ന്യൂഡല്‍ഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഉദിച്ചുയരുന്ന കരുത്തനായ ഇന്ത്യക്കാരന്റെ ആവിഷ്‌കാരമാണ് ഡിജിറ്റല്‍ ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യമാണ് ഡിജിറ്റല്‍ ഇന്ത്യ. ആത്മനിര്‍ഭര്‍ ഭാരതത്തിനാധാരം ഡിജിറ്റല്‍ ഇന്ത്യയാണ്.ഡിജിറ്റല്‍ മേഖലയിലെ കരുത്തരായ യുവാക്കള്‍ ഈ ദശകത്തെ ഇന്ത്യയുടെ ടെക്കേഡ് (Techade) ആക്കും’ഡിജിറ്റല്‍ ഇന്ത്യ’ക്കു തുടക്കം കുറിച്ചതിന്റെ ആറാം വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ ‘ഡിജിറ്റല്‍ ഇന്ത്യ’യുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.
പുത്തനാശയങ്ങളോടുള്ള അഭിനിവേശവും നൂതനാശയങ്ങള്‍ അതിവേഗം സ്വീകരിക്കാനുള്ള കഴിവും ഇന്ത്യ പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റും ജനങ്ങളും, സംവിധാനവും സൗകര്യങ്ങളും, പ്രശ്നങ്ങളും പരിഹാരങ്ങളും എന്നിവ തമ്മിലുള്ള അന്തരം കുറയ്‌ക്കുന്നതിലൂടെ ഡിജിറ്റല്‍ ഇന്ത്യ ദശലക്ഷക്കണക്കിന് ആളുകളെ, മഹാമാരിക്കാലത്ത് പ്രത്യേകിച്ചും, ഡിജിലോക്കര്‍ സഹായിച്ചു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ചികിത്സാ രേഖകള്‍, മറ്റ് പ്രധാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ രാജ്യമെമ്പാടും ഡിജിറ്റലായി ശേഖരിച്ചു. ഡ്രൈവിംഗ് ലൈസന്‍സ്, ജനന സര്‍ട്ടിഫിക്കറ്റ്, വൈദ്യുതി ബില്‍ അടയ്‌ക്കല്‍, കുടിവെള്ള ബില്‍ അടയ്‌ക്കല്‍, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ വേഗത കൈവരിച്ചതിനൊപ്പം സൗകര്യപ്രദമായി മാറുകയും ചെയ്തു. ഗ്രാമങ്ങളില്‍ ഇ കോമണ്‍ സര്‍വീസ് സെന്ററുകള്‍ (സിഎസ്സി) ഇതിനായി ജനങ്ങളെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയിലൂടെയാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പോലുള്ള സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമായത്.
ഡിജിറ്റല്‍ ഇന്ത്യ എത്തരത്തില്‍ ഗുണഭോക്താക്കളുടെ ജീവിതത്തെ മാറ്റിമറിച്ചു എന്നതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. സ്വനിധി പദ്ധതിയുടെ പ്രയോജനങ്ങളും സ്വാമിത്വ പദ്ധതിയിലൂടെ ഉടമസ്ഥാവകാശ സുരക്ഷയുടെ അഭാവം പരിഹരിക്കലും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗി നേരിട്ടെത്താതെ ചികിത്സ ലഭ്യമാക്കുന്ന ഇ-സഞ്ജീവനി പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ഫലപ്രദമായ ഒരു സംവിധാനത്തിനായി പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കൊറോണ കാലഘട്ടത്തില്‍ ഇന്ത്യയൊരുക്കിയ ഡിജിറ്റല്‍ പ്രതിവിധികള്‍ ലോകത്തെ ആകര്‍ഷിച്ചതായും ലോകമെമ്പാടും ഇന്ന് ചര്‍ച്ച ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സമ്പര്‍ക്കാന്വേഷണ മൊബൈല്‍ ആപ്ലിക്കേഷനുകളിലൊന്നായ ആരോഗ്യ സേതു കൊറോണ വ്യാപനം തടയുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്‌പ്പിനായുള്ള ഇന്ത്യയുടെ കോവിന്‍ ആപ്ലിക്കേഷനില്‍ പല രാജ്യങ്ങളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷന്‍ പ്രക്രിയയ്‌ക്കായി അത്തരമൊരു നിരീക്ഷണ സംവിധാനം ഉണ്ടായിരിക്കുന്നത് നമ്മുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ തെളിവാണ്.
ഏവര്‍ക്കും അവസരം, ഏവര്‍ക്കും സൗകര്യം, ഏവരുടെയും പങ്കാളിത്തം എന്നതാണ് ഡിജിറ്റല്‍ ഇന്ത്യകൊണ്ട് അര്‍ഥമാക്കുന്നത് എന്നു പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റ് സംവിധാനം എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്നതാണ് ഡിജിറ്റല്‍ ഇന്ത്യ കൊണ്ട് അര്‍ഥമാക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ എന്നാല്‍ സുതാര്യവും വിവേചനരഹിതവുമായ സംവിധാനവും അഴിമതിക്കെതിരായ കടന്നാക്രമണവുമാണ്. ഡിജിറ്റല്‍ ഇന്ത്യ എന്നാല്‍ സമയവും അധ്വാനവും പണവും ലാഭിക്കുക എന്നതാണ്. അതിവേഗ ലാഭം, മുഴുവന്‍ ലാഭം എന്നതാണ് ഡിജിറ്റല്‍ ഇന്ത്യ. ഡിജിറ്റല്‍ ഇന്ത്യ എന്നാല്‍ അല്‍പ്പം ഗവണ്‍മെന്റ്, പരമാവധി ഭരണനിര്‍വഹണം എന്നതാണ്.
കൊറോണ കാലത്ത് ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പയിന്‍ രാജ്യത്തെ സഹായിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം വികസിത രാജ്യങ്ങള്‍ക്ക് അവരുടെ പൗര•ാര്‍ക്ക് സഹായ ധനം എത്തിക്കാന്‍ കഴിയാത്ത ഒരു സമയത്ത്, ഇന്ത്യ ആയിരക്കണക്കിന് കോടി രൂപ നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ കര്‍ഷകരുടെ ജീവിതത്തില്‍ അഭൂതപൂര്‍വമായ മാറ്റം കൊണ്ടുവന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ കീഴില്‍ 1.35 ലക്ഷം കോടി രൂപ 10 കോടിയിലധികം കര്‍ഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിച്ചു. ഒരു രാജ്യം ഒരു എംഎസ്പി എന്നതിന്റെ പൊരുളും ഡിജിറ്റല്‍ ഇന്ത്യ തിരിച്ചറിഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ അളവിലും വേഗതയിലും വളരെയധികം ഊന്നല്‍ നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ടര ലക്ഷം പൊതു സേവന കേന്ദ്രങ്ങളിലൂടെ ഒറ്റപ്പെട്ടയിടങ്ങളില്‍ പോലും ഇന്റര്‍നെറ്റ് എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് നെറ്റ് പദ്ധതിക്കു കീഴില്‍ ഗ്രാമങ്ങളിലേക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം മിഷന്‍ മോഡില്‍ നടക്കുന്നു. പിഎം വാണിയിലൂടെ, മികച്ച സേവനങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായി ഗ്രാമീണ യുവാക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കുന്നു. രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ടാബ്ലെറ്റുകളും ഡിജിറ്റല്‍ ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഇലക്ട്രോണിക് കമ്പനികള്‍ക്ക് ഉല്‍പ്പാദനത്തോടനുബന്ധിച്ച് സബ്സിഡി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യയിലൂടെ, കഴിഞ്ഞ 6-7 വര്‍ഷങ്ങളിലായി ഏകദേശം 17 ലക്ഷം കോടി രൂപ വിവിധ പദ്ധതികള്‍ പ്രകാരം, ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു കൈമാറിയിട്ടുണ്ട്.
ഈ ദശകം, ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ കഴിവുകള്‍ വളരെയേറെ വികസിപ്പിക്കുമെന്നും ആഗോള ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ പങ്കു വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 5 ജി സാങ്കേതികവിദ്യ ലോകത്ത് വലിയ മാറ്റങ്ങള്‍ വരുത്തും; ഇന്ത്യയും അതിനുള്ള ഒരുക്കത്തിലാണ്. ഡിജിറ്റല്‍ ശാക്തീകരണത്തിലൂടെ യുവാക്കള്‍ നിങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ ദശകത്തെ ‘ഇന്ത്യയുടെ ടെക്കേയ്ഡ്’ ആക്കാന്‍ ഇവ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: