മലപ്പുറം: കെ.ടി. ഇര്ഫാന് ശേഷം മലപ്പുറത്ത് നിന്ന് രണ്ടാമത്തെ ഒളിമ്പ്യനാകാന്‍ ഒരുങ്ങുകയാണ് എം.പി. ജാബിര്‍. ആനക്കയം പന്തല്ലൂര്‍ സ്വദേശിയായ എം.പി. ജാബിറാണ് അഭിമാന നേട്ടത്തിലെത്തിയിരിക്കുന്നത്. ടോക്യോ ഒളിമ്പിക്സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ഇന്ത്യക്കുവേണ്ടി ജാബിര്‍ ഇറങ്ങുക. നിലവില്‍ ലോകറാങ്കില്‍ 32-ാം സ്ഥാനക്കാരനാണ്. കൊവിഡ് പ്രതിസന്ധിയില്‍ രണ്ടുവര്‍ഷത്തോളമായി മത്സരങ്ങളൊന്നുമില്ലാതെയിരിക്കെ 21-ാം റാങ്കില്‍ നിന്ന് താഴേക്കുപോയെങ്കിലും ഒളിമ്പിക്സ് യോഗ്യതയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ജാബിറിന് കഴിഞ്ഞു. ഒളിമ്പിക്സിന്റെ 400 മീറ്റര്‍ ഹര്ഡില്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമാണ്.
പട്യാലയില്‍ നടന്ന ദേശീയ ഇന്റര്‍സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 49.78 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു സ്വര്‍ണ്ണം നേടിയതാണ് ഒടുവിലത്തെ പ്രകടനം.
മുടിക്കോട് മദാരിപ്പള്ളിയാലില്‍ ഹംസയുടെയും ഷെറീനയുടെയും മകനായ ജാബിര്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. പന്തല്ലൂര്‍ എച്ച്എസ്എസില്‍ പഠിക്കുമ്പോള്‍ 2013ലെ സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണം നേടി. തവനൂര്‍ കേളപ്പന് മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലായിരുന്നു പ്ലസ്ടു. ഇവിടെ പ്രൊഫഷണല്‍ സ്പോര്‍ട്സ് അക്കാദമിയില്‍ എം.വി. അജയന്റെ കീഴില്‍ പരിശീലനം. ദേശീയമീറ്റിലടക്കം സ്വര്‍ണം നേടിയ ജാബിറിന് 2015-ല്‍ നേവിയില്‍ ജോലിയും കിട്ടി. 2017-ല്‍ ഭുവനേശ്വറിലും 2019-ല്‍ ദോഹയിലും നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളില്‍ ജാബിറിലൂടെ രാജ്യത്തിനു വെങ്കലമെഡലുകള്‍ ലഭിച്ചു. തുടര്‍ന്ന് ദോഹയില്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സെമിഫൈനലില്‍ കടന്ന് ചരിത്രംകുറിച്ചു. കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡില്‍ ചീഫ് പെറ്റി ഓഫീസറാണിപ്പോള്‍. പന്തല്ലൂര്‍ സ്കൂളിലെ വി.പി. സുധീര്‍, കോട്ടയം സ്പോര്‍ട്സ് ഹോസ്റ്റലിലെ വിനയചന്ദ്രന് എന്നിവരും പ്രധാന പരിശീലകരാണ്. സഹോദരങ്ങള്‍: ജസ്ന, ജബിന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: