വികാസ് നരോണ്‍
ആയിരം കുന്നുകളുടെ നാടാണ് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട. പ്രകൃതി രമണീയമായ സുന്ദരഭൂമി. തലസ്ഥാന നഗരി കിഗാലിയില്‍, കഴിഞ്ഞ മെയ് 27ന് ഒരു സുപ്രധാന അതിഥി പറന്നിറങ്ങി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആയിരുന്നു അത്. കിഗാലിയിലെ വംശഹത്യാ സ്മാരകത്തിനു മുന്നില്‍ അദ്ദേഹം ഫ്രാന്‍സ് ചെയ്ത ഒരു വലിയ തെറ്റ് ഏറ്റു പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്നെ, ചെയ്തുപോയ ആ തെറ്റിന് തങ്ങളുടെ രാജ്യത്തോട് പൊറുക്കാന്‍ അദ്ദേഹം റുവാണ്ടന്‍ ജനതയോട് അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് ഇമ്മാനുവലിന്റെ ആദ്യ റുവാണ്ടന്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശം തന്നെ ഈ ഏറ്റു പറയല്‍ മാത്രമായിരുന്നു.
1994ല്‍ റുവാണ്ടയില്‍ അരങ്ങേറിയ ടുട്സി വംശഹത്യയെ ഫ്രാന്‍സ് തടയാതിരുന്നതായിരുന്നു ആ വലിയ തെറ്റ്. റുവാണ്ടയുടെ സുഹൃദ് രാജ്യമായ ഫ്രാന്‍സ്, അന്ന് വംശഹത്യക്ക് എതിരെ ശക്തമായി ഇടപ്പെട്ടിരുന്നെങ്കില്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ കൊലക്കത്തിക്ക് ഇരയാവുകയില്ലായിരുന്നു. റുവാണ്ടയിലെ ഹുട്ടു വംശജര്‍ ടുട്സി വംശത്തിലെ എട്ടു ലക്ഷം പേരെയാണ് അന്ന് കൊന്നൊടുക്കിയത്. വംശഹത്യ അരങ്ങേറിയ സമയം രാജ്യം ഭരിച്ചിരുന്ന ഹുട്ടു ഭരണകൂടവുമായി ഫ്രാന്‍സിന് വളരെ നല്ല ബന്ധമായിരുന്നു. സേനയ്ക്ക് പരിശീലനം കൊടുക്കുന്നത് പോലും ഫ്രാന്‍സ് ആയിരുന്നു. കൊലപാതകങ്ങള്‍ റുവാണ്ടന്‍ മണ്ണില്‍ താണ്ഡവമാടുമ്പോള്‍, സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വക്താക്കളായ ഫ്രാന്‍സ്, ഇതു തടയാന്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. റുവാണ്ടന്‍ വംശഹത്യയുടെ സമയം മിറ്ററാന്‍ഡ് ആയിരുന്നു ഫ്രഞ്ച് പ്രസിഡന്റ്.
സത്യത്തിനു നേരെ മുഖം തിരിച്ച് കഴിഞ്ഞ പത്തൊന്‍പത് വര്‍ഷത്തോളം റുവാണ്ടന്‍ വംശഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഫ്രാന്‍സ് മൗനം പാലിച്ചു. ഫ്രാന്‍സിന്റെ ദീര്‍ഘമൗനം ഇപ്പൊള്‍ വാചാലമാവുകയാണ്. 1994 ഏപ്രില്‍ മാസം ഏഴാം തിയ്യതി മുതല്‍ ജൂണ്‍ മാസം പതിനഞ്ചുവരെ നീണ്ടു നിന്ന നൂറു ദിവസത്തെ റുവാണ്ടന്‍ വംശഹത്യ വീണ്ടും ചര്‍ച്ചാ വിഷയമാവുന്നു. ലോകം പതിയെ മറക്കാന്‍ തുടങ്ങിയ ആ കൊടിയകാല യാഥാര്‍ത്ഥ്യങ്ങള്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവലിന്റെ നടപടികളിലൂടെ വീണ്ടും വെളിച്ചം കാണുകയാണ്.
ഇമ്മാനുവല്‍ മക്രോണ്‍ എന്ന ഫ്രഞ്ച് പ്രസിഡന്റ് വ്യത്യസ്തനായ മനുഷ്യനാണ്. അദ്ദേഹം പുതിയ തുടക്കങ്ങളില്‍ വിശ്വസിക്കുന്നു. ചരിത്ര സത്യങ്ങളെ വളച്ചൊടിച്ച്, കണ്ണടച്ച് ഇരുട്ടാക്കി മുന്നോട്ടു നീങ്ങാന്‍ അദ്ദേഹത്തിന് താല്പര്യമില്ല. പത്തൊന്‍പത് വര്‍ഷത്തെ മൗനത്തിനു ശേഷം റുവാണ്ടന്‍ വംശഹത്യയില്‍ ഫ്രാന്‍സിന്റെ പങ്കിനെ പറ്റി നിഷ്പക്ഷമായി അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരാന്‍ അദ്ദേഹം ഒരു കമ്മീഷന് രൂപീകരിക്കുകയുണ്ടായി. സത്യം അറിയാന്‍ ഫ്രാന്‍സ് ജനതയും ഏറെ ആഗ്രഹിച്ചിരുന്നു. രഹസ്യരേഖകള്‍ തുറന്നു നോക്കിയുള്ള രണ്ടു വര്‍ഷത്തെ വിശദമായ പഠനമാണ് കമ്മീഷന് നടത്തിയത്. ചരിത്രകാരന് വിന്‍സന്റ് ഡുകഌട്ടിന്റെ നേതൃത്വത്തിലുള്ള പതിനഞ്ച് അംഗ ഡുക്ലര്‍ കമ്മീഷന്, 991 പേജുകള്‍ ഉള്ള റിപ്പോര്‍ട്ട്, കഴിഞ്ഞ മാര്‍ച്ച് മാസം സമര്‍പ്പിച്ചു. കലാപ വേളയില്‍ ഫ്രാന്‍സിന്റെ മൗനം വംശഹത്യയെ പിന്തുണച്ചു എന്ന് കമ്മീഷന് കണ്ടെത്തി. വംശഹത്യയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഫ്രാന്‍സിന് ഒഴിഞ്ഞു മാറാന്‍ ആവില്ല എന്ന് കമ്മിഷന് വ്യക്തമാക്കി. റുവാന്‍ഡന്‍ സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മീഷനും ഫ്രാന്‍സിനെത്തന്നെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. ഈ ആധുനിക കാലഘട്ടത്തില്‍, ശക്തമായ രാജ്യങ്ങള്‍ ഏറെയുണ്ടായിട്ടും, ക്രിയാത്മകമായ ഒരു ഇടപെടല്‍ നടത്തി വംശഹത്യ തടയാന്‍ ആരും മുന്നോട്ടു വന്നില്ല. ആധുനിക സമൂഹം മുഴുവനും ഇവിടെ പ്രതിക്കൂട്ടിലാണ്, ഐക്യരാഷ്ട്രസഭ അടക്കം.
ചരിത്രം
റുവാണ്ടന്‍ ജനത അടിസ്ഥാനപരമായി ബാനയാര്‍ വംശത്തില്‍ പെട്ടവരാണ്. ഈ വംശത്തിന് മൂന്ന് ഉപജാതികളാണുള്ളത്. എണ്ണത്തില്‍ കൂടുതലുള്ള ഹുട്ടുക്കള്‍, ടുട്സികള്‍, വളരേ കുറവ് അംഗങ്ങളുള്ള റ്റുവകളും. റ്റുവകള്‍ കാട്ടില്‍ ജീവിക്കുന്നവരാണ്. റ്റുവ ജാതി, പ്രകൃതി ശക്തികളെ ആരാധിക്കുന്ന തനത് ആഫ്രിക്കന്‍ ദൈവ സങ്കല്പം പിന്തുടരുമ്പോള് ഹുട്ടുക്കളും ടുട്സികളും ക്രിസ്തുമത വിശ്വാസികളാണ്. റോമന്‍ കത്തോലിക്കരാണ് ഭൂരിപക്ഷം. ന്യൂനപക്ഷമായി ഇവാഞ്ചലിസ്റ്റുകളുമുണ്ട്.
1884 മുതല്‍ ജര്‍മ്മന്‍ കോളനിയായ റുവാണ്ട 1916ല്‍ ബെല്‍ജിയത്തിന്റെ കോളനിയായി. കൊളോണിയല്‍ ശക്തികള്‍ രാജ്യം ഭരിച്ചത് ന്യൂനപക്ഷ ടുട്സികളിലൂടെയായിരുന്നു. കൊളോണിയല്‍ ശക്തികള്‍ക്കുവേണ്ടി രാജ്യം ഭരിച്ച ടുട്സികള്‍ അവരുടെ ജാതിയിലുള്ളവര്‍ക്ക് എല്ലാ സുഖങ്ങളും സൗകര്യങ്ങളും നേടിക്കൊടുത്തു ഉന്നതന്മാരാക്കി മാറ്റിയപ്പോള്‍ ഭൂരിപക്ഷം വരുന്ന ഹുട്ടുക്കള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരായി. സാമൂഹ്യമായും സാമ്പത്തികമായും ടുട്സികള്‍ ഉന്നത നിലയില്‍ എത്തി നിന്നപ്പോള്‍ ഹുട്ടുക്കള്‍ക്ക് അവകാശപ്പെട്ട നീതി പോലും നിഷേധിക്കപ്പെട്ടു. അവര്‍ രണ്ടാം തരം പൗരന്മാരെപ്പോലെയായി. ഈ വിവേചനം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റപ്പെടുകയുണ്ടായി. തങ്ങളുടെ ദയനീയതയ്ക്ക് കാരണം ടുട്സികള്‍ ആണെന്ന ബോധം അവരെ വര്‍ഗശത്രുക്കളായി പ്രതിഷ്ഠിക്കാന്‍ ഹുട്ടുക്കള്‍ നിര്‍ബന്ധിതരായി.
1959ല്‍ രാജ്യം ഭരിച്ചിരുന ടുട്സി വംശജനായ രാജാവിനെ ഹുട്ടുക്കള്‍ സ്ഥാനഭ്രഷ്ടനാക്കി അധികാരമേറ്റെടുത്തു. ഇതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര കലാപത്തില്‍ ഒട്ടേറെ പേര്‍ക്ക് ജീവഹാനിയുണ്ടായി. ഒരു ലക്ഷത്തിനടുത്ത് ടുട്സികള്‍ അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട ടുട്സികള്‍ ‘റുവാണ്ടന്‍ പാട്രിയോടിക്ക് ഫ്രണ്ട് (ആര്‍പിഎഫ്)’ എന്ന സായുധ സംഘടന രൂപീകരിച്ചു. അയല്‍ രാജ്യമായ ഉഗാണ്ടയില്‍ പ്രവര്‍ത്തനം തുടങ്ങി. 1962ല്‍ റുവാണ്ട സ്വാതന്ത്ര്യം നേടി, ഗ്രിഗോയിര്‍ കായിബാണ്ട ആദ്യ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു. ഉന്നതങ്ങളില്‍ സ്വാതന്ത്ര്യവും അധികാര കൈമാറ്റവും ജനാധിപത്യവുമൊക്കെ നടക്കുമ്പോള്‍ രാജ്യത്തെ ഹുട്ടുക്കളും ടുട്സികളും തമ്മിലുള്ള അകല്‍ച്ച വളര്‍ന്നു കൊണ്ടേയിരുന്നു. ഭൂരിപക്ഷമായിട്ടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടതിന്റെ അതൃപ്തിയെ ഹുട്ടു വിഭാഗ നേതാക്കള്‍ ടുട്സികളോടുള്ള വിരോധമായി വളര്‍ത്തിയെടുത്തു. ടുട്സി വംശജരുടെ ഒളിപ്പോര് സേന ആര്‍പിഎഫ് ഉഗാണ്ടയില്‍ നിന്നും റുവാണ്ടയെ 1990ല്‍ ആക്രമിച്ചു. രാജ്യത്ത് ഒരു ആഭ്യന്തര യുദ്ധത്തിന് ഇത് കാരണമാവുകയും ചെയ്തു. ഹുട്ടു സര്‍ക്കാര്‍ സേനയും ടുട്സി സേനയും തമ്മിലുള്ള യുദ്ധത്തില്‍ രണ്ടു വിഭാഗവും വിജയം നേടിയില്ല. ജയവും തോല്‍വിയുമില്ലാതെ മുന്നേറുന്ന യുദ്ധത്തെ അവസാനിപ്പിക്കാന്‍ ‘അര്‍ഷം ഉടമ്പടി’ ഒപ്പു വയ്ക്കപ്പെട്ടു. ഈ ഉടമ്പടി ഹുട്ടു തീവ്രവാദികളെ പ്രകോപിപ്പിച്ചു.
രാജ്യത്തെ ശത്രുക്കളെ സഹായിക്കുന്നവരാണ് ടുട്സികളെന്നും അവരെ ഒരു പാഠം പഠിപ്പിക്കണമെന്നുമുള്ള വികാരം ഹുട്ടുക്കളില്‍ ശക്തമായി വളര്‍ന്നു. ടുട്ട്സികളെ ഉന്മൂലനം ചെയ്ത് രാജ്യത്തെ രക്ഷിക്കണമെന്ന ബോധം എല്ലാ ഹുട്ടുക്കളിലും ആസൂത്രിതമായി ഹുട്ടു നേതാക്കള്‍ വളര്‍ത്തിയെടുത്തു. ടുട്സികളെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢ പദ്ധതികള്‍ അണിയറയില്‍ ആസുത്രണം ചെയ്യപ്പെട്ടു. ആഞ്ഞടിക്കാന്‍ ഒരു നല്ല അവസരത്തിനായി സര്‍ക്കാര്‍ സേനയും, തീവ്രവാദി ഗ്രൂപ്പകളും, സാധാരണ ജനങ്ങളും കാത്തിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: