റിയോ ഡി ജനീറോ: പത്ത് പേരുമായി ചുരുങ്ങിയിട്ടും ബ്രസീലിന്റെ കളി മികവിന് മുന്നില്‍ പിടിച്ചുനില്ക്കാന് ചിലിക്കായില്ല. ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയവുമായി കാനറികള്‍ കോപ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തി. പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പക്വേറ്റയാണ് രണ്ടാം പകുതിയുടെ ആദ്യമിനിറ്റില്‍ വിജയ ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ സൂപ്പര്‍ താരം ഗബ്രിയേല്‍ ജെസ്യുസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ ബ്രസീല്‍ 10 പേരായി ചുരുങ്ങുകയും ചെയ്തു. എന്നിട്ടും ബ്രസീലിനെ പൂട്ടാന്‍ ചിലിക്കായതുമില്ല.
കഴിഞ്ഞ പതിനൊന്ന് മത്സരങ്ങളിലായി തോല്‍വിയറിയാത്ത ബ്രസീലിന്റെ ക്വാര്‍ട്ടര്‍ മത്സരവും ആധികാരികമായിരുന്നു. ചിലിയെ വരിഞ്ഞു മുറുക്കി പന്ത് കൈവശം വച്ച് കാനറികള്‍ കളി മെനഞ്ഞു. നെയ്മറും ഗബ്രിയേല്‍ ജെസ്യുസും റിച്ചാര്‍ലിസണുമാണ് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നെയ്മറുടെ ചില മുന്നേറ്റങ്ങള്‍ ഗോളിനടുത്തെത്തിയെങ്കിലും വലകുലുങ്ങാതെ ചിലി രക്ഷപ്പെട്ടു. മറുവശത്ത് കൗണ്ടര്‍ അവസരങ്ങള്‍ ഗോളാക്കാനായിരുന്നു ചിലിയുടെ ശ്രമം. 20 മിനിറ്റുകള്‍ക്കിപ്പുറം നെയ്മറുടെ അസാമാന്യ ക്രോസ് റോബര്‍ട്ടോ ഫെര്‍മിനോയ്ക്ക് നഷ്ടമായി. ഗോളെന്നുറച്ച് അവസരമായിരുന്നു അത്. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കേ ഗബ്രിയേല്‍ ജെസ്യുസിന് അനായാസ അവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി. ആദ്യ പകുതി സമനിലയില്‍ അവസാനിക്കുമ്പോള്‍ കളി നിയന്ത്രിച്ച ബ്രസീലിന് ചെറിയ മുന്‍തൂക്കമുണ്ടായിരുന്നു.
രണ്ടാം പകുതിയിലും ബ്രസീല്‍ കളി തുടങ്ങിയത് ഗോള്‍ ശ്രമത്തോടെ. ഇത്തവണ നെയ്മറിനും സംഘത്തിനും പിഴച്ചില്ല. ആദ്യ പകുതിയില്‍ മങ്ങിയ ഫെര്‍മിനോയെ പുറത്തിരുത്തി ലൂക്കാസ് പിക്വേറ്റക്ക് അവസരം നല്‍കിയതാണ് നിര്‍ണായകമായത്. മത്സരത്തിന്റെ 46-ാം മിനിറ്റില്‍ ചിലി ബോക്സിനുള്ളിലേക്ക് നെയ്മറും പിക്വേറ്റയും കടന്നു ചെന്നു. പിക്വേറ്റക്ക് ലഭിച്ച പന്ത് നെയ്മറിന് കൈമാറി. ഓടിക്കയറാന്‍ ശ്രമിച്ച പിക്വേറ്റക്ക് പന്ത് കൈമാറി നെയ്മര്‍. ഇതിനിടയില്‍ ചിലി താരം സെബാസ്റ്റ്യന്‍ ഇഗ്നാസിയോക്ക് തട്ടിയകറ്റാന്‍ അവസരം ലഭിച്ചെങ്കിലും നിയന്ത്രിക്കാനായില്ല. പന്ത് പിക്വേറ്റയുടെ മുന്നില്‍. ഗോളിക്ക് അവസരം നല്‍കാതെ പിക്വേറ്റയുടെ നല്ലൊരു ഷോട്ട് ചിലിയുടെ സൂപ്പാര്‍ ഗോളി ക്ലോഡിയോ ബ്രാവോയെ കീഴടക്കി വലയില്‍ കയറി.
ഗോള്‍ നേടിയതിനു തൊട്ടു പിന്നാലെയായിരുന്നു ഗബ്രിയേല്‍ ജെസ്യുസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയത്. ചിലി താരം യൂജിനിയോ മേനയെ കടുത്ത ടാക്കിള്‍ ചെയ്തിനായിരുന്നു ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ബ്രസീല്‍ പത്ത് പേരായി ചുരുങ്ങിയത് മുതലാണ് ചിലി ആക്രമണം തുടങ്ങിയത്. ആദ്യ പകുതിയില്‍ കാണാതിരുന്ന ആവേശം രണ്ടാം പകുതിയില്‍ ഉറച്ച ഗോള്‍ അവസരം വരെ എത്തിച്ചു. പലപ്പോഴും പോസ്റ്റും ഗോളിയും വില്ലനാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: