ആലപ്പുഴ: വര്‍ഷങ്ങളായി കൈവശമിരിക്കുന്ന കരഭൂമി റവന്യു രേഖകളില്‍ നിലമായി രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതെ ധാരാളം ഭൂ ഉടമകള്‍ ബുദ്ധിമുട്ടുന്നു. മുമ്പ് നിലമായിരുന്നെങ്കിലും വര്‍ഷങ്ങളായി കരഭൂമിയായി ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ ഇപ്പോഴും നിലം എന്നാണ് റവന്യു വകുപ്പിന്റെ രേഖകളിലുള്ളത്. ചിലയിടങ്ങളില്‍ കരഭൂമി തെറ്റായി നിലമായി രേഖപ്പെടുത്തിയ സംഭവങ്ങളുമുണ്ട്.
കരഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെകുറച്ച് വിലമാത്രമാണ് നിലത്തിന് ലഭിക്കുക. ജില്ലയിലെ മിക്ക വില്ലേജുകളിലും ഇതുസംബന്ധിച്ച് പരാതിയുണ്ട്. ജില്ലയില്‍ കായംകുളം കരീലക്കുളങ്ങര ഭാഗത്താണ് നിലങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിച്ചിരിക്കുന്നത്. ഇവിടെ നേരത്തെ നിലങ്ങള്‍ ഉയര്‍ന്ന വിലയ്ക്ക് വിറ്റതിന്റെ ആധാരങ്ങള്‍ ലഭ്യമായിരുന്നതിനലാണിത്.
ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപാനം വന്നശേഷം സ്ഥലമെടുപ്പ് വിഭാഗം അധികൃതര്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് പലരും ഭൂമിയുടെ തരവുമായി ബന്ധപ്പെട്ട പ്രശ്നം അറിയുന്നത്. ഇങ്ങനെയുള്ളവര്‍ ഭൂമിയുടെ തരം മാറ്റാന്‍ ആര്‍ഡിഒയ്ക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഏറ്റെടുക്കല്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്ന ഭൂമിയുടെ തരം മാറ്റാന്‍ സാങ്കേതിക തടസ്സമുള്ളതിനാലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: