മങ്കൊമ്പ്: നെല്ല് വില വൈകുന്നു; കുട്ടനാട്ടിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍ രണ്ടാം കൃഷി വിളവെടുപ്പു കഴിഞ്ഞ് നെല്ലു സംഭരിച്ച വകയില്‍ ഇനിയും 134.19 കോടി കര്‍ഷകര്‍ക്ക് കൊടുക്കാനുണ്ട്. ഇത് കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിയിട്ടുള്ളത്. കര്‍ഷകര്‍ നിത്യവും ബാങ്കുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥയാണ്. ഇക്കുറി 438.73 കോടി രൂപയുടെ നെല്ലാണ് ജില്ലയിലാകെ സംഭരിച്ചത്. അതില്‍ 304.54 കോടി രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്.
28,148 കര്‍ഷകരുടെ പിആര്‍എസ് പ്രകാരമാണ് ഇത്രയും തുക നല്‍കിയത്. ഏകദേശം 40,000 കര്‍ഷകരില്‍ നിന്നാണ് നെല്ല് സംഭരിച്ചത്. നെല്ല് സംഭരിച്ച് ഒരാഴ്ചയ്‌ക്കകം കര്‍ഷകന്റെ അക്കൗണ്ടില്‍ നെല്ലിന്റെ വില എത്തുമെന്നാണ് കുട്ടനാട് സന്ദര്‍ശന വേളകളില്‍ മന്ത്രിമാര്‍ പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍ പ്രഖ്യാപനം പ്രാബല്യത്തില്‍ വരുന്നില്ല എന്നു മാത്രം.
കാര്‍ഷിക മേഖലയോടുള്ള അവഗണന കാരണം കര്‍ഷകര്‍ രണ്ടാം കൃഷിയില്‍ നിന്നും പുറകോട്ട് പോകുകയാണ്. കഴിഞ്ഞ രണ്ടാം കൃഷി സീസണില്‍ പതിനായിരം ഹെക്ടറില്‍ ആയിരുന്നു. എന്നാല്‍ 1,332 ഹെക്ടറില്‍ മാത്രമാണ് ഇക്കുറി രണ്ടാം കൃഷി ചെയ്തിരിക്കുന്നത്. പൊതുവേ കര്‍ഷകര്‍ക്ക് രണ്ടാം കൃഷി ചെയ്യുന്നതിനോട് എതിര്‍പ്പ് കൂടിവരികയാണ്. തുടര്‍ച്ചയായ വെള്ളപ്പൊക്കം മൂലം കൃഷി നഷ്ടമാകുന്നതും ആനുകൂല്യം കൃത്യമായി ലഭിക്കാത്തതുമാണ് കാരണം.
കഴിഞ്ഞ രണ്ടാം കൃഷി സീസണില്‍ 7,250 ഹെക്ടറോളം കൃഷി നശിച്ചിരുന്നു. വെള്ളം കയറിയും മട വീണും ബണ്ടു നശിച്ച കര്‍ഷകര്‍ക്ക് റിങ് ബണ്ടു നി ര്‍മ്മിച്ചതിന് ചെലവായ തുക ഇതുവരെ ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: