മൂലമറ്റം: സ്വകാര്യ വ്യക്തികള്‍ നടത്തിയിരുന്ന ധനകാര്യ സ്ഥാപനം ലക്ഷങ്ങള്‍ തട്ടിച്ചുവെന്ന പരാതിയില്‍ സ്ഥാപന ഉടമയെ കണ്ടെത്താനായില്ല. മൂലമറ്റം സ്വദേശി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാഞ്ഞാര്‍ പോലീസ് കേസ് എടുത്തത്.
ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ അഭിജിത് എസ്.നായരും, വണ്ണപ്പുറം സ്വദേശി സുമീഷ് ഷാജി എന്നിവര്‍ ഡയറക്ടര്മാരുമായിട്ടാണ് ക്രിസ്റ്റല്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. വിലകൂടിയ കാറുകളില്‍ ആയിരുന്നു ഇവരുടെ സഞ്ചാരം. കൂടാതെ വനിതകളെ ജീവനക്കാരായി നിയമിച്ചും തട്ടിപ്പിന് വേദിയൊരുക്കി. മൂലമറ്റത്ത് സ്വര്‍ണ്ണ കട ആരംഭിക്കുമെന്ന് പ്രചരിപ്പിക്കുകയും സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് കൂപ്പണ്‍ നല്‍കുമെന്നും അതിലെ നറുക്കെടുപ്പ് വിജയികള്‍ക്ക് നല്കാന് സ്ഥാപനത്തിന് മുന്നില്‍ ബൈക്കും പ്രദര്‍ശിപ്പിച്ചിരുന്നു. സ്ഥാപനത്തിനെതിരെ പരാതി ഉയര്‍ന്നതോടെ ബൈക്കും അപ്രത്യ ക്ഷമായിട്ടുണ്ട്.
മൂലമറ്റത്ത് വനിതകളായ ജീവനക്കാര്‍ വഴി പലരുടെ പക്കല്‍ നിന്നുമായി രണ്ടുകോടിയോളം രൂപ സമാഹരിച്ചതായാണ് അറിവ്. മൂലമറ്റത്ത് ഒരുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ക്രിസ്റ്റല്‍ ഗ്രൂപ്പ്. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് പണം തട്ടിപ്പു നടത്തിയതെന്നാണ് വിവരം. സ്ഥാപനം അടച്ചുപൂട്ടുന്നതിന് മുന്‍പ് ഇവിടെ നിന്ന് രേഖകളും ഉപകരണങ്ങളും നീക്കം ചെയ്തു. മൂലമറ്റത്തിന് പുറമെ തൊടുപുഴ അമ്പലം ബൈപ്പാസിലെ പെട്രോള്‍ പമ്പിന് സമീപവും വണ്ണപ്പുറത്തും ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു.
പുറമെ ക്രിസ്റ്റല്‍ ഗ്രൂപ്പ് സി മാര്‍ട്ട് എന്നപേരില്‍ ഓണ്‍ലൈന്‍ ഡെലിവറി സേവനം ആരംഭിക്കുന്നതിനും പരസ്യം നല്‍കിയിരുന്നു. നിക്ഷേപങ്ങള്‍ക്ക് ഒരുലക്ഷം രൂപയ്ക്ക് മാസം 7000 മുതല്‍ 8000 രൂപവരെയാണ് പലിശ വാഗ്ദാനം നല്കിയിയാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. അഭിജിത് വി. നായരുടെ വണ്ണപ്പുറത്തെ വീട്ടില്‍ അന്വേഷിച്ചെത്തിയെങ്കിലും പൂട്ടിക്കിടക്കുകയാണ്. ഇവിടെ നിന്നും ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ മാറ്റിയിട്ടുണ്ട്.
അഭിജിത് നായര്‍ നിക്ഷേപകര്‍ക്ക് പലിശ നല്‍കാതായതോടെയാണ് നിക്ഷേപകരില്‍ സംശയം ജനിക്കുന്നത്. മെയ് 31ന് നല്‍കേണ്ട പലിശ ജൂണ്‍ 9നും പിന്നീട് ജൂണ്‍ 16ന് നല്‍കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. പലിശ അക്കൗണ്ടില്‍ നല്‍കാമെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് നമ്പര്‍ വാങ്ങിയെങ്കിലും 27 ആയിട്ടും പലിശ പോലും കിട്ടാതായതോടെ പരാതി നല്‍കുകയായിരുന്നു. ജീവനക്കാരായ സജിത്തും ജയകൃഷ്ണനും കമ്പനിയുടമയെ കാണാനില്ലെന്ന് കാണിച്ച് തൊടുപുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജീവനക്കാരേയും വഞ്ചിച്ചാണ് സ്ഥാപന ഉടമകള്‍ മുങ്ങിയിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. 30ല്‍ അധികം ജീവനക്കാര്‍ വിവിധ സ്ഥാപനങ്ങളിലായി ഉണ്ടായിരുന്നു. അതേ സമയം കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: