ന്യൂദല്‍ഹി: പ്രതിരോധ മേഖലയിലെ ‘ഭാവി വെല്ലുവിളികള്‍’ ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്(എന്‍എസ്എ) അജിത് ഡോവല്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആധുനിക ഉപകരണങ്ങളുമായി സൈനിക സന്നാഹം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചയും യോഗത്തില്‍ നടന്നു. ജമ്മുവിലെ വ്യോമതാവളത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരും എന്‍എസ്എയുമായി കൂടിക്കാഴ്ച നടത്തിയത്.
രാജ്യത്ത് പുതിയ സുരക്ഷാ ഭീഷണിക്കാണ് ഡ്രോണ്‍ ആക്രമണം വഴിവച്ചത്. വ്യോമസേന താവളത്തിലെ ഭീകരാക്രമണത്തിന് ശേഷം നിരവധി ഡ്രോണുകള്‍ ജമ്മുവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കലുചക്-രത്നുചക് സൈനിക കേന്ദ്രത്തിന് പുറത്ത് ഡ്രോണുകള്‍ കണ്ടതായി കഴിഞ്ഞദിവസം കരസേന അറിയിച്ചിരുന്നു. തുടര്‍ന്ന് ഇവയ്ക്കുനേരെ വെടിയുതിര്‍ത്ത് തുരത്തുകയായിരുന്നുവെന്ന് കരസേന പിആര്‍ഒ വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷാ സേനകളുടെ അതിജാഗ്രതയും പരിശോധനയും തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അതിര്‍ത്തിക്ക് അപ്പുറത്തുനിന്ന് ഡ്രോണുകള്‍വഴി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്തുന്നതിനെക്കുറിച്ച് നേരത്തേ തന്നെ സുരക്ഷാ സേനകള്‍ക്ക് വിവരമുണ്ട്. കുറഞ്ഞ വിലയില്‍ വാങ്ങാവുന്ന ഇത്തരം ഡ്രോണുകള്‍ ഉപയോഗിച്ച് സ്ഫോടക വസ്തുക്കള്‍ നിക്ഷേപിക്കുന്നതാണ് പുതിയ ഭീഷണിയായി മാറിയത്. ഡ്രോണ്‍ ആക്രമണങ്ങള്‍ മുന്നില്‍ക്കണ്ട് കാശ്മീരിലുടനീളമുള്ള സേനാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തി വരികയാണ് സുരക്ഷാ സേനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: