കാബൂള്‍: അഫ്ഗാനിസ്ഥാന്റെ ബാഗ്രാം എയര്‍ ബേസില്‍ നിന്നും വെള്ളിയാഴ്ച അവസാന യുഎസ് പട്ടാളക്കാരും അമേരിക്കയിലേക്ക് പറക്കുന്നതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സേനാ പിന്മാറ്റം പൂര്‍ത്തിയാവുമെന്ന് യുഎസ് സൈനിക വക്താവ്.
താലിബാന്റെ മേല്‍ക്കോയ്മയ്ക്കെതിരെ പൊരുതുന്ന സൈനികശക്തിയുടെ നെടുംതൂണായിരുന്നു അഫ്ഗാനിസ്ഥാനിലെ യുഎസ് സേന. ഏകദേശം രണ്ട് ദശകത്തോളം അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍ താലിബാനും ഇസ്ലാമിക് സ്റ്റേറ്റിനും എതിരെ പൊരുതി. 2,000 യുഎസ് പട്ടാളക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അവസാന യുഎസ് സേനാംഗങ്ങളും ബഗ്രാം എയര്‍ബേസില്‍ എത്തിക്കഴിഞ്ഞു. ബഗ്രാമില്‍ നിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റം താലിബാനെ സംബന്ധിച്ചിടത്തോളം പ്രതീകാത്മക വിജയമാണ്.
യുഎസ് സേന ഭാഗികമായി പിന്മാറ്റം തുടങ്ങിയതോടെ മിക്ക പ്രവിശ്യകളിലും വീണ്ടും താലിബാനും ഐഎസും പിടിമുറുക്കിക്കഴിഞ്ഞു. അഫ്ഗാന് സേനയ്ക്ക്തിരെ കടുത്ത പോരാട്ടമാണ് നടക്കുന്നത്. 2020 ഫിബ്രവരിയില്‍ താലിബാനുമായി അന്നത്തെ യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയ ചര്‍ച്ചകളും തുടര്‍ന്നുണ്ടായ കരാറുമാണ് യുഎസ് സേനയുടെ പിന്മാറ്റത്തിന് വഴിയൊരുക്കിയത്. 2011 മധ്യത്തില്‍ ഏകദേശം ഒരു ലക്ഷം യുഎസ് പട്ടാളക്കാരാണ് അഫ്ഗാനിസ്ഥാനില്‍ ഇറങ്ങിയത്. 35,000 പേരെ കരാറടിസ്ഥാനത്തിലും നിയമിച്ചു. പിന്നീട് യുഎസ് സേനയുടെ എണ്ണം 2500ഉം കരാര്‍ ജീവനക്കാരുടെ എണ്ണം 18,000 ഉം ആയി താഴ്ന്നു. സപ്തംബര്‍ 11ന് മുന്‍പ് അവസാന യുഎസ് സേനയും അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന് എത്രയോ മുന്‍പ്തന്നെ യുഎസ് സേനാപിന്മാറ്റം പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: