തിരുവനന്തപുരം: മുട്ടില്‍ വനംകൊള്ളയില്‍ വിവാദ ഉത്തരവിറക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് മുന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്. ഈട്ടി, തേക്ക്, കരിമരം എന്നിവ മുറിക്കരുതെന്ന നിയമം മറികടന്നുകൊണ്ടാണ് മന്ത്രി ഈ നിര്‍ദ്ദേശം പുറത്തുവിട്ടിരിക്കുന്നത്. മരം മുറി തടഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
മരം മുറിയുമായി ബന്ധപ്പെട്ട്് ഉദ്യോഗസ്ഥര്‍ നിയമപ്രശ്നം ഉന്നയിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഉപദേശങ്ങളൊന്നും തേടാതെ ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിന് പിന്നാലെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉത്തരവ് ഇറക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവുകളെല്ലാം ഇറക്കിയത് ഉദ്യോഗസ്ഥരായിരുന്നു എന്നതായിരുന്നു ഇതുവരെ പുറത്ത് വന്ന വിവരം. എന്നാല്‍ വിവരാവകാശ പ്രകാരം പുറത്ത് വന്ന രേഖയില്‍ മന്ത്രിയുടെ നിര്‍ദ്ദേശം പ്രകാരമാണ് ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിയതൊണ് വ്യക്തമാകുന്നത്.
ഉദ്യോഗസ്ഥരുടേയും നിയമ വകുപ്പിന്റെയും ഉത്തരവ് അവഗണിച്ചുള്ളതാണ് ചന്ദ്രശേഖരന്റെ ഇടപെടലെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രി നേരിട്ട് നിര്‍ദ്ദേശിച്ച് ഒപ്പിട്ട ഉത്തരവാണിത്. മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചതും മന്ത്രിയാണെന്നും ഉത്തരവിലൂടെ വ്യക്തമാകുന്നു.
അതേസമയം മരം മുറിക്ക് അനുമതി നല്കുന്ന വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും വീണ്ടും മരംമുറിക്കാന്‍ വനംവകുപ്പ് പാസ് നല്‍കിയെന്ന് കണ്ടെത്തല്‍. സംസ്ഥാന വ്യാപകമായി ഈ രീതിയില്‍ 50 ലേറെ പാസുകള്‍ അനുവദിച്ചെന്നും ആയിരത്തിലേറെ മരങ്ങള്‍ മുറിച്ചെന്നുമാണ് കണ്ടെത്തല്‍. ഉത്തരവ് റദ്ദാക്കിയിട്ടും അനുമതി നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്ത് കളിയുടെ വ്യക്തമായ തെളിവാണ്.
മുട്ടിലേത് അടക്കമുള്ള മരം മുറിയില്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ പ്രധാന പ്രതിരോധം റവന്യു പ്രിന്‍സിപ്പില്‍ സെക്രട്ടറി മരം മുറിക്കാന്‍ നല്കിയ ഉത്തരവ് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തു എന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇറക്കിയ ഉത്തരവ് വിമര്‍ശനങ്ങളെ തുടര്‍ന്ന് ഫെബ്രുവരി രണ്ടിന് റദ്ദാക്കിയിട്ടും മരംമുറി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: