വികാസ് നരോണ്‍
1994 ഏപ്രില്‍ ആറിന് 50 പേര് യാത്ര ചെയ്തിരുന്ന ഒരു ഫാല്‍ക്കണ്‍ ജറ്റ് വിമാനം മിസൈല്‍ ആക്രമണത്തില്‍ കിഗാലി വിമാനത്താവളത്തിനടുത്ത് തകര്‍ന്നു വീണു. അതില്‍ യാത്ര ചെയ്തിരുന്ന റുവാണ്ടന്‍ ഹുട്ടു പ്രസിഡന്റ് ജുവെനൈല്‍ ഹാബ്യാറിമാന്‍ കൊല്ലപ്പെട്ടു. ടുട്സി സായുധ സേന ആര്‍പിഎഫ് ആണ് ഇതിനു പിന്നില്‍ എന്ന് ഭരണാധികാരികള്‍ വിധിയെഴുതി. ഹുട്ടു പ്രധാനമന്ത്രിയെ ടുട്സി ഒളിപ്പോരാളികള്‍ വധിച്ചു എന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. കാലങ്ങളായി ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടി വംശഹത്യക്ക് കാത്തിരുന്ന ഹുട്ടു പകയ്ക്ക് ആഞ്ഞടിക്കാന്‍ ഈ കൊലപാതകം അവസരമായി.
പസിഡന്റിന്റെ മരണം കഴിഞ്ഞ ഉടനെ അധികാരമേറ്റെടുത്ത ‘പ്രതിസന്ധി സമിതി’യുടെ തലവന്‍ തിയോണസ്റ്റ് ബാഗോസോറ യാണ് വംശഹത്യയുടെ ചുക്കാന്‍ പിടിച്ചത്. ‘ജോലി ആരംഭിക്കാന്‍’ അദ്ദഹം ഹുട്ടു വംശജരെ ആഹ്വാനം ചെയ്തു. രാജ്യത്തെ റേഡിയോ സ്റ്റേഷനിലൂടെയാണ് വംശഹത്യാ ആഹ്വാനം നാടുമുഴുവന്‍ എത്തിയത്. ടുട്സികളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യവുമായി ടുട്ടു പട്ടാളക്കാരും തീവ്രവാദ ഗ്രൂപ്പുകളും സാധരണക്കാരും കൊലപാതകങ്ങള്‍ ആരംഭിച്ചു. എന്ത് ആയുധം ഉപയോഗിച്ചും ശത്രുവിനെ കൊല്ലാനാണ് ആഹ്വാനം. മഴുവാണ് പൊതുവായി ഉപയോഗിച്ച ആയുധം. പിന്നെ തോക്കും. വംശഹത്യ നടത്തുന്നവര്‍ക്കുള്ള നിര്‍ദ്ദേശം എല്ലാ ദിവസവും റേഡിയോയിലൂടെ ജനങ്ങളെ അറിയിച്ചു. കൂടുതല്‍ പേരെയും കൊന്നത് അവരുടെ ഗ്രാമങ്ങളില്‍ തന്നെയാണ്. ഏറെനാള്‍ ഒന്നിച്ചു കഴിഞ്ഞ അയല്‍വാസികളും സുഹൃത്തുക്കളുമാണ് കൊല ചെയ്തത് എന്നത് വേദനാജനകമാണ്.
ഒരു ഗ്രാമത്തിലെ മുഴുവന്‍ ടുട്സികളെയും അവിടുത്തെ ഹുട്ടുക്കള്‍ക്ക് നന്നായി അറിയാം. കൊലക്കൂട്ടം ടുട്സി വിടുകളില്‍ കയറി കയ്യിലുള്ള ആയുധം ഉപയോഗിച്ച് ടുട്സികളെ കൊന്നൊടുക്കി. ഇതിനര്‍ത്ഥം എല്ലാ ഹുട്ടുകളും തീവ്ര വികാരം ഉള്ളവര്‍ ആയിരുന്നു എന്നല്ല. മിതവാദികളും ഉണ്ട്. പക്ഷെ അത്തരം മിതവാദികളെ കൊന്നുകളയാനാണ് കല്പന. ടുട്സികളെ കൊല്ലരുത് എന്ന നിലപാട് എടുത്ത എല്ലാ ഹുട്ടുക്കളും ‘കുലംകുത്തികളായി’ മുദ്രകുത്തി വധിക്കപ്പെട്ടു. തീര്‍ന്നില്ല, ടുട്സി സ്ത്രീകളെ വിവാഹം കഴിച്ച ഹുട്ടുക്കള്‍ക്കും ഇതേ വിധിയായിരുന്നു. പല ഹുട്ടു ഭര്ത്താക്കന്മാരും തങ്ങളുടെ ടുട്സി ഭാര്യമാരെ വധിക്കാന്‍ നിര്‍ബന്ധിതരായി. അല്ലെങ്കില്‍ അവര്‍ വധിക്കപ്പെടും എന്ന അവസ്ഥയായിരുന്നു. വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും ഒളിച്ചിരുന്ന ടുട്ട്സി കുട്ടികളെ തിരഞ്ഞു പിടിച്ച് കൊന്നു തള്ളി.
പട്ടണങ്ങളില്‍ ജനങ്ങള്‍ പരസ്പരം അറിയാത്ത സാഹചര്യത്തില്‍ പട്ടാളം ബാരിക്കേഡുകള്‍ തീര്‍ത്ത് ജനത്തെ തടഞ്ഞു നിര്‍ത്തി, ഐഡി കാര്‍ഡ് പരിശോധിച്ച് ടുട്സികളെ വെടിവെച്ചു കൊന്നു. റുവാണ്ടന്‍ ഐഡിയില്‍ ജാതി വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. ഒരൊറ്റ ടുട്സിയും ജീവനോടെ അവശേഷിക്കരുത്, രാജ്യദ്രോഹികളായ അവരാണ് നമ്മുടെ എല്ലാ ദുരിതങ്ങള്‍ക്കും കാരണം എന്ന സന്ദേശമാണ് ഹുട്ടു ജനതയ്ക്ക് അവരുടെ നേതാക്കന്മാരില് നിന്നും കിട്ടിയത്. സമ്പൂര്‍ണ്ണ വംശഹത്യ എന്ന ഇണ്ടാസ് അവര്‍ അക്ഷരംപ്രതി പാലിച്ചു.
കൂട്ടക്കൊലയ്ക്ക് ശേഷം മൃതദേഹങ്ങള്‍ കഗേറാ നദിയിലേക്ക് വലിച്ചെറിഞ്ഞു. നദികളിലൂടെ എത്തിച്ചേര്‍ന്ന ശവശരീരങ്ങള്‍ വിക്ടോറിയ തടാകത്തെ മലിനമാക്കിയത് വലിയ പാരിസ്ഥിതി പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. സ്ത്രീകളെ കൊല്ലുക അല്ലെങ്കില്‍ ബലാത്സംഗം ചെയ്യുക എന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തത്. ബലാത്സംഗത്തെ ഒരു ആയുധമായി ഉപയോഗിക്കപ്പെട്ടു. പരസ്യമായ ബലാത്സംഗമാണ് നടത്തിയത്. ടുട്സി സ്ത്രീകളെ ഹുട്ടു സ്ത്രീകള്‍ അടക്കമുള്ള ജനക്കൂട്ടത്തിന്റെ മുന്നില്‍ ബലാത്സംഗം ചെയ്തു.
ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രി എയ്ഡ്സ് രോഗിയായി പിന്നിട്ടുള്ള കാലം നരകിക്കണം എന്ന നിര്‍ബന്ധം ഭരണകൂടത്തിന് ഉണ്ടായിരുന്നു. രാജ്യത്തെ ആശുപത്രികളില്‍ നിന്ന് എയ്ഡ്സ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് ‘ബലാത്സംഗ സ്വകാഡുകള്‍’ രൂപീകരിച്ചാണ് സ്ത്രീകളെ അക്രമിച്ചത്. ബലാത്സംഗത്തിനു വിധേയമാക്കപ്പെട്ട സ്ത്രീ പ്രസവിക്കാതിരിക്കാന് മഴു ഉപയോഗിച്ച് അവളുടെ രഹസ്യ ഭാഗങ്ങള്‍ അറുത്തു മാറ്റാനും നിര്‍ദേശം നല്‍കിയിരുന്നു. ചൂടു വെള്ളം, ആസിഡ്, മൂര്‍ച്ചയേറിയ കുന്തം എന്നിവയും സ്ത്രീയുടെ പ്രസവശേഷി നശിപ്പിക്കാന്‍ ഉപയോഗിച്ചു. പലപ്പോഴും ഹുട്ടു സ്ത്രീകളാണ് ബലാത്സംഗ സ്ക്വാഡിനെ സഹായിച്ചത്.
ദിവസങ്ങള്‍ക്കുള്ളില്‍ പല പ്രവിശ്യകളിലും ടുട്സി ന്യൂനപക്ഷം തുടച്ചു മാറ്റപ്പെട്ടു. മൂന്നു മാസത്തെ വംശഹത്യയില്‍ ഏകദേശം എട്ടു ലക്ഷം ടുട്സികളും ഹുട്ടു മിതവാദികളും അടക്കം പതിനൊന്ന് ലക്ഷത്തിനടുത്ത് മനുഷ്യര്‍ വധിക്കപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്കുകള്‍. തങ്ങളുടെ വംശത്തെ ഉന്മൂലനത്തില് നിന്നും രക്ഷപ്പെടുത്താന്‍ ടുട്സി സായുധ സേനയായ ആര്‍പിഎഫ് ഉഗാണ്ടയുടെ പിന്തുണയോടെ തിരിച്ചടി ആരംഭിക്കുകയും സര്‍ക്കാര്‍ സേനയെ പരാജയപ്പെടുത്തുകയും ചെയ്തു. ആര്‍പിഎഫ് അധികാരം പിടിച്ചെടുത്തതോടെയാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ഭീകരമായ റുവാണ്ടന്‍ വംശഹത്യയ്ക്ക് തിരശ്ശീല വീണത്. പോള്‍ കഗാമെ എന്ന ടുട്സി അധികാരത്തിലേറുകയും ശക്തമായ തിരിച്ചടി ആരംഭിക്കുകയും ചെയ്തു. അയല്‍രാജ്യമായ സൈറിലേക്ക് ലക്ഷക്കണക്കിന് ഹുട്ടുക്കള്‍ പലായനം ചെയതു. അടിയും തിരിച്ചടിയും എവിടെയും എത്തിക്കില്ല എന്ന ബോധം ശക്തമായപ്പോള്‍ തിരിച്ചടി അവസാനിപ്പിച്ച് എല്ലാ താല്പര്യങ്ങളേയും ഒന്നിച്ചു നിര്‍ത്തി ഒരു ഭരണത്തിന് റുവാണ്ട സാക്ഷിയായി.
പോള്‍ കഗാമെ തന്നെയാണ് ഇന്നും റുവാണ്ടെ ഭരിക്കുന്നത്. ഒരു കൂട്ടുകക്ഷി സര്‍ക്കാറിന് അദ്ദേഹം നേതൃത്വം നല്കുന്നു. വംശഹത്യയുടെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. പക്ഷെ, കഗാമെ ഒന്നിനും കാത്തു നില്ക്കുന്നില്ല. തകര്‍ന്നു തരിപ്പണമായ ഒരു രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുകയാണ് അദ്ദേഹം. ഹുട്ടുക്കളും ടുട്സികളും ക്രിസ്തുമത വിശ്വാസികള്‍ ആണെങ്കിലും അവരിലെ ജാതി ചിന്തയും ജാതി വെറിയും ശക്തമായി നിലനിന്നിരുന്നു. മതപരിവര്‍ത്തനം മനുഷ്യനില്‍ അന്തര്‍ലീനമായ വംശീയ, ജാതീയ സ്വത്വത്തെ ഇല്ലാതാക്കാന്‍ പ്രാപ്തമല്ല. പഴയ സ്വത്വ ബോധത്തെ മതത്തിന്റെ പുതിയ നിയമങ്ങള്‍ക്ക് ഇല്ലായ്മ ചെയ്യാനാവില്ല. ടുട്സികള്‍ അഭയം തേടിയ പള്ളി പോലും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ മടിക്കാത്ത വിശ്വാസിക്ക് മതമല്ല വലുത്, ജാതിയാണ്. റുവാണ്ടന്‍ വംശഹത്യയില്‍ കത്തോലിക്കാ പുരോഹിതരും പങ്കെടുത്തിരുന്നു എന്ന വേദനിപ്പിക്കുന്ന സത്യവും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. പോപ് ഫ്രാന്‍സിസ്, 2017 ല്‍ റുവാണ്ട സന്ദര്‍ശിച്ച് പുരോഹിതരുടെ ചെയ്തികള്‍ക്ക് മാപ്പ് പറയുകയുണ്ടായി.
ഒരേ മതത്തില്‍ വിശ്വസിക്കുമ്പോഴും ഒന്നിച്ചു ജീവിക്കുമ്പോഴും തന്റെ ജാതിയില്‍പ്പെടാത്ത അയല്‍ക്കാരനെ ഉന്മൂലനം ചെയ്യാന്‍ ആയുധം മൂര്‍ച്ച കൂട്ടി നല്ലൊരു അവസരം വരാന്‍ കാത്തു നിന്ന റുവാണ്ടന്‍ പക മനുഷ്യവര്‍ഗത്തിന് ഒരു പാഠമാണ്. ടുട്ടുവും, ടുട്സിയും, റ്റുവകളും ബാനയാര്‍ വര്‍ഗ്ഗത്തില്‍ നിന്ന് ജന്മമെടുത്തവരാണെ ബോധം, ഇവരൊക്കെ മനുഷ്യവര്‍ഗത്തില്‍ തന്നെയാണ് ജനിച്ചതെന്ന ബോധം, ഇനിയെങ്കിലും പുലരട്ടെ. ആധുനിക സമൂഹം വംശഹത്യകള്‍ ഉണ്ടാവുന്നത് തടഞ്ഞേ തീരൂ. വംശഹത്യയുടെ ഓര്‍മ്മകള്‍ റുവാണ്ട ഇന്ന് പ്രോത്സാഹിപ്പിക്കുന്നില്ല. അവര്‍ക്ക് മുന്നോട്ടേക്ക് പോണം. ആധുനികതയിലേക്ക്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: