ലഖ്നോ: ഉത്തര്‍പ്രദേശിലെ 21 ജില്ലകളിൽ അധ്യക്ഷപദവികളില്‍ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. സമാജ്‌വാദി പാർട്ടിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലം പ്രഖ്യാപിച്ചത്.
ആകെ 75 ജില്ലാ പഞ്ചായത്തുകളിലെ അധ്യക്ഷപദവിയ്‌ക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ചയാണ് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ബിജെപിയുടെ 17 ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എതിര്‍സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചതിനാല്‍ മറ്റ് നാല് പേരും വിജയിച്ചു.
ചിത്രകൂട്, ആഗ്ര, ഗൗതം ബുദ്ധ നഗർ, മീററ്റ്, ഗാസിയാബാദ്, ബുലന്ദ്ഷഹർ, അമ്രോഹ, മൊറാദാബാദ്, ലളിത്പൂർ, ഝാൻസി, ബാൻഡ, ശ്രാവസ്തി, ബൽരാമ്പൂർ, ഗോണ്ട, ഗോരഖ്പൂർ, മൗ , വാരണാസി എന്നീ ജില്ലകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സഹാറൻപൂർ, ബഹ്‌റൈച്ച്, പിലിഭിറ്റ്, ഷാജഹാൻപൂർ എന്നിവിടങ്ങളിൽ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർത്ഥികൾ നോമിനേഷൻ പിൻവലിക്കുകയായിരുന്നു.
ആകെയുള്ള 75 അധ്യക്ഷപദവികളില്‍ 60ഉം പിടിച്ചെടുക്കുക എന്നതാണ് യോഗിയുടെ ലക്ഷ്യം. ഇതിനായി സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ കൂടെക്കൂട്ടുകയും പ്രതിപക്ഷപാര്‍ട്ടികളില്‍ ആടിനില്‍ക്കുന്നവരെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.
അഖിലേഷ് യാദവിന്റെ ബന്ധു അൻഷുൾ യാദവാണ് സമാജ്‌വാദി പാർട്ടിക്കു വേണ്ടി ഇറ്റാവ ജില്ലയിൽ വിജയിച്ചത്. ബാക്കി 53 സീറ്റുകളുടെ ഫലം ശനിയാഴ്‌ച്ച പ്രഖ്യാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി മുന്നേറ്റം തടയാൻ സകല അടവുകളും പയറ്റുകയാണ് പ്രതിപക്ഷം. സംസ്ഥാനത്ത് കലാപം സംഘടിപ്പിക്കാനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുമുള്ള ഇന്ത്യ വിരുദ്ധ ശക്തികളുടെ ഗൂഢാലോചന നേരത്തെ പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് അതീവ ജാഗ്രതയിലാണ് സംസ്ഥാനത്തെ സുരക്ഷ സേന.
രാജ്യത്തെ എറ്റവും വലിയ സംസ്ഥാനമായിട്ടും കൊറോണ കേസുകളെ വിജയകരമായി പ്രതിരോധിക്കാൻ കഴിഞ്ഞതിന്റെ തിളക്കത്തിലാണ് യോഗി സർക്കാർ. നല്‍കിയ വാക്സിനുകളില്‍ ഒരു ശത്മാനത്തില്‍ താഴെ മാത്രമാണ് യുപി പാഴാക്കിയിട്ടുള്ളൂ. മറ്റ് സംസ്ഥാനങ്ങള്‍ 37 ശതമാനം വരെ വാക്സിന്‍ പാഴാക്കിയപ്പോഴാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: