തൊടുപുഴ: കണ്ടവരും കേട്ടവരും ആശ്വാസം കൊണ്ടത് അപകടത്തില്‍ ആരും പെട്ടില്ല എന്നോര്‍ത്ത്. ജ്യോതി സൂപ്പര്‍ ബസാറിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന കെ.പി. വര്‍ക്കി ജുവലറിയുടെ മുഖ വാരം തിങ്കളാഴ്ച രാത്രി 7.30 ന് തകര്‍ന്ന് വീണപ്പോള്‍ കടയുടെ സമീപം ആരും ഇല്ലായിരുന്നു എന്ന വാര്‍ത്ത ഏറെ അവിശ്വാസത്തോടെയാണ് ആ പ്രദേശത്തെക്കുറിച്ച് അറിയാവുന്നവര്‍ കേട്ടത്.
കാരണം സംഭവസ്ഥലത്ത് ആളൊഴിഞ്ഞ നേരം ഇല്ലായെന്നതാണ് വാര്‍ത്ത വിശ്വസിക്കാതിരിക്കാന്‍ കാരണം. ദൈവത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത് എന്ന് വിശ്വക്കുന്നവരാണ് അധികവും. ജൂവലറിയുടെ ഉടമ ജോസും ജീവനക്കാരും കടയില്‍ നിന്നും പോയി 10 മിനിട്ട് കഴിഞ്ഞപ്പോള്‍ ആണ് അപകടം.
കടയിലെ സ്വര്‍ണ പണിക്കാരന് ഷാജി വേലായുധന് 5 മിനിട്ട് മുമ്പാണ് അവിടെ നിന്നും പോയത്. അപകടം അല്പം കൂടി കഴിഞ്ഞായിരുന്നെങ്കില്‍ സ്ഥിരമായി ജുവലറിയുടെ വരാന്തയില്‍ കിടന്നുറങ്ങുന്നവര്‍ അവിടെ എത്തുമായിരുന്നു. ആരും ഇല്ലാതിരുന്ന കൃത്യമായ ഇടവേളയില്‍ അപകടം ഉണ്ടായത് ദൈവസാന്നിധ്യം ഒന്ന് കൊണ്ട് മാത്രമാണെന്ന് സമീപവാസികള്‍ പറഞ്ഞു.
തകര്‍ന്ന കാറിന്റെ ഉടമയും കാര്‍ അവിടെ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി അവിടെ നിന്നും മാറിയ ഉടനെയാണ് അപകടം സംഭവിച്ചത്. ഇതും അത്ഭുതത്തോടെയാണ് സമീപത്തെ വ്യാപാരികള്‍ കണ്ടത്. ആരും ഇല്ലാതിരുന്ന സമയത്ത് മുഖവാരം തകര്‍ന്നതിലൂടെ നാടിനെ നടുക്കുമായിരുന്ന വലിയൊരു ദുരന്തമാണ് വഴിമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: