കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളുടെ വീടുകളില്‍നിന്ന് കസ്റ്റംസ് നിര്‍ണായക രേഖകള്‍ പിടിച്ചു. അര്ജുന് ആയങ്കി, കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരുടെ വീടുകളിലെ റെയ്ഡില്‍ ഒട്ടേറെ തെളിവുകള്‍ ലഭിച്ചു. അര്ജുന് ആയങ്കിയുടെ ഭാര്യയേയും കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇതോടെ സിപിഎമ്മിന്റെ സംസ്ഥാന-ജില്ലാ നേതാക്കള്‍ വിരണ്ടിരിക്കുകയാണ്. അര്ജുന് ആയങ്കിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ അപ്രതീക്ഷിതമായി നടത്തിയ റെയ്ഡിലെ രേഖകളും പാര്‍ട്ടിയുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ മതിയാകുമെന്നാണ് അവരുടെ ആശങ്ക.
കസ്റ്റഡിയിലുള്ള അര്ജുന് ആയങ്കിയില്‍ നിന്ന് കസ്റ്റംസിന് നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ആയങ്കിയുടേയും ടി പി വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരുടേയും വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തിയത്. ഇന്നലെ അര്ജുന് ആയങ്കിയുടെ കണ്ണൂര്‍ കപ്പക്കടവിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് അര്ജുന് ആയങ്കിയുടെ ഭാര്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്. അറസ്റ്റിലായവര്‍ക്കും നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും ഇടപാടിലുള്ള ബന്ധത്തിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസില്‍പ്പെട്ടവര്‍ക്കെതിരെ സംഘടനാതലത്തില്‍ നടപടിയെടുത്തുവെന്ന് സിപിഎം പറയുമ്പോഴും ഇവര്‍ക്ക് പാര്‍ട്ടിയിലെ പ്രമുഖരുമായുള്ള ബന്ധവും സ്വര്‍ണ്ണക്കടത്തിലെ പങ്കും നിഷേധിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ചില നേതാക്കളുടെ ആഡംബര ജീവിതവും കുറഞ്ഞ കാലം കൊണ്ടുള്ള സാമ്പത്തിക വളര്‍ച്ചയും അന്വേഷണ പരിധിയിലുണ്ട്. അര്ജുന് ആയങ്കി ഉപയോഗിച്ച ചുവന്ന സ്വിഫ്റ്റ് കാര്‍ ഡിവൈഎഫ്ഐ നേതാവിന്റെതാണെന്ന് വ്യക്തമായപ്പോള്‍ ഇയാളെ സംഘടനാ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നുവെങ്കിലും സിപിഎമ്മിന് സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം വെളിച്ചത്ത് വന്നത് ഈ സംഭവത്തോടെയാണ്.
ഇപ്പോള്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്ജുന് ആയങ്കിക്ക് ഡിവൈഎഫ്ഐ നേതാക്കളായ എം. ഷാജര്‍, പി.പി. ദിവ്യ, ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ട്. സംഘടന തള്ളിപ്പറഞ്ഞപ്പോള്‍ ആകാശ് തില്ലങ്കേരി പലതും തുറന്ന് പറയുമെന്ന് ഭീഷണി മുഴക്കിയതോടെ ഇനിയാര്‍ക്കെങ്കിലുമെതിരേ കൂടുതല്‍ നടപടിക്ക് നേതൃത്വം ഭയക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് ഒത്തുതീര്‍പ്പിലാക്കാന്‍ സംഘം സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ തന്നെ സമീപിച്ചിരുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുത്താന്‍ പല രഹസ്യങ്ങളും പുറത്തുവരുമെന്ന ആശങ്കയിലാണ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: