മൂലമറ്റം : സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവിൽ നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ ഉടമകളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ഉടമയായ അഭിജിത്ത് നായർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. സ്ഥാപനത്തിനെതിരെ ജീവനക്കാരും പോലീസിൽ പരാതി നൽകി.
തൊടുപുഴ ബ്രാഞ്ചിലെ ജീവനക്കാരാണ് തൊടുപുഴ എസ്എച്ച്ഒക്ക് പരാതി നൽകിയിരിക്കുന്നത്. മൂലമറ്റം, തൊടുപുഴ, വണ്ണപ്പുറം, ഈരാറ്റുപേട്ട, കടവന്ത്ര എന്നിവിടങ്ങളിലാണ് സ്ഥാപനത്തിന്റെ ശാഖകൾ പ്രവർത്തിച്ചിരുന്നത്. ഇതിൽ മൂലമറ്റത്തുനിന്നും ജീവനക്കാരുടെ അറിവിൽ 1.32 കോടി രൂപ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം കമ്പനി പ്രതിനിധികൾ ചില നിക്ഷേപകരിൽ നിന്നും നേരിട്ടും നിക്ഷേപം സ്വീകിരിച്ചിട്ടുള്ളതായി ഇവർ പറയുന്നു. നല്ലൊരു ജോലി സ്വപ്‌നം കണ്ട് ഇവിടെ ചേർന്നവരാണ് ഇവർ. എന്നാൽ വൻതുക പലിശയായി നൽകുന്ന സ്ഥാപനത്തെക്കുറിച്ച് ജീവനക്കാരെയും പെട്ടന്ന് വിശ്വാസിപ്പിക്കുവാൻ സാധിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരും ഇവിടെ പണം നിക്ഷേപിച്ചു. കൂടാതെ സ്ഥാപനത്തിൽ പണം നിക്ഷേപിക്കാൻ മടിച്ച പല നിക്ഷേപകർക്കും ജീവനക്കാരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ രേഖകൾ നൽകിയാണ് പണം സ്വരൂപിച്ചത്. ഇതാണ് പലർക്കും ഇപ്പോൾ ഇരുട്ടടിയായത്.പല ജീവനക്കാരും സ്വന്തം വ്യക്തി ബന്ധങ്ങൾ ഉപയോഗിച്ചാണ് സ്ഥാപനത്തിലേക്ക് നിക്ഷേപം കണ്ടെത്തിയത്.
ഉടമകൾ മുങ്ങിയതോടെ പണം നിക്ഷേപിച്ചവർ പണത്തിനായി ജീവനക്കാരെ സമീപിക്കുന്നുണ്ട്. നിക്ഷേപകർ കൊടുത്ത പരാതിയിൽ ജീവനക്കാരുടെ പേരാണ് സൂചിപ്പിച്ചിട്ടുള്ളത്. ഉടമയെ വിശ്വസിച്ച് സ്ഥാപനത്തിലേക്ക് പണം കണ്ടെത്തിയവർ എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: