തൃപ്പൂണിത്തുറ: ചോറ്റാനിക്കരയിലുള്ളവര്ക്ക് സീതയെന്നാല്‍ വാത്സല്യമാണ്. കുട്ടികുറുമ്പ് കാണിച്ചും സ്നേഹിച്ചും അവിടെയുള്ളവര്‍ക്ക് പ്രിയങ്കരിയായിരുന്നു സീത. 1966ല്‍ ചോറ്റാനിക്കരയമ്മയ്ക്ക് സ്വന്തമായ സീത, ആനപ്രേമികളുടെ സ്നേഹം പിടിച്ചെടുക്കാന്‍ അധികസമയം വേണ്ടി വന്നില്ല. ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെയാണ് സീത ചരിഞ്ഞത്.
മാധവന് എന്ന ആനപ്പാപ്പാന്റെ കീഴിലായിരുന്നു സീത വളര്‍ന്നത്. സന്തത സഹചാരിയായി മാധവന്റെ മകന് രവിയും ഉണ്ടായിരുന്നു. മാധവന് ദേവസ്വത്തില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ ഭക്ഷണം പോലും കഴിക്കാതെ ആണ് സീത അന്ന് പ്രതികരിച്ചത്. മാധവന് എന്ന പാപ്പാനെ തിരിച്ചു കൊണ്ടുവന്നപ്പോള്‍ മാത്രമാണ് സീത ജലപാനം കഴിച്ചത്. കുസൃതിയും കുറുമ്പും ഉണ്ടെങ്കിലും സീത ആരെയും ഉപദ്രവിച്ചിട്ടില്ല. ചോറ്റാനിക്കരകാര്ക്ക് മാത്രമല്ല ചോറ്റാനിക്കരയിലെത്തുന്ന ഓരോ ഭക്തര്‍ക്കും സീതയെന്നാല്‍ ജീവനാണ്.
ശീവേലി തിടമ്പേറ്റുന്ന സീതയെ കാണാന്‍ ഭക്തര്‍ കാത്തു നില്ക്കുമായിരുന്നു. ശീവേലി കഴിഞ്ഞ് തിരിച്ച് ആനക്കൊട്ടിലിലേക്ക് പോകുമ്പോള്‍ ക്ഷേത്രത്തിനു സമീപത്തുള്ള എല്ലാ കടകളിലും ചെന്ന് പങ്ക് ചോദിച്ചു മേടിക്കുന്ന പതിവും സീതക്കുണ്ടായിരുന്നു. കുഞ്ഞുങ്ങള്ക്കവള് കുട്ടി സീതയും മുതിര്‍ന്നവര്‍ക്ക് അവള് സീത അമ്മയുമായി.
സമൂഹത്തിലെ നാനാ തുറയിലെ വ്യക്തികള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ചോറ്റാനിക്കരയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. സീതയുടെ മരണത്തെ തുടര്‍ന്ന് ചോറ്റാനിക്കര ദേവീ ക്ഷേത്രം ഇന്നലെ രാവിലെ 10 മണിക്ക് ശേഷമാണ് തുറന്നത്. എംഎല്‍എ അനൂപ് ജേക്കബ് അടക്കമുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു. രാവിലെ 9. 30ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ. രഞ്ജിത്ത് നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി കോടനാട് റെയിഞ്ച് ഓഫീസില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: