ലക്‌നൗ: 2022-ല്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണത്തിന്റെ തലപ്പത്തേക്ക് മടങ്ങിവരാന്‍ യോഗി ആദിത്യനാഥിനെ അനുവദിക്കില്ലെന്ന മുസ്ലിം നേതാവ് അസദുദീന്‍ ഒവൈസിയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍(എഐഎംഐഎം) അധ്യക്ഷന്റെ വെല്ലുവിളി ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിക്കുമെന്ന് പ്രതികരിച്ച യോഗി ആദിത്യനാഥ് ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നതില്‍ സംശയമില്ലെന്നും വ്യക്തമാക്കി.
‘ ഒവൈസി ജി പ്രമുഖ ദേശീയ നേതാവാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം പ്രചാരണത്തിനായി പോകുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ വിശ്വാസ്യത ജനങ്ങള്‍ക്കിടയിലുണ്ട്. അദ്ദേഹം ബിജെപിയെ വെല്ലുവിളിച്ചിട്ടുണ്ടെങ്കില്‍ ബിജെപി പ്രവര്‍ത്തകന്‍ വെല്ലുവിളി ഏറ്റെടുക്കും’.- ആദിത്യനാഥ് വ്യക്തമാക്കി. ‘ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. അക്കാര്യത്തില്‍ സംശയമില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നൂറിന് മുകളിലുള്ള നിയമസഭാ സീറ്റുകളാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നതെന്നും അത് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ തന്റെ പാര്‍ട്ടിയും സഖ്യകക്ഷികളും കഠിനാദ്ധ്വാനം ചെയ്യുമെന്നായിരുന്നു ഒവൈസി ശനിയാഴ്ച പറഞ്ഞത്. 403 നിയമസഭാ സീറ്റുകളില്‍ 100 ഇടങ്ങളില്‍ എഐഎംഐഎം മത്സരിക്കുമെന്നും ഒവൈസി അവകാശപ്പെട്ടു. ഇതിനായി സുഹെല്‍ദേവ് ഭാരതീയ സാമാജ് പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: