കൊല്ലം : വിസ്മയ കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങി അന്വേഷണ സംഘം. കേസിലെ പ്രതി ഭര്‍ത്താവ് കിരണ്‍ കുമാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതിനായാണ് കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാനാണ് ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്കി കഴിഞ്ഞു.
90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ കിരണ്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഐജി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഉത്ര കേസിലും ഇത്തരത്തില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജ് ജാമ്യം ലഭിച്ച് പുറത്തിറങ്ങാതിരിക്കാനായി കുറ്റപത്രം 90 ദിവസത്തിനുള്ളില്‍ തന്നെ സമര്‍പ്പിക്കുകയായിരുന്നു. അതേസമയം വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നല്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയെങ്കിലും കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പോലീസ് ഇനിയും എത്തിയിട്ടില്ല.
നിലവില്‍ ജീവപര്യന്തം കഠിന തടവുശിക്ഷയെങ്കിലും കിരണ്‍കുമാറിന് ഉറപ്പിക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് പോലീസ് തീരുമാനം. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ കേസിന് നിയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍ വിസ്മയ ശുചി മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസിനോട് പ്രതിയായ കിരണ്‍ ആവര്‍ത്തിച്ചു. വിസ്മയയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തൂങ്ങിമരിച്ച ദിവസം താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. ഏറെ നേരം ഭാര്യ വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടൗവ്വലുമായി പെണ്‍കുട്ടി പോയത് കണ്ടോ എന്ന ചോദ്യത്തിനും കിരണ്‍ മറുപടി നല്‍കിയില്ല.
വിസ്മയയുടെ കുടുംബം പല കാര്യങ്ങളിലും തന്നോട് വിശ്വാസ വഞ്ചന കാട്ടി. അത് കാറിന്റെ കാര്യത്തില്‍ മാത്രമായിരുന്നില്ല. തന്റെ എതിര്‍പ്പ് അവഗണിച്ച് വിസ്മയ സ്വന്തം കുടുംബത്തോട് അടുപ്പം കാണിച്ചതില്‍ കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഇതാണ് പലപ്പോഴും മര്‍ദ്ദനത്തില്‍ കലാശിച്ചത്. വിസ്മയക്ക് സഹോദരന്റെ വിവാഹ സമയത്ത് സ്വര്‍ണം നല്‍കാത്തതും ഇതു കൊണ്ടായിരുന്നു. വിവാഹത്തില്‍ താനോ തന്റെ കുടുംബമോ പങ്കെടുത്തതുമില്ലെന്നും കിരണ്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. വിസ്മയ മരിച്ച ദിവസം ഇയാള്‍ മദ്യപിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മരണം നടന്ന വീട്ടില്‍ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കിരണിന്റെ ബന്ധുക്കളില്‍ ചിലര്‍ക്കെതിരെയും മൊഴി ലഭിച്ചിട്ടുണ്ടെങ്കിലും തല്ക്കാലം കിരണിന് പരമാവധി ശിക്ഷയുറപ്പിക്കുന്നതില്‍ ഊന്നല്‍ നല്‍കാനാണ് പൊലീസ് തീരുമാനം.
ഇതിനിടെ നടുറോഡില്‍ പട്ടാപ്പകല്‍ പോലും വിസ്മയക്ക് കിരണില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നതായി ചിറ്റുമല സ്വദേശിയായ ഹോം ഗാര്‍ഡും കുടുംബവും അന്വേഷണ സംഘത്തിന് മൊഴി നല്കി. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാള് വിസ്മയയുടെ വീട്ടില്‍ നിന്ന് പോരുവഴിയിലെ കിരണിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു മര്‍ദ്ദനം. അടിയേറ്റ വിസ്മയ കാറില്‍ നിന്ന് ഇറങ്ങിയോടി അഭയം പ്രാപിച്ചത് ഹോം ഗാര്‍ഡായ ആള്‍ഡ്രിന്റെ വീട്ടിലാണ്. ആളുകൂടിയതോടെ കിരണ്‍ കാര്‍ റോഡില്‍ ഉപേക്ഷിച്ച് വിസ്മയയെ കൂട്ടാതെ മറ്റൊരു വാഹനത്തില്‍ കടന്നു കളയുകയായിരുന്നു. കിരണിനെ ഈ സ്ഥലത്ത് എത്തിച്ചും തെളിവെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: