കൊല്ലം: പോലീസ് കൈക്കൊള്ളുന്ന നടപടികള്‍ പൊതുജനങ്ങളുടെ മേലുള്ള അതിക്രമമായി രൂപാന്തരം പ്രാപിക്കാതിരിക്കാന്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്.
പൊതുജനാരോഗ്യം മുന്‍നിര്‍ത്തി എല്ലാ പൗരന്മാരും നിയമം പാലിക്കേണ്ടതാണെങ്കിലും കൊവിഡ് നിയന്ത്രണം എന്ന പേരില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന മനുഷ്യാവകാശലംഘനങ്ങളില്‍ കമ്മീഷന് മൗനം പാലിക്കാന്‍ കഴിയില്ലെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാറായി വിരമിച്ച തഴവ സ്വദേശി, വൈ. അനില്‍കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന് അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്. തന്റെ കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഉടമയെ തിരക്കിയെത്തിയ കരുനാഗപ്പള്ളി എഎസ്ഐയും രണ്ടു പോലീസുകാരും അസഭ്യം പറഞ്ഞെന്ന പരാതിയിലാണ് കമ്മീഷന് ഉത്തരവ്.
കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണറില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. ഒരു ആള്‍ട്ടോ കാറില്‍ ലോക്ക്ഡൗണ്‍ സമയത്ത് ഒരാള്‍ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ചോദ്യം ചെയ്തത് കാരണമാണ് ഇത്തരമൊരു പരാതിയെന്ന് പോലീസ് അറിയിച്ചു. വിമുക്ത ഭടനായ പരാതിക്കാരനോട് എതിര്‍കക്ഷികളായ പോലീസുകാര്‍ മോശമായി പെരുമാറി എന്നുള്ളത് പൂര്‍ണ്ണമായും തെറ്റായ ആരോപണമാണെന്ന് കരുതാനാവില്ലെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. പോലീസുകാരില്‍ നിന്നും അളവില്‍ കവിഞ്ഞ സമ്മര്‍ദ്ദം താങ്ങാതെ വന്നപ്പോള്‍ പരാതിക്കാരന് സ്വാഭാവികമായും പ്രതികരിച്ചിരിക്കാമെന്നും കമ്മീഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: