അബുദാബി: കിറ്റെക്സ് കേരളം വിട്ടു പോകരുതെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. നിക്ഷേപങ്ങള്‍ കേരളത്തില്‍ തന്നെ നിലനിര്‍ത്തണം. വ്യവസായ സംരംഭങ്ങള്‍ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും യൂസഫലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് താന്‍ കിറ്റെക്സ് എംഡി സാബു ജേക്കബുമായി സംസാരിക്കുമെന്നും യൂസഫലി പറഞ്ഞു. കിറ്റെക്സ് മാനേജ്മെന്റും സംസ്ഥാന സര്‍ക്കാരും ചര്‍ച്ചകള്‍ നടത്തി പ്രശ്നം പരിഹരിക്കണം. നൂറു രൂപയുടെ നിക്ഷേപമാണെങ്കില്പ്പോലും കേരളത്തില്‍ നിന്നും പോകരുതെന്നാണ് തന്റെ ആഗ്രഹമെന്നും യൂസഫലി പറഞ്ഞു.
വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് കിറ്റെക്സ് എംഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യമായി കിറ്റെക്സ് എംഡി സാബു ജേക്കബ് രംഗത്തെത്തി. പതിനായിരക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്ന ഫാക്ടറിയെ നശിപ്പിക്കാനാണ് നീക്കമെന്നും സാബു ആരോപിച്ചു.
വിഷയത്തില്‍ കിറ്റെക്സ് ഗ്രൂപ്പിന് പിന്തുണയുമായി ബിജെപി സംസ്ഥാന നേതൃത്വവും രംഗത്തുവന്നിരുന്നു. നിക്ഷേപകരെ കേരളത്തില്‍ നിന്നും ആട്ടിയോടിക്കുന്ന നിലപാടാണ് സര്‍ക്കാരും ഇടതുപക്ഷവും സ്വീകരിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആരോപിച്ചു. കേരളത്തിലെ യുവാക്കളുടെ പ്രതീക്ഷകള്‍ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: