ടൊറന്റോ: വടക്കൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഉഷ്ണതരംഗത്തെത്തുടർന്ന് മരിച്ചവരുടെ എണ്ണം 486 ആയി. എല്ലാ വര്‍ഷവും താപനില ഉയരുന്ന ഈ ആറ് ദിവസങ്ങളില്‍ സാധാരണ നിലയില്‍ 165 പേര് വരെയാണ് മരിക്കാറുള്ളതെങ്കില്‍ ഇക്കുറി അത് മൂന്നിരട്ടിയായി വര്‍ധിച്ച് മരണസംഖ്യ 500 ലേക്ക് അടുക്കുകയാണ്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ അസാധാരണ, അപ്രതീക്ഷിത, അവിചാരിത മരണങ്ങളുടെ കാരണങ്ങള്‍ അന്വേഷിച്ച് തിട്ടപ്പെടുത്തുന്ന ബിസി കൊറോണേഴ്സ് സര്‍വ്വീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അത്യുഷ്ണത്തെത്തുടർന്നുണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ടുകൾ മൂലമാണ് മരണം സംഭവിക്കുന്നത്.
ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റണിൽ ചൊവ്വാഴ്ച എക്കാലത്തേയും ഉയര്‍ന്ന താപനിലയായ 49.6 ഡിഗ്രി സെൽഷസ് ആണ് രേഖപ്പെടുത്തിയത്. കാനഡയില്‍ താപനില ഇതുവരെ 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്താറില്ല. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് താപനില പുതിയ റെക്കോഡിട്ട് 49.5 ഡിഗ്രി സെല്‍ഷ്യസിന് (121 ഫാരന്‍ഹീറ്റ്) മുകളിലേക്കുയര്‍ന്നത്. കടുത്ത ചൂടിനെ തുടര്‍ന്ന് മഞ്ഞുമലകൾ ഉരുകി വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വാക്സിനേഷന് കേന്ദ്രങ്ങളും അടച്ചു.ജനങ്ങൾ വീടുവിട്ട് പുറത്തിറങ്ങരുതെന്നു ഭരണകൂടം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
പൊതുവെ വര്‍ഷം മുഴുവന്‍ തണുത്ത താപനില നിലനില്‍ക്കുന്ന കാനഡയില്‍ ആരും എസി ഉപയോഗിക്കാറില്ല. എന്നാല്‍ പൊടുന്നനെ ചൂടുയര്‍ന്നതിനാല്‍ ആരോഗ്യപ്രശ്നം പലരും അനുഭവിക്കുന്നുണ്ട്. ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ആളുകള്‍ സ്വിമ്മിംഗ് പൂളുകളിലേക്കും ഐസ്ക്രീം പാര്‍ലറുകളിലേക്കും എസിയുള്ള കെട്ടിടങ്ങളിലേക്കും കൂട്ടമായി എത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വടക്ക്-പടിഞ്ഞാറൻ അമേരിക്കയിലും അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നാണ് ഉഷ്ണതരംഗമുണ്ടാകുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. വടക്കൻ കാനഡയിലും യുഎസിലും അന്തരീക്ഷ താപനില ഉയരുന്നതു മൂലം കലിഫോർണിയ മുതൽ ആർക്ടിക് മേഖല വരെ ഉഷ്ണതരംഗമുണ്ടാവാൻ സാധ്യതയുണ്ട്.
മുൻ അനുഭവമില്ലാത്ത അത്യുഷ്ണത്തിലൂടെയാണ് ബ്രിട്ടീഷ് കൊളംബിയ കടന്നു പോകുന്നതെന്നു പ്രവിശ്യാ പ്രധാനമന്ത്രി ജോൺ ഹൊർഗൻ പറഞ്ഞു. അത്യുഷ്ണം മൂലം നിരവധി മരണങ്ങളാണ് സംഭവിക്കുന്നതെന്നും കൃത്യമായ മരണസംഖ്യ അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച യുഎസിലെ ഒറിഗോൺ സംസ്ഥാനത്തെ പോർട്ലാൻഡിൽ 46.1 ഡിഗ്രി സെൽഷസും വാഷിംഗ്ടണിലെ സീറ്റിൽ 42.2 ഡിഗ്രി സെൽഷസുമാണു താപനില രേഖപ്പെടുത്തിയത്. വാഷിംഗ്ടണിലും ഒറിഗോണിലും അത്യുഷ്ണത്തെത്തുടർന്ന് നിരവധിപ്പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.യുഎസ് പ്രസിഡന്റ് ജോ ബൈഡന് ബുധനാഴ്ച പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. 20 കൊല്ലത്തിനിടയിലെ ഏറ്റവും കടുത്ത വരള്‍ച്ചയിലൂടെയാണ് മേഖല കടന്നുപോകുന്നത്. കാലിഫോര്‍ണിയ, നെവാദ, വാഷിംഗ്ടണ്‍ സംസ്ഥാനങ്ങളില്‍ കാട്ടുതീയും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നു. വാഷിംഗ്ടണ്‍, ഓറിഗോണ്‍ സംസ്ഥാനങ്ങളില്‍ ചൂടുമൂലം വിണ്ടുപൊട്ടി റോഡുകള്‍ തകരുന്നതിനാല്‍ വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്ന് അധികാരികള്‍ ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: