കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം കടുപ്പിച്ച് കസ്റ്റംസ്. സ്വര്‍ണ്ണക്കടത്തില്‍ അര്ജുന് ആയങ്കിക്ക് മുഖ്യപങ്കുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കള്ളക്കടത്തിന്റെ ബുദ്ധികേന്ദ്രം ഇയാളാണ്. അതിനാല്‍ അര്‍ജുന്റെ ഉന്നത തല ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപകമാക്കാനാണ കസ്റ്റംസിന്റെ തീരുമാനം.
അര്ജുന് തന്റെ മൊബൈല്‍ ഉള്‍പ്പടെയുള്ള രേഖകളെല്ലാം നശിപ്പിച്ച ശേഷമാണ് കസ്റ്റംസിന് മുമ്പില്‍ ഹാജരായത്. ഇയാളുടെ ഫോണ്‍രേഖകളിലൂടെ അന്വേഷണം മുമ്പോട്ട് കൊണ്ട് കൊണ്ടുപോകാനാണ് ഇപ്പോള്‍ തീരുമാനം. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ നിര്‍ണായകമാവുക അര്‍ജുന്റെ ഫോണ്‍, വാട്സാപ്പ്, ടെലിഗ്രാം എന്നിവയിലെ രേഖകളാണ്. ഫോണ്‍ പുഴയില്‍ കളഞ്ഞുപോയെന്നാണ് കസ്റ്റംസിന് മൊഴിനല്കിയിരിക്കുന്നത്. ഇതോടെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കലാണ് കസ്റ്റംസിന് മുന്നിലുള്ള വഴി.
മൊബൈല്‍ ഫോണ്‍ സേവനദാതാക്കളില്‍നിന്ന് അര്‍ജുന്റെ കോള്‍ഡേറ്റ ശേഖരിക്കും. അര്‍ജുനുമായി നിരന്തരം ചാറ്റുകളിലേര്‍പ്പെട്ടിരുന്നവരുടെ വാട്സാപ്പ് ചാറ്റുകളും വോയ്സ് ക്ലിപ്പുകളും പരിശോധിക്കാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി അര്‍ജുന്റെ ഉന്നതതല ബന്ധം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹികമാധ്യമ ആപ്ലിക്കേഷനുകളുടെ കോര്‍പ്പറേറ്റ് ഓഫീസില്‍നിന്ന് അന്വേഷണ ഏജന്‍സിക്ക് ആവശ്യമെങ്കില്‍ ഇത്തരം തെളിവുകള്‍ ശേഖരിക്കാം. ഇതിന് കാലതാമസം നേരിടും. പകരം അര്‍ജുനുമായി ബന്ധമുള്ളവരുടെ വാട്സാപ്പ് ചാറ്റുകള്‍ പരിശോധിച്ച് അര്‍ജുന്റെ സന്ദേശങ്ങള്‍ ശേഖരിക്കാനാണ് കസ്റ്റംസ് തീരുമാനം.
അതേസമയം സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്നാണ് ആവര്‍ത്തിച്ച് ചോദ്യം ചെയ്യലില്‍ നിന്നും അര്ജുന് ഒഴിഞ്ഞുമാറുകയാണ്. സജേഷിനെയും കേസിലെ മറ്റ് പ്രതികളായ മുഹമ്മദ് ഷെഫീഖ് എ്ന്നിവരെ ഒരുമിച്ചിരുത്തി അര്‍ജുനെ ചോദ്യം ചെയ്തെങ്കിലും അര്ജുന് ഒഴിഞ്ഞുമാറി. സ്വര്‍ണക്കടത്ത് അറിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അര്‍ജുനും. എന്നാല്‍ ഒന്നാം പ്രതി മുഹമ്മദ് ഷെഫീഖ് അര്‍ജുന്റെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണം എത്തിച്ചതെന്ന മൊഴി ആവര്‍ത്തിച്ചു. ദുബായില്‍നിന്നു പുറപ്പെടുംമുമ്പും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയശേഷവും പലതവണ അര്ജുന് വിളിച്ചിരുന്നെന്നും ഷെഫീഖ് മൊഴിനല്‍കി.
ചോദ്യം ചെയ്യലിനായി കൊ്ച്ചി ഓഫീസിലേക്ക് വിളിപ്പിച്ച സജേഷിനെ രാത്രി ഏഴുമണിയോടെ കസ്റ്റംസ് വിട്ടയച്ചു. വീണ്ടും വിളിപ്പിക്കുമെന്നാണു സൂചന. അര്‍ജുനുമായി സുഹൃദ്ബന്ധം മാത്രമേയുള്ളൂവെന്നും സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ലെന്നുമാണ് സജേഷിന്റെ മൊഴി നല്‍കിയിരിക്കുന്നത്. സജേഷ് കാര്യമായൊന്നും വിട്ടുപറഞ്ഞിട്ടില്ല.
അതിനിടെ ആകാശ് തില്ലങ്കേരിയുമായി ഫേസ്ബുക്ക് പരിചയം മാത്രമേയുള്ളെന്നും സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ നടത്തിയിട്ടില്ല എന്നും ടിപി കേസില്‍ ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് ഷാഫി വെളിപ്പെടുത്തി. ആകാശുമായി ഫേസ്ബുക്ക് ബന്ധം മാത്രമാണ് ഉള്ളതെന്നും തന്റെ കല്ല്യാണത്തിനും ആകാശ് വന്നിരുന്നെന്നും ഷാഫി സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: