ചാരുംമൂട്: എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് ചാരുംമൂട് മേഖലയില്‍ കൊളിളക്കം സൃഷ്ടിച്ച ഇര്‍ഷാദ് (23) വധക്കേസിലെ പ്രതി പ്രമോദി (30) നെ തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നും ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേക്ഷണ സംഘം ഇന്നലെ അറസ്റ്റു ചെയ്തു.
2013 ജൂണ്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമരക്കുളം പേരുര്‍കാരാഴ്മ ആശാരിമുക്കിനു സമീപത്തെ വാടക വീട്ടിലെ താമസക്കാരായിരുന്നു ഇരുവരും. ചാരുംമൂട്ടിലെ ഒരു വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്നു കൊല ചെയ്യപ്പെട്ട ഇര്‍ഷാദ്. ഇരുവരും മിക്കപ്പോഴും ഒന്നിച്ചു മദ്യപിക്കാറുണ്ടായിരുന്നതായും മദ്യപാനത്തിനിടയിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നും പ്രതി സമ്മതിച്ചു.
ഉറങ്ങി കിടന്ന ഇര്‍ഷാദിനെ വീടിനു വെളിയില്‍ സ്ഥാപിച്ചിരുന്ന അമ്മിക്കല്ല് ഇളക്കിയെടുത്ത് പ്രമോദ് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം ഇയാള്‍ ഒളിവില്‍പ്പോയി. സംഭവം നടന്നതിന്റെ മൂന്നാം നാള്‍ മുതല്‍ വാടക വീട്ടില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ട അയല്‍ക്കാരാണ് വിവരം നൂറനാട് പോലീസില്‍ അറിയിച്ചത്. ലോക്കല്‍ പോലീസ് രണ്ടു മാസത്തോളം പ്രതിക്കു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി കേസ് ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനു അന്വേഷണ ചുമതല കൈമാറി. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരുപ്പൂരില്‍ നിന്നും പിടികൂടാന്‍ കഴിഞ്ഞത്.
പ്രതി മൊബൈല്‍ ഉപയോഗിച്ചിരുന്നില്ല, ഇതാണ് അന്വേഷണം എട്ടു വര്‍ഷത്തോളം നീണ്ടു പോകാന്‍ കാരണം. ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തന്‍ കാണിയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പക്ടര്‍ കെ.ആര്‍ബിജു അജിമോന്‍, സിപിഒമാരായ ഷൈജു, പ്രജിത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.ഇന്നലെ രണ്ടു മണിയോടു കൂടി സംഭവം നടന്ന ചാരുംമൂട്ടിലെ വാടക വീട്ടിലും ജോലി ചെയ്ത സ്ഥാപനങ്ങളിലും പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. വിശദമായ തെളിവെടുപ്പിനു ശേഷം ഇയാളെ ആലപ്പുഴയിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: