പ്രണയാധിക്യത്താല്‍ നാടുവിടുന്ന മധ്യവര്‍ഗസമൂഹത്തിന്റെ പ്രതിനിധികളായ രണ്ടുപേരുടെ നഗരത്തിലേക്കുള്ള ബസ്സുയാത്രയിലാണ് ‘സ്വയംവരം’ എന്ന ചലച്ചിത്രം ആരംഭിക്കുന്നത്. സ്വപ്‌നത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കുള്ള ജീവിതയാത്രയിലെ പ്രതിസന്ധികളെ കുറിച്ചാണ് ‘സ്വയംവരം’ എന്ന ആദ്യചലച്ചിത്രത്തിലൂടെ അടൂര്‍ ഗോപാലകൃഷ്ണനിലെ സംവിധായകന്‍ പ്രേക്ഷകനോട് സംവദിച്ചത്. എഴുപതുകളിലെ കലുഷിതമായ രാഷ്‌ട്രീയ, സാമൂഹ്യാന്തരീക്ഷത്തില്‍ ആ ചലച്ചിത്രം സൃഷ്ടിച്ച ചലനങ്ങള്‍ പിന്നീടുള്ള മലയാളസിനിമയുടെ സഞ്ചാരത്തിന് വഴികാട്ടലായി. ഹാസ്യവും പാട്ടും സ്റ്റണ്ടും ഇല്ലാത്ത സിനിമ പ്രേക്ഷകന്‍ വിസ്മയത്തോടെ സ്വീകരിച്ചു. 1972ല്‍ പുറത്തുവന്ന ‘സ്വയംവര’ത്തെ കുറിച്ച്, മലയാളത്തില്‍ ആദ്യമായി ഒരു ചലച്ചിത്രത്തെക്കുറിച്ച് നിരൂപണങ്ങളും ചര്‍ച്ചകളും വിവാദങ്ങളുമുണ്ടായി. മലയാളമെന്ന ഭാഷയില്‍ സിനിമകളുണ്ടെന്ന് ലോകത്തെ ആദ്യമായി അറിയിച്ചത് ‘സ്വയംവര’മാണ്. ലോകമെങ്ങുമുള്ള സിനിമാസ്വാദക വേദികളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തപ്പോള്‍ രാജ്യാതിരുകള്‍ കടന്നും മലയാളഭാഷ പുതിയ ഇടം സൃഷ്ടിക്കുകയായിരുന്നു.
ഇന്ത്യന്‍സിനിമയില്‍ കലയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും ബോധമുള്ള സിനിമകള്‍ സത്യജിത്‌റേയിലൂടെയാണ് വെള്ളിത്തിരയുടെ വെളിച്ചത്തിലെത്തിയത്. പച്ചയായ ജീവിതം പറയുന്ന, അതിഭാവുകത്വമില്ലാത്ത സൃഷ്ടികളായിരുന്നു അദ്ദേഹത്തിന്റെത്. സമൂഹത്തിന്റെയും പ്രകൃതിയുടെയും യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ചലച്ചിത്രസൃഷ്ടിക്കായി സ്വപ്‌നം കണ്ടുനടന്നിരുന്ന, നവസിനിമയുടെ സാധ്യതകളന്വേഷിക്കുന്ന ചലച്ചിത്രകാരന്മാര്‍ക്ക് വഴിതെളിക്കുന്നതായിരുന്നു റേയുടെ ചിത്രങ്ങളെല്ലാം. ചലച്ചിത്രമെന്ന മാധ്യമത്തെ, ശക്തമായ കലാരൂപത്തെ മനുഷ്യന്റെ പ്രതിസന്ധികള്‍ അവതരിപ്പിക്കാനായി എങ്ങനെ ഉപയോഗിക്കാമെന്ന ചിന്തയിലേക്ക് പുതിയ സിനിമാപ്രവര്‍ത്തകരെത്തിയ കാലം കൂടിയായിരുന്നു അത്. സത്യജിത്ത് റേയിലൂടെ സൃഷ്ടിക്കപ്പെട്ട പരിവര്‍ത്തനത്തിന്റെ ചുവടുപിടിച്ച് ഹിന്ദിയില്‍ മണികൗളിന്റെ ‘ഉസ്‌ക്കിറൊട്ടി’, കുമാര്‍സാഹ്നിയുടെ ‘മായാദര്‍പ്പണ്‍’, കര്‍ണാടകത്തില്‍ പട്ടാഭിരാമറെഡ്ഡിയുടെ ‘സംസ്‌കാര’ എന്നീ ചലച്ചിത്രങ്ങള്‍ ഉണ്ടായപ്പോള്‍ മലയാളത്തില്‍ ചലച്ചിത്രത്തിന്റെ അന്നുവരെയുള്ള മാമൂലുകളെയെല്ലാം തകര്‍ത്തെറിഞ്ഞാണ് ‘സ്വയംവരം’ സൃഷ്ടിക്കപ്പെട്ടത്. മലയാള സിനിമ സ്വയംവരത്തിനു മുമ്പും ശേഷവുമെന്നു വേര്‍തിരിക്കപ്പെട്ടു.
‘സ്വയംവരം’ കണ്ടവരുടെ മനസ്സ് അസ്വസ്ഥമാകുകയും കറുപ്പിലും വെളുപ്പിലുമുള്ള കാഴ്ചകള്‍ ഏറെക്കാലം നീറിപ്പിടിക്കുകയും ചെയ്തു. മധ്യവര്‍ഗ സമൂഹത്തിന്റെ പ്രതിസന്ധികള്‍ വെള്ളിത്തിരയില്‍ പ്രേക്ഷകന്‍ ആസ്വദിക്കുകയായിരുന്നില്ല. തന്റെ തന്നെ ജീവിതം അവരോരുത്തരും കാണുകയായിരുന്നു. പ്രേക്ഷകരോരുത്തരും സിനിമയിലെ നായകന്‍ വിശ്വമായും നായിക സീതയായും മാറി. സിനിമയില്‍ അത്തരമൊരനുഭവം മലയാളിക്ക് ആദ്യമായിരുന്നു. മലയാള സിനിമയിലെ ആദ്യത്തെയും എക്കാലത്തെയും മികച്ച ചലച്ചിത്രം ‘സ്വയംവര’മാകുന്നതും അതിനാലാണ്.
മലയാള സിനിമയുടെ ചരിത്രം മാറ്റുകയും പുനഃസൃഷ്ടിക്കുകയും ചെയ്ത അടൂര്‍ഗോപാലകൃഷ്ണന് എണ്‍പതു വയസ്സാകുമ്പോള്‍ എടുത്തുപറയേണ്ടതും ആദ്യ സൃഷ്ടിയായ ‘സ്വയംവര’ത്തെ കുറിച്ചുതന്നെയാണ്. അടൂരിന്റെ ചിത്രങ്ങളെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും രാജ്യാന്തര തലത്തില്‍ സ്വീകരിക്കപ്പെടുകയും ചെയ്തുവെങ്കിലും ‘സ്വയംവര’ത്തോളം മികച്ച കലാസൃഷ്ടിയായി മറ്റൊന്നിനെയും ഉയര്‍ത്തിക്കാട്ടാനാകില്ല. മുപ്പത്തിയൊന്നാം വയസ്സിലാണ് അടൂര്‍ സ്വയംവരവുമായി എത്തുന്നത്. നാളെ അദ്ദേഹത്തിന് 80 തികയുമ്പോള്‍ അമ്പതാംവര്‍ഷത്തിലേക്ക് നീളുകയാണ് അടൂരിന്റെ ചലച്ചിത്രസപര്യ.
കഥകളിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച കുടുംബത്തിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ജനിച്ചത്. എട്ടാം വയസ്സില്‍ അഭിനേതാവായി അരങ്ങിലെത്തി. 1960ല്‍ ഗാന്ധിഗ്രാം ഗ്രാമീണ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. ഇരുപതിലേറെ നാടകങ്ങള്‍ ഒരുക്കി. അതിലൊന്നിന്റെ രചനയും നിര്‍വഹിച്ചു. സാമ്പിള്‍ സര്‍വെയിലെ ഉദ്യോഗം രാജിവച്ചാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നത്. അവിടെ നിന്ന് 1965ല്‍ ബിരുദം നേടി. സഹപാഠികളുമായി ചേര്‍ന്ന് അക്കൊല്ലം തന്നെ തിരുവനന്തപുരത്ത് ചിത്രലേഖ ഫിലിം സൊസൈറ്റിക്കു രൂപം നല്‍കി. ചിത്രലേഖ സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. സൊസൈറ്റിയുടെ പ്രസിഡന്റ് അടൂര്‍ ആയിരുന്നു. ആദ്യഘട്ടത്തില്‍ ‘എ ഗ്രേറ്റ് ഡേ’ എന്ന ഹ്രസ്വചിത്രവും ചില ഡോക്യുമെന്ററികളും അടൂര്‍ നിര്‍മിച്ചു. ‘കാമുകി’ എന്ന പേരില്‍ ഒരു ഫീച്ചര്‍ ഫിലിം ഒരുക്കിയെങ്കിലും പൂര്‍ത്തിയായില്ല. പിന്നീടാണ് സ്വയംവരം ഉണ്ടാകുന്നത്.
നാടകത്തോടായിരുന്നു അടൂരിന്റെ ആദ്യപ്രണയം. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശനം ലഭിച്ചപ്പോള്‍ നാടകമെഴുത്തിന് അതു കരുത്താകുമെന്ന പ്രതീക്ഷയായിരുന്നു. നാടകമെഴുതി സംവിധാനം ചെയ്ത് സ്റ്റേജില്‍ അവതരിപ്പിച്ചിരുന്ന കാലം അദ്ദേഹത്തിനുണ്ടായിരുന്നു. ‘നിന്റെ രാജ്യം വരുന്നു’, ‘വൈകിവന്ന വെളിച്ചം’ തുടങ്ങിയ നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്യുകയും അടൂര്‍ അതില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ഇരുപതിലേറെ നാടകങ്ങള്‍ക്ക് അദ്ദേഹം രംഗസാക്ഷാത്കാരം നിര്‍വഹിച്ചിട്ടുണ്ട്. 1974 ല്‍ തിരുവനന്തപുരത്ത് സാമുവേല്‍ ബെക്കറ്റിന്റെ ‘ഗൊദോയെ കാത്ത്’ എന്ന നാടകം സംവിധാനം ചെയ്ത് അവതരിപ്പിച്ചു. അടൂരിന്റെ നാടകപാരമ്പര്യം അറിയാവുന്നതിനാലാണ് 2003ല്‍ കെപിഎസി അദ്ദേഹത്തോട് ഒരു നാടകം സംവിധാനം ചെയ്യാമോ എന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ സിനിമ വിട്ടൊരു മാറ്റത്തിന് അദ്ദേഹം തയ്യാറായിരുന്നില്ല.
അടിയന്തരാവസ്ഥക്കാലത്താണ് അടൂരിന്റെ രണ്ടാമത്തെ ചലച്ചിത്രമായ ‘കൊടിയേറ്റം’ പ്രേക്ഷകനിലേക്കെത്തുന്നത്. സംഘര്‍ഷഭരിതമായ രാഷ്‌ട്രീയകാലാവസ്ഥയിലും കൊടിയേറ്റം അന്നത്തെ സമൂഹത്തിന്റെ പ്രതിസന്ധികളൊന്നും ചര്‍ച്ച ചെയ്തില്ല. എങ്കിലും അസ്വസ്ഥമാകുന്ന, കലുഷിതമാകുന്ന മനുഷ്യമനസ്സ് തന്നെയായിരുന്നു രണ്ടാംചിത്രത്തിന്റെയും പ്രമേയം. ഗ്രാമീണജീവിതത്തിലെ ഉത്സവങ്ങളുടെ ഘടനയിലാണ് കൊടിയേറ്റം സൃഷ്ടിക്കപ്പെട്ടത്. ഉത്സവങ്ങള്‍ സമ്മാനിക്കുന്ന നിറപ്പൊലിമയോടു പ്രതിപത്തിയുള്ള കുട്ടികളുടെ മനസ്സുമായെത്തുന്ന നായകന്‍. ഒന്നും ചെയ്യാതെ, ഒന്നിലും ഉറച്ചുനില്‍ക്കാതെ ചാടിക്കളിക്കുന്ന ജീവിതം. അത്തരമൊരാളില്‍ സംഭവിക്കുന്ന പ്രണയവും ദുരന്തവുമെല്ലാമാണ് കൊടിയേറ്റം. ഗോപിയെന്ന മഹാനടനെ മലയാളത്തിന് സമ്മാനിച്ച ചലച്ചിത്രമാണ് കൊടിയേറ്റം. ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെത്തിയ അടൂര്‍ ചലച്ചിത്രം കൂടിയാണത്.
സസൂക്ഷ്മം ചലച്ചിത്രം സൃഷ്ടിക്കുകയെന്നതാണ് അടൂര്‍ ശൈലി. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവരെല്ലാം അത് വ്യക്തമാക്കിയിട്ടുമുണ്ട്. വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കാലാസൃഷ്ടിയോട് പുലര്‍ത്തുക. ഒന്നിനുവേണ്ടിയും തന്റെ നിലപാടുകളില്‍ നിന്ന് വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കല്ലുംമുള്ളും നിറഞ്ഞതായിരുന്നു തന്റെ ചലച്ചിത്രയാത്രകളെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതലാളുകള്‍ ചര്‍ച്ചചെയ്യുകയും വിമര്‍ശിക്കുകയും ചെയ്ത ചിത്രങ്ങളാണ് അടൂരിന്റെത്. മുന്‍ധാരണയോടെ പല ചിത്രങ്ങളെയും എഴുതിത്തള്ളാന്‍ നിരൂപകര്‍ തയ്യാറായി. തെറ്റായ വ്യാഖ്യാനങ്ങള്‍ കണ്ടെത്തിയായിരുന്നു അത്. ഇന്നത്തെപ്പോലെ മാധ്യമ പിന്തുണയോ വിദേശരാജ്യങ്ങളില്‍ സിനിമയെത്തിക്കാന്‍ സംവിധാനങ്ങളോ ഇല്ലാത്ത കാലത്താണ് ‘സ്വയംവരം’ ഉണ്ടാകുന്നത്. ആദ്യഘട്ടത്തില്‍ വളരെചെറിയ ആസ്വാദകസമൂഹം മാത്രമാണ് ‘സ്വയംവര’ത്തെ സ്വീകരിച്ചത്. മുഖ്യധാരാസിനിമയുടെ അധീശത്വവും അതിനുകാരണമായി. സിനിമ ആസ്വദിച്ച് ചിരിക്കാനും കരയാനും മാത്രമുള്ളതാണെന്ന് കരുതിവശായിരുന്നവരുടെ മുന്നിലേക്ക്, ഇതാ വേറിട്ടൊരു ചലച്ചിത്രം എന്ന മേമ്പൊടിയോടെ സ്വയംവരമെത്തി. വിദേശ ചലച്ചിത്രമേളകളില്‍ അംഗീകരിക്കപ്പെടുകയും രാജ്യാന്തരമാധ്യമങ്ങള്‍ വാഴ്‌ത്തിയ വാര്‍ത്തകള്‍ കേരളത്തിലെത്തുകയും ദേശീയതലത്തില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തപ്പോഴാണ് സ്വയംവരത്തെ സ്വീകരിക്കാന്‍ ഭൂരിപക്ഷാസ്വാദകര്‍ തയ്യാറായത്.
ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങിയ അടൂര്‍ചിത്രമാണ് ‘മുഖാമുഖം’. കമ്മ്യൂണിസ്റ്റ് വിരുദ്ധസിനിമ എന്നനിലയിലായിരുന്നു വിമര്‍ശനം. അന്നത്തെ രാഷ്‌ട്രീയാന്തരീക്ഷത്തിലെടുത്ത ചിത്രം തന്നെയായിരുന്നു ‘മുഖാമുഖം’. കമ്മ്യൂണിസ്റ്റുകാരന്റെ ആദര്‍ശചോര്‍ച്ചയും അധികാരത്തിലെത്തുമ്പോള്‍ എല്ലാറ്റിനോടും സമരസപ്പെടുന്ന ശൈലിയെയുമാണ് ചിത്രം വിമര്‍ശിച്ചത്. അധികാരത്തിലെത്തിയപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആദര്‍ശധീരരെയും ത്യാഗികളെയും വേണ്ടാതാകുന്നു. ആശയങ്ങളുടെ ആദര്‍ശലോകവും പ്രായോഗികതലത്തില്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന വൈരുദ്ധ്യവുമാണ് മുഖാമുഖത്തില്‍ അടൂര്‍ പറഞ്ഞുവച്ചത്. എല്ലാക്കാലത്തും പ്രസക്തമായ വിമര്‍ശനമാണ് മുഖാമുഖത്തിലൂടെ അടൂര്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ നടത്തിയത്. എന്നാല്‍ അതു സിനിമയിലൂടെയല്ലാതെ സ്വന്തം ശബ്ദത്തില്‍ തുറന്നുപറയാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായില്ല.
കേരളത്തിന്റെ സാമൂഹികമാറ്റങ്ങളുടെ ചരിത്രപരമായ പശ്ചാത്തലത്തിലാണ് എലിപ്പത്തായവും മുഖാമുഖവും മതിലുകളും ഒരുക്കിയത്. ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ തകര്‍ച്ചയാണ് എലിപ്പത്തായത്തിന്റെ പ്രമേയം. വൈക്കംമുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കിയെടുത്ത മതിലുകളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും അപചയവും വിഷയമാക്കി.
അടൂരിന്റെ ചലച്ചിത്രങ്ങള്‍ കടന്നെത്താത്ത ചലച്ചിത്രോത്സവങ്ങളില്ല. മലയാളത്തിനൊപ്പം ഭാരതത്തിനുവെളിയിലും അടൂരിന് ആസ്വാദക സമൂഹമുണ്ട്. ലോകപ്രശസ്ത ചലച്ചിത്രമേളകളില്‍ നിരവധിതവണ അടൂര്‍ റിട്രൊസ്പക്ടീവുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേരളമെന്ന ചെറിയദേശത്തു നിന്നുള്ള, മലയാളസിനിമയെ ലോകത്തിനു പരിചയപ്പെടുത്തുകയും തന്റെ നാട്ടില്‍ നിന്ന് നല്ല സിനിമകളുണ്ടാകുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു എന്നതാണ് എണ്‍പതു വര്‍ഷത്തെ ജീവിതത്തിലൂടെ, അരനൂറ്റാണ്ടുകാലത്തെ ചലച്ചിത്ര സപര്യയിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: