മുംബൈ: മഹാ വികാസ് അഘാടി(എംവിഎ) സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് അടുത്തിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ചര്‍ച്ചയെ ചുറ്റിപ്പറ്റി കൂടുതല്‍ വ്യാഖ്യാനങ്ങളുടെ ആവശ്യമില്ലെന്ന സൂചനയും അദ്ദേഹം നല്കി. ‘രാഷ്ട്രീയം ചര്‍ച്ചയായില്ല. ചില തീരുമാനങ്ങള്‍ വേഗം കൈക്കൊള്ളേണ്ടതുണ്ടെന്നായിരുന്നു ഞങ്ങളുടെ കാഴ്ച്ചപ്പാട്. സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ വേഗത എങ്ങനെ വര്‍ധിപ്പിക്കാമെന്ന് ചിന്തിക്കുന്നതിനാണ് ഞാന്‍ മുഖ്യമന്ത്രിയെ കണ്ടത്. അവിടെ രാഷ്ട്രീയചര്‍ച്ച ഉണ്ടായില്ല’- പവാര്‍ പറഞ്ഞു.
മഹാ വികാസ് അഘാടി സഖ്യത്തിന്റെ ഭാഗമാണ് എന്‍സിപി. രണ്ടുദിവസം മുന്‍പാണ് പവാര്‍ താക്കറെയെ സന്ദര്‍ശിച്ചത്. സഖ്യത്തിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് രാഷ്ട്രീയ വൃത്തങ്ങളിലുള്ള അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു കൂടിക്കാഴ്ച. മൂന്ന് വ്യത്യസ്ത ആശയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടികളുടെ സഖ്യത്തില്‍ കോണ്‍ഗ്രസ് മറ്റൊരു കക്ഷിയാണ്. ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനായി എന്‍സിപിക്ക് മുകളിലുള്ള സമ്മര്ദത്തെപ്പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ പവാര്‍ തയ്യാറായില്ല.
ചോദ്യം പ്രസക്തമല്ലെന്ന് 80-കാരനായ മുന്‍ കേന്ദ്രകൃഷിമന്ത്രി മറുപടി നല്കി. കൊല്‍ഹാപൂരിലെ ഡി വൈ പാട്ടില്‍ കാര്‍ഷിക സര്‍വകലാശാലയുടെ വെര്‍ച്വല്‍ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മുംബൈയിലാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: