകങ്ങള്‍.
മാസങ്ങളുടെ ആസൂത്രണത്തിലായിരുന്നു എല്ലാ കൊലപാതകങ്ങള്‍ക്കും പദ്ധതി തയ്യാറാക്കിയത്. അപകട മരണങ്ങളായി തോന്നുന്ന തരത്തിലായിരുന്നു പല കൊലപണ്ടാതകങ്ങളും നടത്തിയിരുന്നത്. മോട്ടോര്‍ സൈക്കിള്‍, സൈക്കിള്‍ എന്നിവയില്‍ പോകുന്നവരെ ആള് സഞ്ചാരം കുറവായ സ്ഥലത്ത് കാറിടിച്ച് വീഴ്ത്തിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു ഇവരുടെ രീതി. തൊഴിയൂര്‍ സുനിലിന്റെ കൊലപാതകം നടത്തിയത് തീവ്രവാദികളാണെന്ന് തെളിഞ്ഞത് 2019ലാണ്. അന്‍വാരി എന്ന സെയ്ദലവിയുടെ ബുദ്ധി കേന്ദ്രത്തിലായിരുന്നു കൊലപാതകങ്ങളെല്ലാം. സെയ്ദലവി ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലിരുന്ന് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: