ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ഭീകരാക്രമണത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. സംഭവത്തില്‍ എന്‍എസ്ജിയുടെ പ്രത്യേക ബോംബ് സ്ക്വാഡിന്റേയും പോലീസിന്റെയും വ്യോമസേനയുടെയും അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ലെങ്കിലും ഇതൊരു മുന്നറിയിപ്പായിട്ടാണ് സുരക്ഷാ ഏജന്‍സികള്‍ കണക്കുക്കൂട്ടുന്നത്.
ഗൂഗില്‍ മാപ്പ് വഴി പ്രദേശങ്ങള്‍ മനസ്സിലാക്കിയാണ് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഡ്രോണ്‍ നിയന്ത്രിച്ചിരുന്നത്. പ്രാദേശികമായി ഭീകരര്‍ക്ക് സഹായം ലഭിച്ചിരുന്നുവോയെന്നും അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തിനായി ആര്‍ഡിഎക്സ് ഉപയോഗിച്ചിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. ദല്‍ഹി പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡും അന്വേഷണം നടത്തുന്നുണ്ട്. രാജ്യതലസ്ഥാനത്ത് സുരക്ഷ ഒരുക്കിയുള്ള പരിചയവും അന്വേഷണത്തിന് ദല്‍ഹി പോലീസിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ.
ഇതിനിടയില്‍ സംശയകരമായ സാഹചര്യത്തില്‍ ജമ്മുവിലെ കലുചുക് സൈനിക താവളത്തിന് സമീപം രണ്ട് ഡ്രോണുകള്‍ കണ്ടെത്തി. നാലു തവണയെങ്കിലും ഡ്രോണുകള്‍ കണ്ടെത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് ജമ്മു കശ്മീരിലെങ്ങും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: