ഇന്ത്യയുടെ ആത്മീയപാരമ്പര്യത്തിന്റെ നിത്യശാദ്വലമാണ് ഉപനിഷത്ത്. ആത്മവിദ്യയുടെ ദര്‍ശനശാസ്ത്രമാണിത്. നിത്യവും നമ്മെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന അനൃതത്തിനെതിരേയുള്ള ക്ഷോഭത്തിന്റെ മുഗ്ധമന്ത്രങ്ങളാണ് മുണ്ഡകം മുഴുവനും. ‘സത്യമേവജയതേ!’ – മുണ്ഡകത്തിലൂടെ ഭാരതം ലോകത്തിനുനല്കിയ ദിവ്യസന്ദേശമാണിത്. മധുരോദാരമായ കാവ്യഭാവനകളാല്‍ സമ്പുഷ്ടവുമാണ് മുണ്ഡകോപനിഷത്ത്.
അതിപ്രശസ്തമാണ് മുണ്ഡകോപനിഷത്തിലെ ശാന്തിപാഠം. പൂര്‍ണരൂപമിങ്ങനെ.
ഓം ഭദ്രം കര്‍ണേഭിഃ ശൃണുയാമ ദേവാഃ
ഭദ്രം പശ്യേമാക്ഷഭിര്‍ യജത്രാഃ
സ്ഥിരൈരംഗൈസ്തുഷ്ടുവാംസസ്തനുഭിര്‍
വൃശേമ ദേവഹിതം യദായുഃ
സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ
സ്വസ്തി നഃ പുഷാ വിശ്വവേദാഃ
സ്വസ്തിനസ്താര്‍ക്ഷ്യോ അരിഷ്ടനേമിഃ
സ്വസ്തി നോ ബൃഹസ്പതിര്‍ ദധാതു
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
പ്രശ്നം തുടങ്ങിയുള്ള അഥര്‍വവേദീയമായ ഉപനിഷത്തുകളുടെ പൊതുവായ ശാന്തിപാഠമാണിത്. ആശയത്തിന്റെ അഴകും ആഴവുംകൊണ്ട് മഹനീയമാണ് ഈ ശാന്തിമന്ത്രങ്ങള്‍. ഇന്ദ്രിയങ്ങള്‍ ആത്മമംഗളത്തിനും വിശ്വമംഗളത്തിനുംവേണ്ടി വര്‍ത്തിയ്ക്കട്ടെ എന്നാണ് ഇവിടെ ഗുരുശിഷ്യന്മാര് ഒന്നിച്ചുനടത്തുന്ന പ്രാര്‍ത്ഥന.
അല്ലയോ ദേവകളേ, ഞങ്ങള്‍ ചെവികൊണ്ടു മംഗളകരമായതുമാത്രം കേള്‍ക്കട്ടെ. കണ്ണുകൊണ്ടു മംഗളകകരമായതുമാത്രം കാണട്ടെ. ബലിഷ്ഠങ്ങളായ അവയവങ്ങളെക്കൊണ്ട് ഈശ്വരസ്തുതിയോടുകൂടെ ജീവിതം നയിക്കുന്നവരാകട്ടെ. യശ്വസ്വിയായ ഇന്ദ്രനും സര്‍വജ്ഞനായ സൂര്യനും ആപന്നാശകനായ ഗരുഡനും ബൃഹസ്പതിയും ഞങ്ങള്‍ക്ക് മംഗളം നല്കട്ടെ.
ഇവിടെ മനസ്സിന്റെ പ്രതീകമാണ് ഇന്ദ്രന്. സൂര്യന് ബുദ്ധിയുടെ പ്രതീകം. പ്രാണശക്തിയുടെ പ്രതീകമായി ഗരുഡനെയും ജീവന്റെ പ്രതീകമായി ബൃഹസ്പതിയേയും പറഞ്ഞിരിക്കുന്നു.
വൃത്തനിബദ്ധങ്ങളാണ് മണ്ഡൂകകാരികകള്‍. ജീവിതം ഉല്‍കൃഷ്ടവും ഉദാത്തവുമാറണമെന്നാഗ്രഹിക്കുന്നവര്‍ ഈ ഉപനിഷത്ത് ശ്രദ്ധയോടെ പഠിക്കണം.
മുണ്ഡകോപനിഷത്തിന്റെ ഫലശ്രുതി ഇങ്ങനെ: ‘തരതിശോകം തരതിപാപ്മാനം, ഗുഹാഗ്രന്ഥിഭ്യോ വിമുക്തോളമൃതോ ഭവതി’. (3:2:9) ഈശ്വരവിശ്വാസമില്ലാത്ത നാസ്തികന് ഉണ്ടാവില്ല. സുഖദുഃഖങ്ങളേയും പുണ്യപാപങ്ങളേയും തരണംചെയ്യുന്നു. എല്ലാ കെട്ടുകളുമറ്റ് അവന് അമൃതാവസ്ഥയെ പ്രാപിക്കുന്നു.
മുണ്ഡകോപനിഷത്തിന്റെ പ്രത്യേകത ബ്രഹ്മസാക്ഷാത്കാരത്തിന്റെ വഴി സരളമനോഹരമായി വിവരിച്ചുനല്കുന്നു എന്നതാണ്. ഭാഷാചാരുതയിലും ലാളിത്യത്തിലും മുണ്ഡകം മുമ്പില്‍ത്തന്നെ. പ്രായോഗികപാഠങ്ങളാണ് ഏറെയും. സമുന്നതചിന്തയിലെ ആനന്ദം ഈ ഉപനിഷത്ത് പകര്‍ന്നുതരുന്നു. നമഃ പരമഋഷിഭ്യോ നമഃ പരമഋഷിഭ്യഃ (പരമര്‍ഷികള്‍ക്കു നമസ്കാരം) എന്നവാക്കുകളോടെ മുണ്ഡകം അവസാനിക്കുന്നു. പ്രശ്നോപനിഷത്തും ഇതേ വാക്കുകളിലാണവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: