ആലപ്പുഴ: നഗരസഭാ പ്രദേശത്ത് ഛര്‍ദി, വയറിളക്കം ലക്ഷണങ്ങളോടുകൂടി ജൂലൈ രണ്ടു ഉച്ച വരെ 24 മണിക്കൂറിനകം 110 പേര്‍കൂടി ചികിത്സതേടിയതായി ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഇതില്‍ 12 പേര്‍ക്ക് വയറിളക്കം മാത്രവും ഏഴ് പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും 91 പേര്‍ക്ക് ഛര്‍ദ്ദി മാത്രമായുമാണ് ആശുപത്രിയിലെത്തിയത്. ലക്ഷണങ്ങള്‍ പ്രകടമായി അപ്പോള്‍ തന്നെ ചികിത്സതേടിയതിനാല്‍ ആര്‍ക്കും ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവന്നില്ല.
കുടിവെള്ളത്തില്‍ നിന്നുതന്നെയാണ് രോഗബാധ എന്നാണ് പ്രാഥമിക നിഗമനം. വിവിധ സ്ഥലങ്ങളില്‍ നിന്നു കുടിവെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധിച്ചു വരുന്നു. രോഗികളുടെ ഛര്‍ദ്ദി മല സാമ്പിളുകള്‍ മെഡിക്കല്‍ കോളേജ് മൈക്രോബയോളജി ലാബിലേക്കും ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിലേക്കും അയച്ചിട്ടുണ്ട്. വിശദ പരിശോധന നടത്തുന്നതിനായി സാമ്പിളുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്കും അയച്ചിട്ടുണ്ട്.
കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം എവിടെ നിന്ന് ശേഖരിക്കുന്നതായാലും അഞ്ചു മിനിറ്റെങ്കിലും തിളപ്പിച്ചതിനുശേഷം മാത്രമേ കുടിക്കാന്‍ പാടുള്ളു. വെള്ളം ശേഖരിക്കുന്ന ടാങ്കുകളും പാത്രങ്ങളും ഇടയ്ക്കിടെ ഉരച്ച് കഴുകിയതിനു ശേഷം മാത്രം വെള്ളം ശേഖരിക്കുക.
വകുപ്പുകള്‍ തമ്മില്‍ ഭിന്നത
നഗരത്തില്‍ പടരുന്ന ഛര്‍ദ്ദ്യാതിസാരത്തിന്റെ കാരണത്തെ ചൊല്ലി വകുപ്പുകള്‍ തമ്മില്‍ ഭിന്നത. ജലജന്യരോഗമാണെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോള്‍ കുടിവെളളത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ജല അതോറിറ്റിയുടെ നിലപാട്.
ആലപ്പുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഛര്‍ദ്ദിയും വയറിളക്കവും പടരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 700 ലേറെ പേര്‍ക്ക് ഇതിനകം രോഗം പിടിപെട്ടു. കുട്ടികളിലാണ് കൂടുതല്‍ രോഗ ബാധ. എന്നാല്‍ രോഗകാരണം എന്താണെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഇപ്പോഴും വ്യക്തതയില്ല. കുടിവെളളത്തിലെ മാലിന്യമാണ് അസുഖത്തിന് കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
എന്നാല്‍ ജല അതോറിറ്റി ഇത് നിഷേധിക്കുന്നു സാമ്പിള്‍ പരിശോധനയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്ന് വെളളം ,മീന്‍, ഇറച്ചി എന്നിവയുടെ സാമ്പിള്‍ ശേഖരിച്ച് നഗരസഭയും പരിശോധനയക്ക് അയച്ചിട്ടുണ്ട് ഫലം ഇതുവരെ വന്നിട്ടില്ല.
നഗരത്തില്‍ ഛര്‍ദി അതിസാര ബാധയെത്തുടര്‍ന്നു വീടുകളിലും ഭക്ഷണവിതരണ കേന്ദ്രങ്ങളിലുമുള്ള പരിശോധന ഇന്നും തുടരും. രോഗം പടര്‍ന്നതു സംബന്ധിച്ചു പൊതുസ്രോതസ്സ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടുന്നവരുടെ വിവരം പൂര്‍ണമായും ലഭ്യമല്ല. ചിലര്‍ക്കു സ്വകാര്യ ആര്‍ഒ പ്ലാന്റുകളിലെ വെള്ളം ഉപയോഗിച്ച ശേഷം അസുഖമുണ്ടായി എന്നു സംശയമുള്ളതിനാല്‍ അത്തരം പ്ലാന്റുകളിലെ വെള്ളവും പരിശോധിക്കും.
ചിക്കന്‍ സെന്ററുകള്‍, ബീഫ് സ്റ്റാളുകള്‍ എന്നിവിടങ്ങളിലും പരിശോധന തുടരും. മെഡിക്കല്‍ കോളജ് മൈക്രോ ബയോളജി വിഭാഗത്തിനു കൈമാറിയ സാംപിളുകളുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. ഭക്ഷ്യസുരക്ഷാ വിഭാഗം ഭക്ഷണസാധനങ്ങളുടെ സാംപിളുകള്‍ തിരുവനന്തപുരത്തെ ലാബില്‍ പ്രത്യേക ദൂതന്‍വശം എത്തിച്ചു. ഫലമറിയാന്‍ 4 ദിവസം കഴിയുമെന്നാണു കരുതുന്നത്.
എന്തായാലും സര്‍ക്കാര്‍ വകുപ്പുകളും നഗരഭയും ഒക്കെ പരസ്പരം പഴിചാരുമ്പോള്‍ ദുരിതം ജനങ്ങള്‍ക്കാണ്. തര്‍ക്കം ഒഴിവാക്കി രോഗത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എംഎല്‍എ കളക്ടര്‍ക്ക് കത്ത് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: