ഇടുക്കി: അടിമാലി മരം കൊള്ളക്കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഏറെ സമ്മര്‍ദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമൊടുവിലെ സ്ഥലം മാറ്റം ഉദ്യോഗസ്ഥന് കൂടുതല്‍ സൗകര്യമായെന്ന് ആക്ഷേപം. അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോജി ജോണിനെ കോട്ടയം ഡിവിഷനിലെ പൊന്‍കുന്നം സോഷ്യല്‍ ഫോറസ്റ്ററി റേഞ്ച് ഓഫീസറായാണ് മാറ്റിയത്. ഇവിടെ ചുമതലയുണ്ടായിരുന്ന കെ.വി. രതീഷാണ് അടിമാലിയിലെ പുതിയ റേഞ്ച് ഓഫീസര്‍.
നേര്യമംഗം റേഞ്ചിന്റെ ചുമതലയുണ്ടായിരുന്ന ഹരി എസിനെ ചാലക്കുടി ഡിവിഷനിലെ പാലപ്പള്ളി റേഞ്ച് ഓഫീസറായും അവിടെ നിന്ന് ഉദയന്‍ കെ.ടിയെ ഇങ്ങോട്ടും സ്ഥലം മാറ്റി. ഹരിയില്ലാത്തതിനാല്‍ ജോജി ജോണിനായിരിന്നു നേര്യമംഗലം റേഞ്ചിന്റെയും അധിക ചുമതല.
കടത്തിക്കൊണ്ട് പോയ തടി കുമളിയെ സ്വന്തം കെട്ടിടത്തില്‍ നിന്ന് തന്നെപിടികൂടി കേസെടുത്ത ഉദ്യോഗസ്ഥനെതിരെ തിങ്കളാഴ്ച വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എസിഎഫിനാണ് ഡിഎഫ്ഒ ഇതിന്റെ ചുമതല കൈമാറിയത്. മങ്കുവയിലെ സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയില്‍ നിന്ന് പാസുണ്ടെന്ന പേരിലാണ് 20 ലക്ഷത്തോളം വിലവരുന്ന കൂറ്റന്‍ തേക്ക് കടത്തിയത്. ഈ കേസില്‍ സ്ഥലം വീണ്ടും അളക്കാന്‍ ഇന്ന് ഉദ്യോഗസ്ഥരെത്തും. കഴിഞ്ഞമാസം ദേവികുളം താലൂക്കിലെ സര്‍വെയര്‍ എത്തി അളന്നെങ്കിലും കൂടുതല്‍ വ്യക്തത ലഭിക്കാനാണ് വീണ്ടും പരിശോധന. ഇതിന് ശേഷം ഉദ്യോഗസ്ഥനെതിരെ കേസെടുക്കുമെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്.
വിഷയത്തില്‍ പോലീസ് വിജിലന്‍സ് പോലുള്ള സംഘങ്ങള്‍ കേസിന്റെ അന്വേഷണം ഏറ്റെടുക്കണമെന്നാണ് ആവശ്യം ഇനിയും നടപ്പിലായിട്ടില്ല. ഇതിനിടയിലാണ് ഉദ്യോഗസ്ഥന് വീട്ടിലടക്കം പോയി വരാന്‍ കൂടുതല്‍ സൗകര്യമൊരുക്കി പൊന്‍കുന്നത്തിന് സ്ഥലമാറ്റിയത്. ഇതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ വനംകൊള്ളക്ക് കൂട്ട് നില്ക്കുന്ന മാഫിയയുണ്ടെന്ന ആരോപണവും ശക്തമാണ്. കോടികളുടെ വെട്ടിപ്പ് പുറത്ത് വരാതിരിക്കാന്‍ ഇടത് നേതാക്കളും ഇതിന് കൂട്ട് നില്‍ക്കുന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
ദേവികുളം റേഞ്ചിലെ കമ്പിലൈനില്‍ മറിഞ്ഞ് കിടന്ന കൂറ്റന്‍ വെള്ള അകില്, പൊന്മുടി തേക്ക് പ്ലാന്റേഷനില്‍ നിന്ന് അഞ്ച് തേക്ക് മരം കത്തിപ്പാറയിലെ പുറംമ്പോക്ക് ഭൂമിയില്‍ നിന്നതടക്കം മൂന്ന് ഇട്ടി മരവും മരംമുറി ഉത്തരവിന്റെ മറവില്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മുറിച്ച് വില്‍പ്പന നടത്തുകയും റിസോര്‍ട്ടിന്റെ നിര്‍മാണത്തിനായി കടത്തുകയും ചെയ്തെന്നാണ് പരാതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: